മലപ്പുറം: ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ കടത്താൻശ്രമിച്ച 1.11കോടി രൂപയുടെ സ്വർണവുമായി 31കാരൻ കരിപ്പൂരിൽ പിടിയിൽ. കള്ളക്കടത്തു സംഘം കാരിയർക്ക് വാഗ്ദാനം ചെയ്തത് 70,000 രൂപയും വിമാനടിക്കറ്റും. ഇന്നു അതിരാവിലെയാണു വണ്ടു കിലോഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഗൾഫ് എയർ വിമാനത്തിൽ റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന മണ്ണാർക്കാട് പെരിമ്പിടാരി കപ്പാരുവളപ്പിൽ ബഷീർ മകൻ ഹക്കീം(31)ൽ നിന്നും ആണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഹക്കീം കൊണ്ടുവന്ന ബാഗ്ഗെജിന്റെ എക്സറെ പരിശോധനയിൽ അതിലുണ്ടായിരുന്ന ഐകോൺ ബ്രാൻഡ് ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ നടത്തിയ വിശദമായ പരിശോധനയിൽ ആണ് ബ്ലൂടൂത് സ്പീക്കറിന്റെ മാഗ്‌നട്ടുകൾ മാറ്റി ആ സ്ഥാനത്തു വച്ചിരുന്ന രണ്ടു സ്വർണക്കട്ടികൾ കസ്റ്റീസ് പിടികൂടിയത്.

കള്ളക്കടത്തു സംഘം ഹക്കീമിന് 70000/ രൂപയും ടിക്കറ്റുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യു, സൂപ്രണ്ടുമാരായ ജാക്സൺ ജോസഫ്, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, ഇൻസ്‌പെക്ടർമാരായ വിമൽകുമാർ, ദിനേശ് മിർധ , രാജീവ് കെ., ധന്യ കെ.പി, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവൽദർമാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.

കഴിഞ്ഞ വർഷം കരിപ്പൂർ എയർ കസ്റ്റീസ് ഉദ്യോഗസ്ഥർ 360 കേസുകളിലായി ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന 287.2 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.