കൊച്ചി: മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വർണം കടത്തുന്നത് പതിവ് പരിപാടിയായി മാറിയതോടെ ഇത്തരം സ്വർണ്ണക്കടത്ത് പിടികൂടുന്നതും വിമാനത്താവളങ്ങളിലെ നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തു സംഘങ്ങൾ പുതുവഴികൾ തേടുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് പിടികൂടിയതോടെ മറ്റ് പലവിധത്തിലുള്ള സ്വർണ്ണക്കടത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

വിദേശമദ്യമായ ജോണി വാക്കർ ബ്ലാക്ക് ലേബലിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് ബ്ലാക്ക് ലേബൽ ബോട്ടിൽ ഉപയോഗിച്ചുള്ള സ്വർണക്കടത്തുകൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.23 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,762 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ചിരുന്നത്. ഓരോ പ്രാവശ്യവും സ്വർണം കടത്താനായി പുതുരീതികളാണ് അവലംബിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ സ്വർണ്ണ തോർത്തുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ തൃശ്ശൂർ സ്വദേശി ഫഹദ് ആണ് സ്വർണം കടത്താൻ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വർണത്തിൽ തോർത്തുകൾ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കൂടുതൽ തോർത്തുകൾ കണ്ടെത്തുകയായിരുന്നു.

ഒക്ടോബർ ആദ്യ വാരത്തിൽ നാല് യാത്രക്കാരിൽ നിന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വർണം കടത്തിയത്. പൊടി രൂപത്തിൽ സ്വർണം കടത്തുന്നത് പുതിയ രീതിയാണ്. 200 ഗ്രാമാണ് ഇത്തരത്തിൽ പൊടി രൂപത്തിലാക്കി കടത്തിയത്. ഇതൊരു പരീക്ഷണമായിരുന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വർണം കടത്തുമ്പോൾ വിമാനത്താവളത്തിൽ പിടിക്കപ്പെടുമോയെന്ന് കണ്ടെത്താനാവും കുറഞ്ഞ അളവിൽ സ്വർണം പൊടിയാക്കി കടത്തിയതെന്നാണ് നിഗമനം. 400 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കിയും കടത്തിയിട്ടുണ്ട്.