സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 27-കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ലിവ്-ഇൻ പാർട്നറായ യുവതിയും സഹോദരനും അറസ്റ്റിൽ. ജൂൺ 27 നാണ് ഉധ്നയിലെ പട്ടേൽ നഗറിലെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് രാഹുൽ സിങ്ങിനെ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് രാഹുൽ സിങ് എന്ന യുവാവിന്റെ മരണത്തിൽ ഇരുവരേയും അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശ് സ്വദേശിയായ രാഹുൽ സിങ് (27) ആത്മഹത്യ ചെയ്തത് കാമുകി ബീഫ് കഴിക്കാൻ നിർബന്ധിച്ചതുകൊണ്ടാണെന്ന് യുവാവിന്റെ മാതാവ് വീണാദേവി നൽകിയ പരാതിയിൽ പറയുന്നു. ഇതു വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് രാഹുൽ പങ്കുവച്ചിരുന്നെന്നും അമ്മ പറഞ്ഞു. ജൂൺ 27നാണ് ഉദ്ദ്ന പട്ടേൽ നഗറിലെ വീട്ടിൽ രാഹുൽ സിങ്ങിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ലിവ്-ഇൻ പാർട്നറായ സോനം അലിയും സഹോദരൻ മുഖ്താർ അലിയും ചേർന്ന് തന്നെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നുവെന്നും അത് തനിക്ക് കടുത്ത മാനസികപീഡനമാണെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ യുവാവ് ആരോപിച്ചു.

രാഹുലിന്റെ മരണത്തെ തുടർന്ന് അമ്മ വീണാദേവി പൊലീസന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായൊന്നും കണ്ടെത്താത്തതിനാൽ ആത്മഹത്യയെന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

രാഹുലിന്റെ ഫ്രണ്ട്ലിസ്്റ്റിലുള്ള ഉത്തർപ്രദേശിലെ ബന്ധുവാണ് ഫേസ്‌ബുക്കിൽ കുറിപ്പ് കണ്ട് വീട്ടുകാരെ വിവരമറിയിച്ചത്. ബീഫ് കഴിക്കാതിരുന്നാൽ തന്നെ കൊല്ലുമെന്ന ഭീഷണിയുണ്ടെന്നും രാഹുലിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ടെക്സ്‌റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്ന രാഹുൽ അവിടെ വച്ചാണ് സോനത്തെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഇരുവരും ഒരുമിച്ച് കഴിയുകയായിരുന്നെന്നും വിവാഹിതരായതിന്റെ രേഖകൾ കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. സോനവും സഹോദരൻ മുഖ്താർ അലിയും ചേർന്ന് രാഹുലിനെ ബീഫ് കഴിക്കാൻ നിർബന്ധിച്ചെന്നും അതു മാനസികമായി തളർത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

സോനവുമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി യുവതിയുമൊത്ത് പട്ടേൽ നഗറിൽ കഴിഞ്ഞ ഒരു കൊല്ലമായി താമസിച്ചു വരികയായിരുന്നു രാഹുൽ. ബന്ധുക്കളുമായുള്ള ബന്ധം കുറവായിരുന്നുന്നെന്ന് വീണാദേവി നൽകിയ പരാതിയിൽ പറയുന്നു. രാഹുലും സോനവും വിവാഹിതരായോ എന്ന കാര്യം തങ്ങൾക്കറിയില്ലെന്നും പരാതിയിലുണ്ട്.

ജോലി ആവശ്യത്തിനായാണ് രാഹുൽ സൂറത്തിലേക്ക് വന്നത്. അമ്മയെയും സഹോദരിയെയും ഇവിടേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് സോനം അലിയുമായി പ്രണയത്തിലായത്. ഇതരമത വിശ്വാസികളായതുകൊണ്ട് വിവാഹത്തിന് എതിർപ്പുയർന്നു. ഇതോടെ രാഹുൽ സോനവുമായി ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി രാഹുൽ ബന്ധപ്പെട്ടിരുന്നില്ല. രാഹുലിന്റെ ഫേസ്‌ബുക്കിലെ ആത്മഹത്യാക്കുറിപ്പ് കണ്ട് ഒരു ബന്ധു വിളിച്ച് വിവരം പറയുമ്പോഴാണ് അമ്മയും സഹോദരിയും മരണവിവരം അറിയുന്നത്.