- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം പഠിക്കാൻ ലൈഫ് സർവകലാശാല! വിവാഹ ചടങ്ങ് നടന്നത് സിനിമാ സെറ്റുകളെ വെല്ലുന്ന വേദിയിൽ; ആൽബത്തിനായി മാത്രം ചെലവിട്ടത് 12 ലക്ഷം രൂപ; തട്ടിച്ചുണ്ടാക്കിയ കോടികൾ ആഡംബര ജീവിതത്തിന് തന്നെ; പ്രവീൺ റാണ തട്ടിപ്പ് പഠിച്ചത് സ്വന്തം യൂണിവേഴ്സിറ്റിയിൽ; വിദ്യാഭ്യാസ കച്ചവടത്തിൽ കുട്ടികളെ പറ്റിക്കാനുള്ള കുതന്ത്രം പൊളിയുമ്പോൾ
കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തി പൊലീസിന്റെ കൺമുന്നിലൂടെ രക്ഷപ്പെടൽ. പിന്നാലെ പ്രതിക്കായി നാടൊട്ടുക്ക് തെരച്ചിൽ. കോടികളുടെ തട്ടിപ്പ് നടത്തിയ പ്രവീൺ റാണ സർവകലാശാലയുടെ പേരിലും തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. 'ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി' എന്ന പേരിൽ പുതിയ സർവകലാശാല തുടങ്ങാൻ സർക്കാരിനെ സമീപിച്ചെന്നായിരുന്നു പ്രവീൺ റാണയുടെ അവകാശവാദം.
മറ്റൊരു മോൻസൺ മാവുങ്കലിനെ കണ്ടതിന്റെ ഞെട്ടലിലാണ് കേരളം വീണ്ടും. പുരാവസ്തു തട്ടിപ്പിലൂടെയാണ് മോൻസൺ മാവുങ്കൽ ഇരകളെ കണ്ടെത്തിയതെങ്കിൽ നിക്ഷേപ തട്ടിപ്പിലൂടെയാണ് പ്രവീൺ റാണ കേരളത്തിൽ നിന്നും 'അനായാസം സമ്പാദിച്ചത്'. സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ പേരിൽ നൂറുകോടിയിലേറെ രൂപയാണ് പ്രവീൺ റാണ തട്ടിയെടുത്തത്. ഒടുവിൽ പൊലീസിൽ പരാതികൾ എത്തിയതോടെ 'ലൈഫ് ഡോക്ടർ' എന്നറിയപ്പെടുന്ന പ്രവീൺ റാണ് പൊലീസിന്റെ കൺമുന്നിൽ നിന്നും അപ്രത്യക്ഷനായി. ഇയാളെ പിടികൂടാനായുള്ള പൊലീസിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ആരെയും അമ്പരപ്പിക്കുന്നരീതിയിലായിരുന്നു തൃശ്ശൂർ കുന്നത്തങ്ങാടി സ്വദേശിയായ കെ.പി.പ്രവീണിന്റെ വളർച്ച. എൻജിനീയറിങ് കോളേജിലെ പഠനത്തിന് ശേഷം ചെറിയ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന കെ.പി.പ്രവീൺ പിന്നീട് ഡോക്ടർ പ്രവീണായാണ് രംഗപ്രവേശം ചെയ്യുന്നത്. മൊബൈൽ ഷോപ്പ് നടത്തിയിരുന്ന പ്രവീൺ കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു.
ഇതിൽ വിജയം കണ്ടതോടെ പ്രവർത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും മാറ്റി. കർണാടകത്തിലും തമിഴ്നാട്ടിലും പബ്ബുകൾ തുടങ്ങിയ ഇയാൾ മദ്യക്കച്ചവടത്തിലും പിടിമുറുക്കി. എന്നാൽ തനിക്കെതിരേ അന്വേഷണഏജൻസികൾ നീങ്ങുന്നുവെന്ന് മനസിലായതോടെ പ്രവീൺ കേരളത്തിലേക്ക് മടങ്ങി. തുടർന്നാണ് സേഫ് ആൻഡ് സ്ട്രോങ് നിധി കമ്പനിയും കൺസൾട്ടൻസിയും ആരംഭിച്ച് മലയാളികളെ അനായാസം 'പറ്റിച്ച്' തന്റെ സാമ്രാജ്യം വളർത്തിയെടുത്തു.
ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം മൂവായിരം രൂപയിലേറെയാണ് പലിശയായി ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. കാലാവധി പൂർത്തിയായാൽ നിക്ഷേപത്തുക തിരികെ ലഭിക്കുമെന്നും വാക്കുനൽകിയിരുന്നു. സേഫ് ആൻഡ് സ്ട്രോങ് നിധി കമ്പനിയിൽ 12 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും സേഫ് ആൻഡ് സ്ട്രോങ് കൺസൾട്ടൻസിയിൽ പണം മുടക്കിയാൽ 40 ശതമാനം വരെ പലിശ ലഭിക്കുമെന്നായിരുന്നു പ്രവീൺ നൽകിയ ഉറപ്പ്. സ്ഥാപനത്തിന്റെ ഫ്രൊഞ്ചൈസി നൽകുകയാണെന്ന് പറഞ്ഞാണ് ഈ പണം മുഴുവൻ തട്ടിയത്. നിക്ഷേപകരുമായി ഫ്രാഞ്ചൈസി കരാറും ഒപ്പിട്ടിരുന്നു.
തൃശ്ശൂർ ആസ്ഥാനമായിട്ടായിരുന്നു സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ പ്രവർത്തനം. പാലക്കാട് ജില്ലയിലും സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുണ്ടായിരുന്നു. തുടക്കത്തിൽ നിക്ഷേപകർക്ക് കൃത്യമായി പലിശ നൽകി കമ്പനി നിക്ഷേപകരുടെ വിശ്വാസംനേടി. ഇതോടെ നേരത്തെ പണം നിക്ഷേപിച്ചവർ തന്നെ പുതിയ നിക്ഷേപകരെ കൊണ്ടുവന്നു. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വൻ സമ്മാനങ്ങളും നൽകി. വൻകിട റിസോർട്ടുകളിലും ഹോട്ടലുകളിലുമാണ് പ്രവീൺ റാണ തന്റെ കമ്പനിയുടെ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. സ്വയം ചാർത്തിയ 'ലൈഫ് ഡോക്ടർ' വിശേഷണവും തട്ടിക്കൂട്ട് അവാർഡുകളും തട്ടിപ്പിനായി ഉപയോഗിച്ചു.
സർവകലാശാല ആരംഭിക്കാനുള്ള അപേക്ഷ സർക്കാരിന് നൽകിയതായും ഇയാൾ നേരത്തെ അറിയിച്ചിരുന്നു. 'ജീവിതമെന്ന ചിട്ടയായ പ്രവർത്തനത്തിന് ലോകത്ത് ഒരു യൂണിവേഴ്സിറ്റി ഇല്ല. ആ അപര്യാപ്തത ഇവിടെ തീരുകയാണ്. യൂണിവേഴ്സിറ്റിക്കുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് നൽകി. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവർക്കും ഇക്കാര്യം മെയിൽ ചെയ്തു. ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി വളരെ അത്യാവശ്യമാണ്. ജീവിത വൈദ്യശാസ്ത്ര സർവകലാശാല എന്ന് ഇതിനെ വിളിക്കാം' - മാസങ്ങൾക്ക് മുമ്പ് പ്രവീൺ റാണ പത്രസമ്മേളനത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു.
സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ പേരിൽ തട്ടിയെടുത്ത കോടികൾ അത്യാഡംബരജീവിതം നയിക്കാനായാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞവർഷം ജനുവരിയിൽ സിനിമാസെറ്റുകളെ വെല്ലുന്നരീതിയിലുള്ള വേദിയിലാണ് പ്രവീണിന്റെ വിവാഹച്ചടങ്ങുകൾ നടന്നത്. മാത്രമല്ല, വിവാഹ ആൽബത്തിനായി മാത്രം 12 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ഈട്ടിത്തടിയിൽ തീർത്ത വിവാഹ ആൽബം കൈമാറുന്നതിന് പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. സിനിമാ താരങ്ങളെയും ഈ ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നു.
തൃശ്ശൂർ കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ പ്രവീൺ റാണയ്ക്കായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസം ഇയാളെ പിടികൂടാനായി പൊലീസ് സംഘം കൊച്ചിയിലെ ഫ്ളാറ്റിലെത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് പ്രവീൺ മുങ്ങുകയായിരുന്നു. അതേസമയം, പൊലീസിൽനിന്ന് പ്രതിക്ക് വിവരങ്ങൾ ചോരുന്നുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
വിരമിച്ച പൊലീസുകാർ ഉൾപ്പെടെയുള്ളവരെയാണ് പ്രവീൺ റാണ തന്റെ കമ്പനിയിൽ നിയമിച്ചിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് ബന്ധങ്ങളുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിക്ക് സേനയിൽനിന്ന് തന്നെ വിവരങ്ങൾ ചോരുന്നുവെന്ന സംശയവും വർധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ