- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുഷ് നിയമന തട്ടിപ്പിന് പിന്നിൽ വീണാ ജോർജിനെ തെറുപ്പിക്കാനുള്ള ഗൂഢാലോചന; കല്യാണ വീഡിയോ സത്യം തെളിയിക്കുമെന്ന തിരിച്ചറിവില്ലാതെ നടത്തി നാടകം; പരാതിക്കാരൻ പ്രതിയാകുന്നു! ബാസിത്തിന് പിന്നിൽ ആര്?
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ആയുഷ് നിയമനത്തട്ടിപ്പ് വിവാദത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ ഓഫീസിനെതിരായ ഗൂഢാലോചനയായിരുന്നുവെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. ആരോഗ്യമന്ത്രിയെ പുനഃസംഘടനാ കാലത്ത് മാറ്റുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു ആരോപണം ഉന്നയിച്ചതെന്നാണ് സംശയം. പരാതിക്കാരൻ ഹരിദാസൻ മൊഴി മാറ്റിയ സാഹചര്യത്തിലാണ് ഇത്.
സെക്രട്ടേറിയറ്റിനു സമീപത്തുവച്ച് കോഴ നൽകിയിട്ടില്ലെന്നാണ് ഹരിദാസന്റെ പുതിയ മൊഴി. ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ല, പറഞ്ഞത് നുണയാണെന്നും ഹരിദാസൻ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണു ഹരിദാസന്റെ കുറ്റസമ്മതം. സെക്രട്ടേറിയറ്റ് പരിസരത്തുവച്ച് അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ നൽകിയിട്ടില്ല. അഖിൽ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടാണെന്നും ഹരിദാസൻ കുറ്റസമ്മത മൊഴിയിൽ പറയുന്നു. ഇതോടെ കേസ് പുതിയ തലത്തിലേക്ക് മാറുകയാണ്. കേസിൽ ഹരിദാസനും പ്രതിയാകാൻ സാധ്യത ഏറെയാണ്.
ഹരിദാസനെ ചോദ്യംചെയ്യുന്നത് തുടരും. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും കന്റോൺമെന്റ് പൊലീസ് തീരുമാനിച്ചു. കേസിൽ ഹരിദാസനെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണിക്കുന്നുണ്ട്, മന്ത്രിയുടെ ഓഫിസിൽനിന്ന് ഇറങ്ങിവന്നയാളാണ് തന്റെ പക്കൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയതെന്നും അത് അഖിൽ മാത്യു തന്നെ ആയിരുന്നെന്നുമായിരുന്നു അഖിൽ മാത്യുവിന്റെ പരാതി. പണം കൊണ്ടുവന്നിട്ടുണ്ടോ എന്നു ചോദിച്ചതായും സമീപത്തെ ഓട്ടോസ്റ്റാന്റിൽ വച്ച് ഒരുലക്ഷം രൂപ കൈമാറി എന്നുമായിരുന്നു ഹരിദാസൻ പറഞ്ഞത്. നിയമന ഉത്തരവ് ഉടൻ വരുമെന്നറിയിച്ചാണ് അഖിൽ മാത്യു പണം വാങ്ങിയതെന്നും ഹരിദാസൻ പറഞ്ഞിരുന്നു.
ഹരിദാസൻ കോഴ കൊടുത്തുവെന്ന് പറഞ്ഞ ദിവസം അഖിൽ മാത്യു തിരുവനന്തപുരത്തുണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ കല്യാണത്തിനായിരുന്നു. ഇതിന്റെ വീഡിയോ പുറത്തു വന്നതാണ് കേസിൽ നിർണ്ണായകമായത്. സെക്രട്ടറിയേറ്റ് പരിസരത്തെ സിസിടിവിയിലും അഖിൽ മാത്യു ഉണ്ടായിരുന്നില്ല. ഇത് കാട്ടിയായിരുന്നു ചോദ്യം ചെയ്യൽ. അഖിൽ മാത്യു എന്നയാളിന് ഒരു ലക്ഷം രൂപ നൽകിയിട്ടില്ലെന്നും ബാസിത്തിന്റെ നിർദ്ദേശമനുസരിച്ചാണ് അത്തരമൊരു കഥയുണ്ടാക്കിയതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞു. ഏപ്രിൽ പത്തിന് ഉച്ചയ്ക്ക് ശേഷം മന്ത്രി വീണ ജോർജിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന അനക്സ് 2 ന്റെ താഴെവെച്ച് അഖിൽ മാത്യു എന്ന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് ഒരുലക്ഷം രൂപ നിയമനത്തിനുവേണ്ടി കൈക്കൂലി നൽകിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം.
അത്തരത്തിൽ പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളൊന്നുംതന്നെ പൊലീസിന് ലഭിച്ചിരുന്നില്ല. ഹരിദാസനും ബാസിത്തും അവിടെ എത്തുന്ന ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന് ലഭിച്ചത്.ആ ദൃശ്യങ്ങൾ കൂടി മുന്നിൽവെച്ചുകൊണ്ടാണ് പൊലീസ് ഹരിദാസനെ ചോദ്യം ചെയ്തത്. അഖിൽ മാത്യുവിന് ഒരുലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓർമയില്ലെന്ന വാദത്തിലേക്കെത്തി. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസൻ കൂടുതൽ അവധി ചോദിക്കുകയായിരുന്നു. ഒ
ടുവിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ഹരിദാസനെത്തി. പൊലീസ് പ്രാഥമികമായ ചോദ്യം ചെയ്യൽ നടത്തുന്നതിനിടെയാണ് ഹരിദാസൻ നിലപാട് മാറ്റിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നൽകിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓർമയില്ലെന്നാണ് ഹരിദാസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ