ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗവും എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ജി.രവീന്ദ്രനെതിരെ ഉയർന്ന ഓഡിയോ ആരോപണത്തിന് പിന്നിലെ പാർട്ടിയിലെ വിഭാഗീയത. ഈ വിവാദത്തിൽ തൽകാലം സിപിഎം ഇടപെടലില്ല. വിജി രവീന്ദ്രനെ മാറ്റുകയുമില്ല. അതൊരു നാടൻ ശൈലിയിലെ പ്രതികരണമായി സിപിഎം എടുക്കും.

എൻസിപിയിലെ വനിത നേതാവിനെ അധിക്ഷേപിച്ചു സംസാരിക്കുന്ന ശബ്ദ സന്ദേശം വിവാദമായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനു സൗകര്യം ഒരുക്കണമെന്നു കൊല്ലം തഴവ എൻസിപി മണ്ഡലം പ്രസിഡന്റ് സുനില ആവശ്യപ്പെട്ടപ്പോൾ വി.ജി.രവീന്ദ്രൻ നിഷേധിച്ചു. തുടർന്ന് ഇതേ ആവശ്യവുമായി എൻസിപി കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രൻ വി.ജി.രവീന്ദ്രനെ വിളിച്ചു. ഈ ഫോൺ വിളിയാണ് വിവാദത്തിന് കാരണമാകുന്നത്. ഗുരുവായൂരിലേക്ക് സുഖദർശനം അനുവദിക്കില്ലെന്ന സന്ദേശമാണ് അംഗം നൽകിയത്.

ജില്ലാ നേതാക്കളോ സംസ്ഥാന നേതാക്കളോ മാത്രമേ തന്നെ വിളിക്കാവൂ എന്നും അണ്ടനും അടകോടനും വിളിച്ചാൽ കേൾക്കാനിരിക്കുന്ന ആളല്ല താനെന്നും സുനില വിളിച്ചതിനെ കുറിച്ച് രവീന്ദ്രൻ ഫോണിൽ പറയുന്നതിന്റെ ശബ്ദരേഖയാണു പ്രചരിക്കുന്നത്. പൊതു പ്രവർത്തകർക്ക് ചേരാത്ത വിധം പെരുമാറുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന വിമർശനവും ഇതോടെ ഉണ്ടായി. എന്നാൽ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎം പക്ഷം. അതുകൊണ്ട് തന്നെ രവീന്ദ്രന് പ്രതിസന്ധിയുണ്ടാകില്ല. എൻ സി പി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ വിശ്വസ്തനാണ് രവീന്ദ്രൻ.

'എന്നെ വിളിക്കാനുള്ള ധൈര്യം അവൾക്ക് എങ്ങനെ കിട്ടി. എന്റെ നമ്പർ എവിടെന്ന് കിട്ടി. ജില്ലാ-സംസ്ഥാന നേതാക്കൾ മാത്രമേ എന്നെ വിളിക്കാറുള്ളു. കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ. ഇത്തവണത്തെ ലീസ്റ്റ് കൊടുത്തു. ഇനി അടുത്തമാസം കൊടുക്കാം.'- എന്നാണ് വി ജി രവീന്ദ്രൻ പറഞ്ഞത്. കൊല്ലം ജില്ലയിലെ ഒരു വനിതാ മണ്ഡലം പ്രസിഡന്റ് എങ്ങനെ അണ്ടനും അടകോടനും ആവുമെന്നതാണ് എൻസിപിയിലെ വിമതർ ഉയർത്തുന്ന ചോദ്യം.

ഇതൊരു പഴയ സംഭവാണ്. ഇത് 2 മാസം മുൻപ് നടന്ന സംഭവമാണെന്നും പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ചതാണെന്നും വി.ജി.രവീന്ദ്രൻ പറഞ്ഞു. പരിചയം ഇല്ലാത്തവർക്കുവേണ്ടി ദർശന സൗകര്യം ചെയ്യാറില്ല. ഇക്കാര്യം നാടൻ ഭാഷയിൽ പറഞ്ഞുവെന്നു മാത്രം. എൻസിപിയിലെ വിരുദ്ധ ഗ്രൂപ്പ് ഫോൺ സംഭാഷണം എഡിറ്റ് ചെയ്ത് തനിക്കെതിരെ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും വി.ജി.രവീന്ദ്രൻ പറഞ്ഞു. രവീന്ദ്രൻ പൊലീസിന് പരാതി കൊടുക്കാനും സാധ്യതയുണ്ട്. എഡിറ്റിങ് നടന്നോ എന്ന് എൻസിപി നേതൃത്വം പരിശോധിച്ച് ഉറപ്പാക്കും.

എൻസിപിയിൽ രണ്ടരക്കൊല്ലം കഴിയുമ്പോൾ മന്ത്രിമാറ്റം വേണമെന്ന ആവശ്യം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉയർത്തിയിരുന്നു. എന്നാൽ ഇത് പിസി ചാക്കോ അംഗീകരിച്ചില്ല. എൻസിപിയിൽ പിസി ചാക്കോയും മന്ത്രി എകെ ശശീന്ദ്രനും ഒരുമിച്ചാണ് പോകുന്നത്. ഇതിൽ ഖിന്നരായ വിഭാഗമാണ് ദേവസ്വം മെമ്പറെ കുടുക്കാൻ എത്തിയതെന്നാണ് വിലയിരുത്തൽ. ഓഡിയോ പുറത്തു വന്നതിൽ എൻസിപിക്കുള്ളിൽ അന്വേഷണം നടക്കും. അതിന് ശേഷം നടപടികൾക്കും സാധ്യതയുണ്ട്.

പാർട്ടിയിൽ അച്ചടക്കം ഉറപ്പക്കാനാണ് പിസി ചാക്കോയുടെ തീരുമാനം. അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ ഓഡിയോ പുറത്തു വിട്ടവർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. സംഭവത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ രവീന്ദ്രനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. എൻ സി പിയുടെ വിവിധ ഗ്രൂപ്പുകളിൽ ഈ സംഭാഷണം പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.