- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുർഗാ പൂജയ്ക്ക് മറ്റു ചിലർക്കൊപ്പം പോയത് പ്രകോപനമായി; പെൺകുട്ടിയെ 'കാമുകൻ' തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ബാഗിനുള്ളിലാക്കി വനമേഖലയിൽ തള്ളി; അത്ഭുതകരമായ രക്ഷപ്പെടൽ; 26കാരൻ അറസ്റ്റിൽ
ഗുവാഹാട്ടി: അസമിലെ കാച്ചാർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ 26കാരനായ പ്രതി അറസ്റ്റിൽ. കഴിഞ്ഞദിവസമാണ് അസം പൊലീസ് 26-കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് പ്രതി അറസ്റ്റിലായത്.
ബലാത്സംഗത്തിനിരയായ പെൺകുട്ടി തന്റെ കാമുകിയാണെന്നാണ് പ്രതിയുടെ അവകാശവാദം. ബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി, ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താൻ ശ്രമിക്കുകയും പെൺകുട്ടിയെ ബാഗിനുള്ളിലാക്കി വനമേഖലയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
മണിക്കൂറുകളോളം ബാഗിനുള്ളിൽ കുടുങ്ങിയ പെൺകുട്ടി പിന്നീട് ബാഗിനുള്ളിൽനിന്ന് സ്വയം പുറത്തിറങ്ങിയാണ് വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ വീട്ടിലെത്തിയ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.
ഒക്ടോബർ മൂന്നാം തീയതി ദുർഗ പൂജ ആഘോഷങ്ങൾക്കായാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്. എന്നാൽ അന്നേദിവസം തിരിച്ചെത്തിയില്ല. ഇതോടെ പിറ്റേദിവസം വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നാലാം തീയതി വൈകിട്ടോടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് പരിക്കേറ്റനിലയിൽ പെൺകുട്ടി വീട്ടിലെത്തിയത്.
മൂന്നാം തീയതി ദുർഗ പൂജ ആഘോഷങ്ങൾക്കായി പോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് വീട്ടുകാരുടെ പരാതി. മറ്റുചിലർക്കൊപ്പം കാമുകി ദുർഗ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയത് പ്രതിയെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് വീട്ടുകാർ പറയുന്നത്.
ഇതിനുശേഷം പെൺകുട്ടിയെ ഒരു ബാഗിലാക്കി വനത്തിൽ തള്ളുകയായിരുന്നു. എന്നാൽ ബാഗിൽനിന്ന് സ്വയം പുറത്തിറങ്ങിയ പെൺകുട്ടി, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി പിന്നീട് വീട്ടിലേക്ക് നടന്നുവരികയാണുണ്ടായതെന്നും കുടുംബം പറഞ്ഞു.
ന്യൂസ് ഡെസ്ക്