- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദുമൂസവാല വധം: മുഖ്യസൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; യുഎപിഎ നിയമപ്രകാരം നടപടിയെടുത്തു കേന്ദ്രം; കാനഡയിൽ ഇരുന്ന് ഓപ്പറേഷൻ നടത്തുന്ന ബ്രാർ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രധാനി; സൽമാൻ ഖാനെതിരെയും വധഭീഷണി മുഴക്കിയ കുപ്രസിദ്ധൻ
ന്യൂഡൽഹി: പഞ്ചാബിലെ ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. യുഎപിഎ നിയമപ്രകാരമാണ് ഭീകരനായി പ്രഖ്യാപിച്ചത്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ പ്രധാനിയാണ് ബ്രാർ. സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇയാൾ രംഗത്തുവന്നിരുന്നു. 2022 മേയിലാണ് സിദ്ദു മൂസവാലയെ വെടിവച്ചു കൊന്നത്. പഞ്ചാബിലെ ഫരീദ്കോട്ട് സ്വദേശിയായ ബ്രാർ 2017ൽ കാനഡയിലേക്ക് കടന്നിരുന്നു. സതീന്ദർജിത് സിങ് എന്നാണ് ഗോൾഡി ബ്രാറിന്റെ യഥാർഥ പേര്.
കാനഡയിലെ ബ്രാംപ്ടനിലാണ് ഇപ്പോൾ ഗോൾഡി ബ്രാർ ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര അഡീഷനൽ സെക്രട്ടറി പ്രവീൻ വസിഷ്ഠ ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിൽ അറിയിച്ചു. ബാബർ ഖൽസയുമായി ചേർന്നാണ് ഗോൾഡി ബ്രാർ പ്രവർത്തിക്കുന്നതെന്നും ബാബർ ഖൽസ ഭീകര സംഘടനയാണെന്നും ഗസറ്റിൽ അറിയിച്ചു. നിരവധി കൊലപാതകങ്ങളിൽ ബ്രാറിന് ബന്ധുമുണ്ട്. നേതാക്കളെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നും ഗസറ്റിൽ പറയുന്നു.
2022 മെയ് മാസത്തിൽ പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് മൂസ് വാല വെടിയേറ്റ് മരിച്ചത്. പിന്നീട് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ ബ്രാർ ആണെന് പൊലീസ് കണ്ടെത്തുകയായിരുന്നു. രാജ്യത്തിന് പുറത്ത് നിന്ന് ഡ്രോണുകൾ വഴി ഉയർന്ന നിലവാരമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കടത്തുന്നതിൽ ഗോൾഡി ബ്രാർ ഉൾപ്പെട്ടിരുന്നതായും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
കൂടാതെ, ബ്രാറും കൂട്ടാളികളും പഞ്ചാബിലെ സമാധാനവും സാമുദായിക സൗഹാർദവും ക്രമസമാധാനവും തകർക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സിദ്ധു മൂസ് വാല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം 2022 ജൂണിൽ ഗോൾഡി ബ്രാറിനെ കൈമാറുന്നതിനായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പുറപ്പെടുവിച്ചിരുന്നു.
സത് വിന്ദർജിത് സിങ് എന്നാണ് ബ്രാറിന്റെ ശരിക്കുള്ള പേര്. 29 വയസ്സുള്ള ഗോൾഡി ബ്രാർ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാൾക്കെതിരേ പഞ്ചാബിൽ മാത്രമുള്ളത്. നാലുകേസുകളിൽ ഗോൾഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു. എ-പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോൾഡി ബ്രാർ. വിവിധ കാലയളവുകളിൽ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പൊലീസിന്റെ ഫയലുകളിലുണ്ട്.
ലോറൻസ് ബിഷ്ണോയി അടക്കം 12-ഓളം കൂട്ടാളികളൊടൊപ്പം ചേർന്നാണ് ഗോൾഡിയുടെ പ്രവർത്തനം. 2018-ൽ സൽമാൻ ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്റയും ഇയാളുടെ കൂട്ടാളിയാണ്. ലോറൻസ് ബിഷ്ണോയി കേസിൽ കുടുങ്ങി ജയിലിലായതോടെയാണ് ഗോൾഡി ബ്രാർ കാനഡയിലേക്ക് പറന്നത്.
അച്ഛൻ പൊലീസ്, 18-ാം വയസ്സിൽ ആദ്യ കേസ്...
1994-ൽ പഞ്ചാബിലെ ശ്രീ മുക്തസർ സാഹേബിലാണ് ഗോൾഡി ബ്രാർ എന്ന സതീന്ദർ ജിത്ത് സിങ്ങിന്റെ ജനനം. അച്ഛൻ ഷംഷീർസിങ് പഞ്ചാബ് പൊലീസിൽ എഎസ്ഐ.യായിരുന്നു. മകന്റെ ക്രിമിനൽപ്രവർത്തനങ്ങൾ കാരണം വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ബി.എ. വരെ പഠിച്ചിട്ടുള്ള ഗോൾഡി ബ്രാർ തന്റെ 18-ാം വയസ്സിലാണ് ആദ്യമായി ഒരു ക്രിമിനൽ കേസിൽ പ്രതിയാകുന്നത്. രണ്ടുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് 18-കാരനായ സതീന്ദർ സിങ്ങും പ്രതിയായത്. ഈ കേസിൽ പിന്നീട് കുറ്റവിമുക്തനാവുകയും ചെയ്തു.
എന്തുംചെയ്യാൻ മടിക്കാത്ത, ചോരതിളക്കുന്ന പ്രായത്തിൽ ഗുണ്ടാസാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു ഗോൾഡി ബ്രാർ. അതുപിന്നീട് രാജ്യമാകെ കുപ്രസിദ്ധി നേടിയ വലിയ ഗുണ്ടാസംഘമായി മാറി. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുമായി ബന്ധം സ്ഥാപിച്ചതോടെ ഇരുവരും നിയന്ത്രിക്കുന്ന വൻസംഘം രൂപംകൊണ്ടു. കൊല, കവർച്ച, ആയുധക്കടത്ത് എന്നിവയെല്ലാം നിർബാധം തുടർന്നു. ലോറൻസ് ബിഷ്ണോയി പിന്നീട് ജയിലിലായെങ്കിലും ഗോൾഡി ബ്രാർ ഇതിനോടകം രാജ്യംവിട്ടിരുന്നു. പിന്നീട് കാനഡയിലിരുന്നാണ് ഗോൾഡി ബ്രാർ ഓപ്പറേഷനുകൾ നിയന്ത്രിച്ചത്. ഇയാളുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കാൻ നിരവധിപേരടങ്ങിയ ഗുണ്ടാസംഘവും പഞ്ചാബിലും മറ്റുസംസ്ഥാനങ്ങളിലും സജീവമായുണ്ടായിരുന്നു.
2017-ൽ സ്റ്റുഡന്റ് വിസയിലാണ് ഗോൾഡി ബ്രാർ കാനഡയിലേക്ക് കടക്കുന്നത്. അതിനുമുൻപ് കൊലപാതകം ഉൾപ്പെടെ നാലുകേസുകൾ ഇയാൾക്കെതിരേ പഞ്ചാബിലുണ്ടായിരുന്നു. 2015-ൽ മുക്തസറിൽ ഒരു കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടെങ്കിലും കേസ് ഒത്തുതീർപ്പിലെത്തുകയും ഇയാൾ കുറ്റവിമുക്തനാവുകയും ചെയ്തു. ഫസിൽക്ക ജില്ലയിൽ രണ്ടുകേസുകളിൽ കൂടി പ്രതിയായെങ്കിലും കാനഡയിലേക്ക് പോകുന്ന സമയത്ത് കേസുകളൊന്നും ഇല്ലാത്തതിനാൽ ഇയാളുടെ യാത്രയ്ക്ക് തടസമുണ്ടായില്ല.
പൊലീസ് ക്ലിയറൻസും ലഭിച്ചു. പക്ഷേ, 2017-ൽ കാനഡയിലേക്ക് കടന്ന ഗോൾഡി ബ്രാർ പിന്നീടങ്ങോട്ട് പഞ്ചാബ് പൊലീസിന് വലിയ തലവേദനയായി മാറി. ലോറൻസ് ബിഷ്ണോയിക്കൊപ്പം ചേർന്ന് പഞ്ചാബും കടന്ന് ഓപ്പറേഷനുകൾ തുടർന്നതോടെ രാജ്യത്തെ പ്രധാന ഏജൻസികളും ഇയാളെ നിരീക്ഷണത്തിലാക്കി. പക്ഷേ, അന്നും ഇന്നും ആർക്കും പിടികൊടുക്കാതെ, സാമൂഹികമാധ്യമങ്ങളിൽ കൂടി വെല്ലുവിളി തുടരുകയാണ് ഗോൾഡി ബ്രാർ എന്ന കൊടുംക്രിമിനൽ.
തന്റെ അടുത്ത ബന്ധുവായ ഗുർലാൽ ബ്രാർ വഴിയാണ് ഗോൾഡി ബ്രാർ ലോറൻസ് ബിഷ്ണോയിയുമായി പരിചയത്തിലാകുന്നത്. 'സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി'(എസ്.ഒ.പി.യു)യുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഗുർലാൽ 2020-ൽ കൊല്ലപ്പെട്ടു. ഇതോടെ ഗുർലാലിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാൻ ഗോൾഡിയും ലോറൻസ് ബിഷ്ണോയിയും കൈകോർത്തു.
ബന്ധുവായ ഗുർലാലിന്റെ കൊലയ്ക്ക് പ്രതികാരമായി യൂത്ത് കോൺഗ്രസ് നേതാവായ ഗുർലാൽ പഹൽവാനെയാണ് ഗോൾഡിയും ബിഷ്ണോയിയും ചേർന്ന് കൊലപ്പെടുത്തിയത്. ഫരീദ്കോട്ടിലെ യൂത്ത് കോൺഗ്രസ് നേതാവായ പഹൽവാനാണ് തന്റെ ബന്ധുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് ഗോൾഡി ബ്രാർ പറഞ്ഞിരുന്നത്. പഹൽവാനെ വകവരുത്താനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു. ഫരീദ്കോട്ട് നഗരത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്. ബൈക്കിലെത്തിയ അക്രമികൾ പഹൽവാനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഗോൾഡി ബ്രാർ എന്ന പേര് കുപ്രസിദ്ധി നേടിയത്. മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെ കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോൾഡി ബ്രാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കാനഡയിലിരുന്ന് അന്വേഷണ ഏജൻസികളെ വെല്ലുവിളിക്കുന്ന ഗോൾഡി ബ്രാറിനെ പൂട്ടാനായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിന്റെ ഒടുവിലെ നീക്കമാണ് ബ്രാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ചത്.
മറുനാടന് ഡെസ്ക്