- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് ഉടമകൾക്കെതിരേ ലുക്കൗട്ട് നോട്ടീസ്
പത്തനംതിട്ട: കോടികളുടെ നിക്ഷേപം സമാഹരിച്ച ശേഷം മുങ്ങിയ പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് ഉടമകൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെള്ളിയൂർ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണൻ നായർ, ഭാര്യ സിന്ധു ജി. നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവർക്കെതിരേയാണ് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തട്ടിപ്പിൽ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാർ ഒന്നര വർഷത്തോളമായി വിദേശത്താണ്. ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. ഇതിനിടെ മുൻകൂർ ജാമ്യം തേടി സിന്ധു ജി. നായർ ഹൈക്കോടതിയെ സമീപിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു. വിശ്വാസ വഞ്ചന, ചതി, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾക്ക് പുറമേ ബഡ്സ് ആക്ടും ചുമത്തിയ സാഹചര്യത്തിൽ ഇവരുടെ ബിനാമി സ്വത്തുക്കൾ കണ്ടെത്തുന്നതിനായി രജിസ്ട്രേഷൻ ഐജിക്ക് പൊലീസ് കത്തു നൽകി.
നാൽപ്പതോളം ബ്രാഞ്ചുകളിലെ രണ്ടായിരത്തോളം നിക്ഷേപകരിൽ നിന്നായി നൂറു കോടിയിലധികം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 300 മുതൽ 600 കോടി വരെയാണ് ഇവർ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു. പത്തനംതിട്ട ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷൻ പരിധികളിലായിട്ടാണ് നൂറോളം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്റെ ആസ്ഥാനമന്ദിരം ഉൾപ്പെടുന്ന കോയിപ്രം സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്-65.
ഗോപാലകൃഷ്ണൻ നായരും അനുജനും എൻഎസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ മുൻ പ്രസിഡന്റും കോയിപ്രം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ ഡി. അനിൽകുമാറും ചേർന്ന് പിആർഡി ചിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതിൽ ചിട്ടിക്കമ്പനി, പിആർഡി നിധി, പിആർഡി മിനി, പിആർഡി മിനി ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ പിആർഡി മിന, പിആർഡി നിധി എന്നിവയുമായി പിന്നീട് ഗോപാലകൃഷ്ണൻ നായർ സ്വന്തം നിലയിലേക്ക് മാറി. മകൻ ഗോവിന്ദനെയും ചേർത്ത് ജി ആൻഡ് ജി എന്ന പേരിൽ പുതിയമുഖം സ്വീകരിച്ചു. സ്വർണപണയം, ചിട്ടി, സ്ഥിരനിക്ഷേപം സ്വീകരിക്കൽ എന്നിങ്ങനെ പലതായി സ്ഥാപനം വികസിച്ചു.
ഇതിനിടെ അനുജൻ അനിൽകുമാറിന്റെ പിആർഡി ഫിനാൻസ് പൊട്ടി. ഇയാൾ കുടുംബസമേതം മുങ്ങി. 400 കോടിയോളം രൂപയുടെ തട്ടിപ്പാണ് അനിൽകുമാർ നടത്തിയത്. നിക്ഷേപകരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അനിൽകുമാറും കുടുംബവും 2022 ഒക്ടോബറിൽ അറസ്റ്റിലായി. ഒരു വർഷത്തോളം ജയിൽവാസം കഴിഞ്ഞ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. പിആർഡി പൊട്ടിയ സമയത്ത് ജി ആൻഡ് ജിയിലെ നിക്ഷേപകർ പണത്തിനായി ഗോപാലകൃഷ്ണനെ സമീപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ സ്ഥാപനം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാൻ ഇയാൾക്കായി. ഇതിന് പുറമേ ചില പുതിയ സംരംഭങ്ങൾ തുടങ്ങുന്നുവെന്ന് കാണിച്ച് നിക്ഷേപകരിൽ നിന്ന് കൂടുതൽ തുക സമാഹരിക്കുകയും ചെയ്തു.
ജനുവരി അവസാന ആഴ്ചയിലാണ് ഇവർ കുടുംബസമേതം മുങ്ങിയത്. ഡിസംബർ വരെ നിക്ഷേപകർക്ക് പലിശ നൽകിയിരുന്നു. ഇതിന് മുൻപുള്ള മാസങ്ങളിൽ നിക്ഷേപം കാലാവധി പൂർത്തിയായവർ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാർത്ത പരന്നു. ഇതോടെ നിക്ഷേപകർ തെള്ളിയൂരിലെ ആസ്ഥാനത്ത് വന്ന് പണം മടക്കി ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകൾ നിക്ഷേപകരുടെ യോഗം വിളിച്ചു.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നൽകാമെന്നും ജനുവരി 13 ന് ചേർന്ന യോഗത്തിൽ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനം വച്ച് നൂറുമാസം കൊണ്ട് മടക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകർ അംഗീകരിച്ചില്ല. തുടർന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നൽകാമെന്ന ധാരണയിൽ എത്തിച്ചേർന്നു. എന്നാൽ, ഒരാഴ്ചയ്ക്ക് ശേഷം ഉടമകൾ നാലു പേരും വീട്ടിൽ നിന്ന് മുങ്ങി. രണ്ടു ജോലിക്കാർ മാത്രം അവശേഷിച്ചു. ദിവസങ്ങൾക്ക് ശേഷം ഇവരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണൻ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമയ്ക്ക് വിറ്റ ശേഷമാണ് മുങ്ങിയിരിക്കുന്നത് എന്ന് നിക്ഷേപകർ പറയുന്നു.
16 ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. ദേശസാൽകൃത ബാങ്കിലെ നിക്ഷേപങ്ങൾ അടക്കം പിൻവലിച്ച ഇവിടെ കൊണ്ടിടാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത് ഈ പലിശ നിരക്കായിരുന്നു. ഡിസംബർ മാസം വരെ പലിശകൃത്യമായി കൊടുത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 50 ശാഖകളാണ് ജി ആൻഡ് ജി ഫിനാൻസിന് ഉണ്ടായിരുന്നു. കുറിയന്നൂരിലെ ഒരു ശാഖയിൽ മാത്രം പ്രതിമാസം പലിശയിനത്തിൽ കൊടുത്തിരുന്നത് 80 കോടിയോളം രൂപയായിരുന്നു.
പുല്ലാട്, മാലക്കര, കുളനട എന്നീ ശാഖകളിലും മറ്റുള്ളവയെ അപേക്ഷിച്ച് നിക്ഷേപം കൂടുതൽ ഉണ്ടായിരുന്നു. സ്ഥിര നിക്ഷേപത്തിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. പകരം, ക്യാഷ് റെസീപ്റ്റ് ആണ് നിക്ഷേപകരുടെ കൈവശം ഉള്ളത്. ഇതിൽ ഉടമകൾ നേരിട്ട് കൈപ്പറ്റിയ പണത്തിന് പേഴ്സൊണൽ എന്നും ബ്രാഞ്ചുകളിൽ നിക്ഷേപിച്ചാൽ അതിന്റെ പേരുമാണ് എഴുതിയിരുന്നത്. തങ്ങൾക്ക് കിട്ടിയത് സ്ഥിരനിക്ഷേപത്തിനുള്ള സർട്ടിഫിക്കറ്റാണെന്നാണ് നിക്ഷേപകർ മനസിലാക്കിയിരുന്നത്. എന്നാൽ ഇത് ക്യാഷ് റെസീപ്്റ്റ് ആണെന്ന് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴാണ് അറിയുന്നത്.