പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ തുമ്പില്ലാതെ വലഞ്ഞ് പൊലീസ്. അതിനിടെ അന്വേഷണം ഊർജിതമാക്കാൻ എസ് പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. വൻ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. മൈലപ്രയിൽ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോർജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉൾപ്പെടെയുള്ളവ വിൽക്കുന്ന കടയിലാണ് സംഭവം.

മോഷണത്തിനിടെ ഉണ്ടായ കൊലപാതകം എന്നാണ് നിഗമനം. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളിൽ ജോർജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കിടന്ന സ്വർണ്ണ മാലയും കാണാതായിട്ടുണ്ട്. പൊലീസ് പരിശോധനയിൽ കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് കാണാനില്ലെന്ന് തെളിഞ്ഞു. ഇതിൽ നിന്നാണ് ഗൂഢാലോചന വ്യക്തമാകുന്നത്. സ്വർണ്ണ മാല ലക്ഷ്യമിട്ടായിരുന്നു കൊലയെന്നാണ് സൂചനകൾ. പുനലൂർ മൂവാറ്റുപുഴ റോഡിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഞെട്ടലിലാണ് നാട്ടുകാർ. റോഡിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

മൈലപ്ര പോസ്റ്റ്ഓഫീസിനോട് ചേർന്ന രണ്ട് മുറി കടയുടെ പിന്നിൽ കൈകാലുകൾ പ്‌ളാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ഫോറൻസിക് സംഘം എത്തി പ്രാഥമിക പരിശോധന നടത്തി. ഉച്ച കഴിഞ്ഞ് രണ്ടിനും വൈകിട്ടും ആറിനും ഇടയിലാണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.

തിരക്കേറിയ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ളവർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നു. കാർഷിക വിളകളും കൃഷിക്കുള്ള ഉപകരണങ്ങളും വിൽക്കുന്ന കടയാണ് പുതുവൽ സ്റ്റോഴ്‌സ്. സംഭവ സ്ഥലത്ത് തന്നെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

ശബരിമല തീർത്ഥാടന കാലമായതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന കടുപ്പമേറിയതാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇതിൽ നിന്ന് വാഹനം കണ്ടെത്തി വേണം കൊലയാളികൾക്ക് വേണ്ടി തെരച്ചിൽ നടത്താൻ. ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തുമ്പോഴാണ് കൈകാലുകൾ ബന്ധിച്ചും വായിൽ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്.

കടയിലെ സാധനങ്ങൾ പുറത്തേക്ക് ഇറക്കി വച്ചിരിക്കുകയാണ്. കടയുടെ ഉൾവശത്ത് ധാരാളം സ്ഥലമുണ്ട്. പുറമേ നിന്ന് നോക്കിയാൽ കടയിൽ എന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയില്ല. മകൻ ഷാജി ജോർജ് മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ നിലവിലെ സെക്രട്ടറിയാണ്. ജോർജിന്റെ ഭാര്യ അന്നമ്മ. രണ്ട് ആൺമക്കളുണ്ട്. മൂത്തമകൻ സുരേഷ് ജോർജ് പ്രവാസിയാണ്. നിലവിൽ ഇദ്ദേഹം നാട്ടിലുണ്ട്. ഇവർക്കൊപ്പമായിരുന്നു ജോർജിന്റെ താമസം.