- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലാശയത്തിൽ ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ചത് അര കോടി രൂപയിലധികം സ്വർണം; രഹസ്യവിവരം ലഭിച്ചു വന്ന പൊലീസ് ദേഹവും ലഗേജും പരിശോധിച്ചിട്ടും സ്വർണം കിട്ടിയില്ല; സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എക്സറെ എടുത്തപ്പോൾ വയറിനുള്ളിൽ സ്വർണം കണ്ടെത്തി; മലപ്പുറത്തെ 36കാരൻ പിടിയിൽ
മലപ്പുറം: മലാശയത്തിൽ ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച അര കോടി രൂപയിലധികം സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. ഒരു കിലോയിലധികം വരുന്ന സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് പൊളിച്ചത്. സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാറംങ്കോട് സ്വദേശി നൗഫൽ.പി (36) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിൽ 1.065 കി. ഗ്രാം സ്വർണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.
ഇന്നു രാവിലെ 10.15 ന് ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ (നമ്പർ 6 ഇ. 89) കാലികറ്റ് എയർപോർട്ടിലെത്തി നൗഫലിനെ, കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ നൗഫലിനുവേണ്ടി പൊലീസ് പുറത്ത് കാത്ത് നൽപുണ്ടായിരുന്നു. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ നൗഫൽ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. ഇതേത്തുടർന്ന് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.
നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 59-ാമത്തെ സ്വർണക്കടത്ത് കേസാണിത്.