- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലാൽ ആട് കച്ചവടത്തിന്റെ പേരിൽ തട്ടിയെടുത്തത് കോടികൾ; മലപ്പുറത്തുമാത്രം വഞ്ചിതരായത് 120 ൽ കൂടുതൽ പേർ; കേസിൽ ഒരാൾ പിടിയിൽ; തട്ടിപ്പ് നടത്തിയത് സോഷ്യൽ മീഡിയ വഴി; പണം തന്ത്രത്തിൽ പിരിച്ചെടുക്കാൻ ഇടനിലക്കാരും
മലപ്പുറം: ഹലാൽ ആട് കച്ചവടത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം, പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി കെ റിഷാദ് മോൻ (36) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹലാൽ ആട് കച്ചവടത്തെ സംബന്ധിച്ച് വിശദീകരിക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും വഴി ജില്ലയിലെ 120 ൽ കൂടുതൽ പേരാണ് വഞ്ചിതരായത്.
പരാതിക്കാരിൽ കൂടുതലും അരീക്കോട്, ഊർങ്ങാട്ടീരി എടവണ്ണ ഭാഗത്തുള്ളവരാണ്. വഞ്ചിതരായവർ വിവിധ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് മേധാവിക്കും നേരിട്ടും കൂട്ടമായും പരാതികൾ നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതി ഇപ്പോൾ പിടിയിലായത്. അരീക്കോട് എസ്എച്ച്ഒഎം അബ്ബാലിയുടെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ യുകെ ജിതിൻ എസ്ഐ അമ്മദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
നിലവിൽ ഈ സംഘത്തിൽ ഉൾപ്പെട്ടവർക്ക് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്നുമലയിൽ സ്വന്തമായി ആട്, കോഴി ഫാമുകളുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സ്വന്തമായും സംഘമായും ഇവർ സാമൂഹിക മാധ്യമങ്ങളിൽ ബിസിനസ് സംബന്ധിച്ച് പ്രചാരണം നടത്തും. ഇതിന് പ്രത്യേക ഇടനിലക്കാരും ഇവർക്ക് കൂട്ടിനുണ്ടായിരുന്നു.
ബിസിനസിന്റെ തുടക്കത്തിൽ കൃത്യമായി ലാഭ വിഹിതം വിതരണം ചെയ്യുന്നതിനാൽ മറ്റാർക്കും സംശയം ഉണ്ടായിരുന്നില്ല. തുടർന്നാണ് പ്രതികൾ എല്ലാവരും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തിൽ ചെറിയ രീതിയിലുള്ള തുക ലാഭവിഹിതമായി നൽകിയിരുന്നു തുടർന്നാണ് വലിയ രീതിയിലുള്ള തട്ടിപ്പ് ഇവർ നടത്തിയത്. തുടർന്ന് ഒമ്പത് മാസമായി സംഘത്തെ കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് കൂട്ടമായി വഞ്ചിതരായവർ പരാതി നൽകിയത്. അതേസമയം പിടിയിലായ പ്രതിയെ കേസ് രജിസ്റ്റർ ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്