- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിച്ചും കളിച്ചും തെളിവെടുപ്പിൽ നിറഞ്ഞു; ജയിലിൽ പോയ ശേഷവും മനസ്സിൽ ആലോചിച്ചത് ക്രൈംബ്രാഞ്ചിനെ കുടുക്കാനുള്ള തന്ത്രങ്ങൾ; മജിസ്ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസ് നീക്കം പൊളിച്ച് രാമവർമ്മൻചിറയിലെ കൂൾ ഗേൾ; ഷാരോൺ കേസിൽ കുറ്റസമ്മതം ബാഹ്യ സമ്മർദ്ദത്താൽ; 'പ്രണയ വിഷത്തിൽ' ഗ്രീഷ്മ വീണ്ടും ട്വിസ്റ്റുണ്ടാക്കുമ്പോൾ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റുമ്പോൾ ചർച്ചയാകുന്നതും കേസ് അട്ടിമറിക്കുമെന്ന സംശയം. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. ഈ മൊഴി കേസിൽ നിർണ്ണായകമാകും. അന്വേഷണം പൂർത്തിയാവാറായ കേസിൽ എന്തിനാണ് രഹസ്യമൊഴി എടുത്തതെന്ന ചോദ്യം നിർണ്ണായകമാണ്.
രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ ഇനി തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ വിചാരണയിൽ പ്രതി ശിക്ഷക്കപ്പെടൂ.
കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാർത്ഥിയായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി ആദ്യം പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഗ്രീഷ്മയുടെ വാട്സാപ്പ് ചാറ്റുകളും മറ്റും കേസിൽ നിർണ്ണായക തെളിവാണ്, ഗ്രീഷ്മയെ കന്യകാ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഇത്തരം തെളിവുകളെല്ലാം ഗ്രീഷ്മയ്ക്ക് എതിരാണ്. ഇതിനിടെയാണ് രഹസ്യമൊഴി എടുക്കുന്നത്. അതിൽ കുറ്റം നിഷേധിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പിന്നീട് മാറ്റി പറയില്ലെന്ന് ഉറപ്പിക്കാനാണ് സാധാരണ രഹസ്യമൊഴി എടുത്തത്. എന്നാൽ അതു തന്നെ മൊഴി മാറ്റമായി. തുടക്കം മുതൽ തന്നെ ഗ്രീഷ്മയ്ക്ക് കൃത്യമായ നിയമോപദേശം ലഭിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മജിസ്ട്രേട്ടിന് മുന്നിലെ മൊഴി. ചിരിച്ചും കളിച്ചുമാണ് ഗ്രീഷ്മ തെളിവെടുപ്പിന് പോലും പങ്കെടുത്തത്. ഇതെല്ലാം വലിയ ചർച്ചയാവുകയും ചെയ്തു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽകുമാറിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിൽ ആയതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷനും വാദിച്ചിരുന്നത്.എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞത്.
ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്നാണ് ഷാരോൺ രാജിന്റെ കുടുംബത്തിന്റെ ആരോപണം.ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്.
ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്, ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്നതാണെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ