- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവുവിന്റെ പല നമ്പരുകളും മുക്കുപണ്ടമാണെന്ന് ഇരിങ്ങാലക്കുടയിലെ വ്യവസായി തിരിച്ചറിയാൻ വൈകി; ഫീനിക്സ് കപ്പിൾസിലെ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന നമ്പറിൽ വീണത് നിരവധി സമ്പന്നർ; ഇൻസ്റ്റാഗ്രാമിലെ 'ചതി' പുറത്തു പറഞ്ഞു നാണം കെടാൻ പലർക്കും മാനക്കേട്; ഗോകുൽ ദീപും ഭാര്യ ദേവുവും ശരത്തിന്റെ തുറുപ്പു ചീട്ട്
പാലക്കാട്: 'മിന്നുന്നതെല്ലാം പൊന്നല്ല'എന്ന് ഫീനിക്സ് കപ്പിൾസിലെ ഗോകുൽ ദീപും ഭാര്യ ദേവുവും റീൽസിൽ പറഞ്ഞത് പോലെയായി ആവരുടെ കാര്യങ്ങൾ. അതിനിടെ പാലക്കാട് യാക്കരയിൽ ഹണി ട്രാപ്പ് കേസിൽ പൊലീസ് തുടരന്വേഷണം നടത്തുകയാണ്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്.
കേസിൽ കാര്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും എട്ടു പേരെക്കൂടാതെ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പാലക്കാട് ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു. ദേവു പറയുന്നതെല്ലാം തനി തങ്കമാണെന്നാണ് വ്യവസായി വിചാരിച്ചത്. ദേവുവിന്റെ പല നമ്പരുകളും മുക്കുപണ്ടമാണെന്ന് ഇരിങ്ങാലക്കുടയിലെ വ്യവസായിയും തിരിച്ചറിയാൻ വൈകി. ഹരം കൊള്ളുന്ന വിഡിയോയും ചടുലമായ സംസാര ശൈലിയുമാണ് വ്യവസായിയെ വീഴ്ത്തിയത്.
ഭർത്താവ് വിദേശത്തായതിനാൽ ഭർതൃമാതാവിനെ തനിച്ചാക്കി പാലക്കാടുനിന്ന് മാറി നിൽക്കാനാവില്ലെന്ന് ദേവു വ്യവസായിയെ വിശ്വസിപ്പിച്ചു. വ്യവസായി ദേവുവിന്റെ സന്ദേശങ്ങളെ ഒരിക്കൽപ്പോലും അവിശ്വസിച്ചിരുന്നില്ല. സംസാരത്തിൽ ഭിന്നത തോന്നുന്ന സമയം അയയ്ക്കുന്ന റീൽസിന്റെ എണ്ണം കൂട്ടി പരിഹാര മാർഗം കണ്ടു. പാലാക്കാരൻ സിദ്ധുവാണ് ബുദ്ധി കേന്ദ്രമെങ്കിലും ഫീനിക്സ് കപ്പിൾസ് തന്നെയായിരുന്നു തട്ടിപ്പിന്റെ മുഖമുദ്ര.
ദമ്പതികൾ ഉൾപ്പെടെയുള്ള ആറു പേരെ സഹായിച്ചതിനാണ് ഇന്ദ്രജിത്തിനെയും റോഷിത്തിനെയും പിടികൂടിയത്. ഭീഷണിയിലൂടെ അരക്കോടിയോളം രൂപ നേടുകയായിരുന്നു ഹണി ട്രാപ്പ് സംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പിൽ കൂടുതലാളുകൾ കുരുങ്ങിയിട്ടുണ്ടെന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. എന്നാൽ ആരും രേഖാമൂലം പൊലീസിനെ സമീപിക്കാൻ തയാറാകുന്നില്ലെന്നതാണ് യാഥാർഥ്യം. തട്ടിപ്പിന് നേതൃത്വം നൽകിയ കണ്ണികളുടെ എണ്ണം കൂടുമെന്നാണ് പൊലീസ് നിരീക്ഷണം. അതിനാലാണ് അന്വേഷണം തുടരുന്നത്.
സമ്പന്നരായ വ്യവസായികളെ ലക്ഷ്യം വെച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് സംഘം പ്രവർത്തിക്കുക. പരിചയപ്പെട്ട ശേഷം ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളൂവെന്നും പറഞ്ഞ് സന്ദേശങ്ങൾ അയയ്ക്കും. യുവതി എന്ന വ്യാജേന ശരത്ത് ആദ്യം മെസേജ് അയയ്ക്കും. പിന്നീട് സ്ത്രീയാണെന്ന് വിശ്വസിപ്പിക്കാൻ ദേവുവിനെ ഉപയോഗിച്ച് ആളുകളെ കെണിയിൽ പെടുത്തും. സ്ത്രീ ശബ്ദമാണെന്ന് ഉറപ്പിക്കുന്നതോടെ ആളുകൾ വീഴും. പിന്നെ ചാറ്റുകളിലൂടെ തന്നെ അടുപ്പമുണ്ടാക്കി നേരിട്ട് കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കും. പാലക്കാടാണ് വീട് എന്നായിരുന്നു സംഘം വ്യവസായിയോട് പറഞ്ഞിരുന്നത്. ഇതിനായി ഇവർ യാക്കരയിൽ വാടകയ്ക്ക് വീട് എടുത്തു. യുവതിയുടെ വാക്ക് വിശ്വസിച്ച് കഴിഞ്ഞ ഞായറാഴ്ച വ്യവസായി പാലക്കാട് എത്തി. രാത്രിയോടെ ഇവർ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
വ്യവസായി വീട്ടിൽ എത്തിയതോടെ സംഘം സദാചാര പൊലീസ് ചമഞ്ഞ് ഇയാളെ പിടിച്ചുകെട്ടുകയായിരുന്നു. തുടർന്ന് നഗ്ന ചിത്രങ്ങൾ പകർത്തി കൈയിലുള്ള പണം തട്ടിയെടുത്തു. നാല് പവന്റെ സ്വർണമാല, കാർ, മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, ഓഫീസ് രേഖകൾ, കൈയിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ വ്യവസായി ഓടി രക്ഷപ്പെടുകയായിരുന്നു. നേരെ അടുത്തുള്ള സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഹണിട്രാപ് സംഘത്തെ പിടികൂടിയത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വ്യവസായിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ച് വരുതിയിലാക്കുകയാണ് ആദ്യം ചെയ്തത്. കോട്ടയം സ്വദേശി ശരത്താണ് സ്ത്രീയാണെന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചത്. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും തെറ്റിദ്ധരിപ്പിച്ചാണ് ചാറ്റിങ്. കാണാൻ താത്പര്യമുണ്ടെന്ന് പറഞ്ഞതോടെ ശരത് തട്ടിപ്പിനായി ദേവു, ഗോകുൽ ദീപ് ദമ്പതികളെ വാടകയ്ക്ക് എടുത്തു. സോഷ്യൽ മീഡിയയിൽ വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുൽ ദീപിനും അരലക്ഷത്തിലധികം ആരാധകരുണ്ട്.
പിന്നീട് ദേവൂ വ്യവസായിക്ക് ശബ്ദ സന്ദേശങ്ങളടക്കം അയച്ച് കൊടുക്കുകയായിരുന്നു. ശരത് ചാറ്റ് ചെയ്യുമ്പോൾ പാലക്കാടാണ് വീടെന്ന് വ്യവസായിയോട് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾതിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുത്തത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിൽ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനായിരുന്നു ശ്രമം. ഇയാളുടെ എ.ടി.എമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരയെ സംഘം പറയുന്ന സ്ഥലത്ത് എത്തിച്ചാൽ 40,000 രൂപയുടെ കമ്മിഷൻ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി.
മറുനാടന് മലയാളി ബ്യൂറോ