മലപ്പുറം: ദുബായിൽ നിന്നും ലഗേജിൽ പാഴ്‌സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുൻഭാഗത്തെ പെഡലിനുള്ളിൽ ചെറിയ അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമം. വെള്ളി നിറത്തിലേക്ക് മാറ്റി ചെറിയ ഗുളിക രൂപത്തിലുള്ള സ്വർണക്കട്ടികൾ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. കാരിയറായി വന്ന കാസർകോട് സ്വദേശിയും സ്വർണം വാങ്ങാനെത്തിയ രണ്ടുപേരും കരിപ്പൂർ പൊലീസിന്റെ പിടിയിൽ.

സ്വർണ്ണക്കട്ടികൾ മെർക്കുറിയിൽ കലർത്തിയാണ് വെള്ളി നിറത്തിലേക്ക് മാറ്റി ചെറിയ ഗുളിക രൂപത്തിലുള്ള കട്ടികളാക്കി മാറ്റിയത്. പ്രത്യക്ഷത്തിൽ സ്വർണമാണെന്ന് മനസ്സിലാകില്ലെങ്കിലും ചൂടാക്കിയപ്പോൾ അത് സ്വർണ്ണ നിറത്തിലേക്ക് മാറുകയായിരുന്നു. 832 ഗ്രാം ആണ് പിടിച്ചെടുത്ത സ്വർണത്തിന്റെ ആകെ ഭാരം. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ എഐ 938 വിമാനത്തിൽ യാത്രക്കാരനായ കാസർകോട് മേൽപറമ്പ് കളനാട് വീട്ടിൽ അബ്ദുൽ ബഷീറാണ്(36) ലഗേജിൽ സൈക്കിൾ പെഡലിനകത്തു സ്വർണക്കട്ടികൾ ഒളിച്ചുകൊണ്ടുവന്നത്.

ഇയാളിൽ നിന്നും സ്വർണം വാങ്ങാൻ പുറത്തുകാത്തുനിന്ന കാസർകോട് അരമങ്ങാനം അബ്ദുൽ മൻസിലിൽ അബ്ദുള്ള കുഞ്ഞി(30), കാസർകോട് കളനാട് ആയുങ്കൽ വീട്ടിൽ മുഹമ്മദ് ജഹ്ഫർ(27) എന്നിവരേയും കരിപ്പുർ പൊലീസ് പിടികൂടി. ഇവർ എത്തിയ കെ.എൽ.14, വൈ, 2375 ബലേനോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കരിപ്പൂർ എസ്‌ഐ.നാസർ പട്ടർകടവന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

അതേ സമയം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വർണ്ണക്കടത്ത് വൻതോതിൽ വർധിച്ചിരുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ തുടരെ തുടരെ സ്വർണക്കടത്തുകൾ കസ്റ്റംസ് പിടികൂടുകയും ചെയ്തിരുന്നു. അഞ്ച് മാസത്തിനിടെ 19 കോടിയോളം രൂപ വില വരുന്ന 50കിലോയോളം വരുന്ന സ്വർണ്ണമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയിരുന്നത്. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയുടെ ഭാഗമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പൊലീസ് സ്വർണം പിടികൂടാറുള്ളത്.

കസ്റ്റംസും പൊലീസും അറിയാതെ പോവുന്ന സ്വർണ്ണക്കടത്ത് ഇതിന്റെ പലയിരട്ടി വരും. സ്വർണം കടത്തുന്നവരെ വിമാനത്താവളത്തിൽ വച്ച് തന്നെ പിടികൂടാനായാലേ സ്വർണക്കടത്ത് കുറയ്ക്കാനാവൂ. അതിവിദഗ്ദ്ധമായാണ് സ്വർണം കടത്തുന്നതെന്നതിനാൽ ഇവ കണ്ടുപിടിക്കാൻ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും കസ്റ്റംസിന് ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കസ്റ്റംസിൽ ജീവനക്കാരുടെ കുറവുണ്ട്.ഫെബ്രുവരി മുതൽ ജൂൺ വരെ 43 കേസുകളിലായി 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികളിൽ ഏറെയുമെന്ന് പൊലീസ്. 25 വാഹനങ്ങളും പിടികൂടിയിരുന്നു.