ആലപ്പുഴ: ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധക്കാരെ മർദിച്ച കേസിലുള്ളത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച് പ്രതികൾ. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസും നൽകിയ ഹർജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. ഗൺമാൻ മർദ്ദിക്കുന്നത് കണ്ടില്ലെന്നായിരുന്നു സംഭവത്തിൽ മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രതികരണം. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി എത്രത്തോളമുണ്ടാകും എന്ന കാര്യത്തിൽ അടക്കം സംശയങ്ങൾ നിലനില്ക്കുന്നുണ്ട്. അതിനിടെ സംഭവത്തിൽ മർദ്ദനമേറ്റവരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇവരോട് തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെടും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് നൽകും.

കേസിൽ ഗൺമാൻ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസർ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികൾ. ഇവരെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പൊലീസ് പറയുന്നു. ഐ.പി.സി. 294(ബി), 324, 325 വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം കല്ലൂർ കാർത്തികയിൽ അനിൽ കുമാർ, എസ്‌കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവരാണ് പ്രതികൾ. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നു ഇറങ്ങി വന്നു പ്രതിഷേധക്കാരെ അസഭ്യം പറഞ്ഞു, ലാത്തി കൊണ്ടു അടിച്ചു. പൊലീസ് പിടിച്ചു മാറ്റിയ പ്രവർത്തകരെയാണ് ഇരുവരും മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു.

മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ഗൺമാന്മാർ മർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. എഡി തോമസിനു പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഡിസംബർ അഞ്ചിന് നവ കേരള സദസ്സിന്റെ വാഹനം കടന്നുവരവെ പരാതിക്കാരൻ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പൊലീസ് തടഞ്ഞ് പുറകോട്ട് മാറ്റി. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്ന് പോയതിനുശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപംവെച്ച് അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നത്.

ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്‌പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്‌പിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.