- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊള്ള നടത്തിയ ശേഷം പൊലീസുകാരനെ തോക്കിൻ മുനയിൽ നിറുത്തി രക്ഷപ്പെട്ട ഇതരസംസ്ഥാന പ്രതികൾ സ്വന്തം നാടുകളിലെത്തി; കൃത്യമായ ഏകോപനമില്ലാത്തതിനാൽ കൈയിൽ കിട്ടിയ പ്രതിയ കൈവിട്ടു; മൊഹ്ദ് മോനിഷിനെയും കൂട്ടാളികളെയും തപ്പി കേരള പൊലീസ് ഇനി ഉത്തർപ്രദേശിലേക്ക്; പൊലീസിന് നാണക്കേടായി പ്രതികൾ രക്ഷപെട്ട സംഭവം
തിരുവനന്തപുരം: പൊലീസിന്റെ വീഴ്ച ഒന്നുകൊണ്ടു മാത്രം കൈയിൽ കിട്ടിയ പ്രതികൾ അതിവിദഗ്ദ്ധമായി രക്ഷപ്പെട്ടതിന് പിന്നാലെ അവരെ തപ്പി വട്ടം ചുറ്റുക, തുടർന്ന് പ്രതികൾ സ്വന്തം നാടുകളിലെത്തിയെന്ന് അറിഞ്ഞപ്പോൾ പിടികൂടാൻ അവിടേക്കും. കേരള പൊലീസിന് അപമാനകരമായ സംഭവമാണ് തിരുവനന്തപുരം സിറ്റി പൊലീസിലുണ്ടായത്.ആദ്യ മണിക്കൂറുകളിലെ പ്രതികളെ പിടികൂടുന്നതിലുണ്ടായ വീഴ്ചയാണ് നാണക്കേടിന് കാരണമായത്.
തോക്കുമായി നഗരത്തെ വിറപ്പിച്ച് കവർച്ചയ്ക്കിറങ്ങിയശേഷം മുങ്ങിയ യു.പി സ്വദേശി മൊഹ്ദ് മോനിഷിനെയും (25) കൂട്ടാളികളെയും കണ്ടെത്താൻ ഈയാഴ്ച യു.പിയിലേക്ക് പോകാനൊരുങ്ങുകയാണ് പൊലീസ്. ഫോർട്ട് എസ്‌ഐ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് യു.പിയിലേക്ക് പോകുക. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് തോക്കുമായി ഇറങ്ങിയ സംഘം നഗരത്തിൽ കവർച്ചയും കവർച്ചാശ്രമവും നടത്തിയത്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന സുരേഷിന്റെ വീട് കുത്തിപ്പൊളിച്ച് സ്വർണവും പണവും കവർന്ന സംഘം ഇടപ്പഴഞ്ഞിയിൽ മലയിൻകീഴ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ സിന്ധുവിന്റെ വീട്ടിലാണ് കവർച്ചാശ്രമം നടത്തിയത്. ഇടപ്പഴഞ്ഞിയിലെ കവർച്ചാശ്രമം തൊട്ടടുത്ത ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഘം പ്രവീണിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം രക്ഷപ്പെട്ടത്.
അവിടെനിന്ന് വഞ്ചിയൂർ ഭാഗത്തെത്തിയ സംഘത്തിന്റെ സ്‌കൂട്ടർ തടയാൻ ശ്രമിച്ച വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ബാബുവിനെയും സംഘം തോക്കുകാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. കോവളം സ്വദേശിയായ ദസ്തജീറിൽ നിന്ന് തുണിക്കച്ചവടത്തിനെന്ന പേരിൽ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറാണ് വ്യാജ നമ്പരിൽ കവർച്ചാസംഘം ഉപയോഗിച്ചിരുന്നത്. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതോടെ സംഘം സ്‌കൂട്ടർ പട്ടത്തിന് സമീപം ഉപേക്ഷിച്ചശേഷം നഗരത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ഇവർ തമിഴ്‌നാട് തഞ്ചാവൂരിലെത്തിയതായി സംശയിച്ച് പൊലീസ് അവിടെ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വഞ്ചിയൂരിലെ വാടക വീട്ടിൽ നിന്ന് ഇവരുടെ തിരിച്ചറിയൽ രേഖകളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.പിയിൽ നേരിട്ടുപോയി അന്വേഷിക്കാൻ തീരുമാനിച്ചത്. ആദ്യമണിക്കൂറുകളിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് സംഭവിച്ചത വൻ വീഴ്ച ഇങ്ങനെ ; കൺട്രോൾ റൂമിൽ നിന്ന് കൃത്യമായ വിവരം നൽകാത്തതാണ് സേനയക്ക് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചത്. അതാണ് പ്രതികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസുകാരന് ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കേണ്ടി വന്നത്.
തോക്കുമായാണ് പ്രതികൾ കവർച്ചയ്ക്ക് ഇറങ്ങിയതെന്ന കാര്യം കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പിൽ ഉണ്ടായിരുന്നില്ല. സാധാരണ കവർച്ചയെന്ന തരത്തിലായിരുന്നു അറിയിപ്പ് അത് അനുസരിച്ചായിരുന്നു പൊലീസിന്റെ പ്രവർത്തനവും. തോക്കുണ്ടെന്ന് അറിയാതെയാണ് ശ്രീകണ്ഠേശ്വരത്ത് വച്ച് പൊലീസുകാരൻ ഒറ്റയ്ക്ക് പ്രതികളുമായി ഏറ്റുമുട്ടിയതും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും. ഓഗസ്റ്റ് 22ന് സംഘം ആദ്യം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മേടമുക്ക് കാർത്തിക നഗറിൽ സുരേഷ്‌കുമാറിന്റെ വീട്ടിലായിരുന്നു. സ്വർണവും പണവും ഉൾപ്പെടെ ഒന്നര ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തി. ആളില്ലാതിരുന്ന വീട്ടിൽ ഉടമസ്ഥർ എത്തി മോഷണം നടന്ന വിവരം ഫോർട്ട് പൊലീസ്സ്റ്റേഷനെ അറിയിച്ചു.
തുടർന്ന് പരിശോധനയും എഫ്.ഐ.ആർ തയ്യാറാക്കലും നടക്കുന്നതിനിടെയാണ് ഇടപ്പഴിഞ്ഞിൽ നിന്നുള്ള സംഭവം പൊലീസിന്റെ വയർലെസിലൂടെ സന്ദേശമായെത്തിയത്.12മണിയോടെയായിരുന്നു സംഭവം. ഇടപ്പഴഞ്ഞി സി.എസ്.എം നഗറിൽ മലയിൻകീഴ് ഗവ.ഹയർസസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ സിന്ധുവിന്റെ വീട്ടിലായിരുന്നു കവർച്ചാ ശ്രമം. സിന്ധു സ്‌കൂളിലും മക്കൾ ജോലിസ്ഥലത്തുമായതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ കതക് കുത്തിതുറക്കുന്നതിനിടെ വീടിന്റെ എതിർവശത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീൺ ഇത് കണ്ടു. സ്ഥാപനത്തിൽ നിന്ന് ബാങ്കിൽ പണം അടയ്ക്കാൻ പോകാനായി സ്‌കൂട്ടർ എടുക്കുന്നതിനിടെയാണ് പ്രവീൺ അയൽവീട്ടിൽ അപരിചിതരെ കണ്ടത്.
സിന്ധു സ്‌കൂളിലാണെന്ന് അറിയാമായിരുന്ന പ്രവീൺ വീടിന്റെ മുൻവാതിലിൽ നിന്നവരോട് ആരാണെന്ന് അന്വേഷിച്ചു.ഇവിടെ ആളില്ലെന്ന് ഹിന്ദിയിൽ പറഞ്ഞവർ വന്ന ആക്ടീവ സ്‌ക്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.കെഎൽ.22 എഫ് 3094 എന്ന നമ്പർ മഞ്ഞഹോണ്ടാ ആക്ടീവ സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ തടഞ്ഞു. സ്‌കൂട്ടറിന്റെ താക്കോൽ പ്രവീൺ ഊരിയെടുത്തതോടെയാണ്പിൻസീറ്റിലിരുന്നയാൾ ബാഗിൽ ഒളിപ്പിച്ചിരുന്ന തോക്ക് ചൂണ്ടി താക്കോൽ തിരികെ ആവശ്യപ്പെട്ടത്. ഈ സമയത്ത് റോഡിൽ ആരുമുണ്ടായിരുന്നില്ല. താക്കോൽ തിരികെ നൽകാൻ വിസമ്മതിച്ച പ്രവീൺ സ്‌കൂട്ടറിൽ അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമയെ വിവര അറിയിച്ചു. സ്ഥാപന ഉടമ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസെത്തുമ്പോഴേക്കും താക്കോലില്ലാത്ത സ്‌കൂട്ടർ തള്ളി സ്റ്റാർട്ടാക്കി ഇരുവരും അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
വാഹന നമ്പർ സഹിതം പൊലീസ് നഗരത്തിലും റൂറൽ പൊലീസിലും അറിയിച്ചെങ്കിലും തോക്ക് ചൂണ്ടിയെന്ന വസ്തുത പൊലീസ് മറച്ചു വച്ചു. ഇതോടെ നഗരത്തിലെ പൊലീസുകാർ സാധാരണ കവർച്ച കേസിൽ പ്രതിയെ പിടികൂടുന്ന ലാഘവത്തോടെയാണ് കേസിനെ സമീപിച്ചത്. അതിനിടെയാണ് മൂന്ന് മണിയോടെ വഞ്ചിയൂർ ശ്രീകണ്ഠേശ്വരത്തെ ജ്യൂസ് കടയുടെ സമീപം സ്‌കൂട്ടർ കണ്ട ബീറ്റ് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു വാഹനം തടയാൻ ശ്രമിച്ചത്. ഇയാൾക്ക് നേരെയും തോക്ക് ചൂണ്ടിയ സംഘം ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്ക് പാഞ്ഞു.
ബാബു അറിയിച്ചതനുസരിച്ച് പൊലീസ് ഇവർക്കായി നഗരമാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതേസമയം സ്‌കൂട്ടറിന്റെ നമ്പർ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴക്കൂട്ടം ചന്തവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ നമ്പരാണിത്. അതേ നിറത്തിലുള്ള സ്‌കൂട്ടറാണ് ഇവരും ഉപയോഗിച്ചിരിക്കുന്നത്. പകൽ ആളില്ലെന്ന് മനസിലാക്കിവീടുകളിൽ കവർച്ച നടത്തുന്ന സംഘമാണിതെന്നാണ് വിവരം. സിന്ധുവിന്റെ വീടിന്റെ സമീപത്തും ശ്രീകണ്ഠേശ്വരത്തും നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.