- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചു; ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചു; മെറ്റൽ ഡിറ്റക്ടറിൽ തെളിഞ്ഞില്ല; സംശയം തോന്നി വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ചുരിദാർ പരിശോധിച്ചപ്പോൾ ഞെട്ടി; രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് സ്വർണ മിശ്രിതവുമായി സ്ത്രീ കരിപ്പൂരിൽ പിടിയിൽ; 50 ലക്ഷം വില വരുമെന്ന് കസ്റ്റംസ്
കോഴിക്കോട്: സ്വർണം കടത്താൻ പുതുവഴികളുമായി സ്വർണ്ണക്കടത്തു സംഘങ്ങൾ രംഗത്തുണ്ട്. വിമാനത്താവളം വഴി സ്വർണം കടത്തുന്നത് വ്യാപകമായിരിക്കയാണ്. കരിപ്പൂരിൽ ഇന്നലെ വ്യത്യസ്തമായ ഒരു സ്വർണ്ണക്കടത്ത് പിടികൂടി. വസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചു കടത്താൻ ശ്രമിച്ച സ്ത്രീയെ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സംശയം തോന്നി വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിച്ചപ്പോൾ ഞെട്ടി. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരുന്നത്.
ഇന്നലെയാണ് കസ്റ്റംസ് പരിശോധനയിൽ സ്ത്രീ പിടിയിലായത്. മെറ്റൽ ഡിറ്റക്ടറിൽ സ്വർണക്കടത്ത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ധരിച്ചിരുന്ന ചുരിദാർ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരുന്നത്. കത്തിക്കുമ്പോൾ സ്വർണം വേർതിരിച്ചെടുക്കാൻ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
ഏകദേശം രണ്ടു കിലോ 100 ഗ്രാം മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതിൽ സ്വർണം മാത്രം ഒരു കിലോയോളം വരും. ഏകദേശം 50ലക്ഷത്തിൽ താഴെ വില വരുമെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീക്കെതിരെ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസിനെ കബളിപ്പിച്ചതിന് കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്നലെ വിദേശമദ്യമായ ജോണി വാക്കർ ബ്ലാക്ക് ലേബലിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചപ്പോൾ ആളുകൾ പിടിയിലായിരുന്നു.
ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.23 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,762 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ചിരുന്നത്. ഓരോ പ്രാവശ്യവും സ്വർണം കടത്താനായി പുതുരീതികളാണ് അവലംബിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ സ്വർണ്ണ തോർത്തുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ തൃശ്ശൂർ സ്വദേശി ഫഹദ് ആണ് സ്വർണം കടത്താൻ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ തോർത്തുകൾ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കൂടുതൽ തോർത്തുകൾ കണ്ടെത്തുകയായിരുന്നു.
ഒക്ടോബർ ആദ്യ വാരത്തിൽ നാല് യാത്രക്കാരിൽ നിന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വർണം കടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ