- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈ റിച്ചിന്റെ ഒടിടിയും തട്ടിപ്പ്
കണ്ണൂർ: 1630 കോടിയുടെ മണിച്ചെയിൻ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഒടിടി പ്ലാറ്റ്ഫോമിന്റെ പേരിലും നാട്ടുകാരെ കബളിപ്പിച്ചു. കമ്പനി ഏറെ കൊട്ടിഘോഷിച്ച എച്ച്.ആർ. ഒ.ടി.ടിയിലെ കള്ളത്തരവും അന്വേഷണത്തിലൂടെ പുറത്തുവന്നു.
കമ്പനിയുടെ ഒ.ടി.ടിയിൽ 12,39,169 പേർ അംഗങ്ങളായി ഉണ്ടെന്നായിരുന്നു പ്രചാരണം. വെറും എന്നാൽ പതിനായിരം പേരാണ് ഒ.ടി.ടിയിൽ സിനിമ കണ്ടതെന്നും ആകെ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തതെന്നും അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
കേരളം കണ്ടതിൽ വെച്ചു ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചിന്റെ മറവിൽ നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പരാമർശം. ഹൈറിച്ചിനെതിരെ കേസ് നടക്കുന്ന തൃശൂർ മൂന്നാം ക്ളാസ് അഡീഷനൽ സെഷൻസ് കോടതിയിൽ ചേർപ്പ് എസ്.ശ്രീലാൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
മുൻ ഐ.പി. എസ് ഓഫീസറായ പി. എ വത്സൻ കോടതി മുഖേനെ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന നിരവധി കണ്ടെത്തലുകളുള്ളത്. പൊള്ളാച്ചിയിലെ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, കോടാലിയിലെ ഫാംസിറ്റി, ഒ.ടി.ടി പ്ളാറ്റ് ഫോം, വിദേശരാജ്യങ്ങളിലെ എൺപതു പ്രദേശങ്ങളിലുൾപ്പെടെ നടത്തുന്ന ക്രിപ്റ്റോ കറൻസി ഇടപാട് എന്നിവയുൾപ്പെടെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. കമ്പനിയുടെ മൂന്ന് വർഷത്തെ ടേൺ ഓവർ കണക്കുകളും, അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
നിരവധി മോഹനവാഗ്ദാനങ്ങൾ നൽകി ഒരുലക്ഷയോളം രൂപ പ്രതിമാസം സമ്പാദിക്കുന്ന ഏജന്റിന്റെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായെടുത്തിരുന്നു. കമ്പിനി ഏറെ കൊട്ടിഘോഷിച്ച എച്ച്. ആർ. ഒ.ടി.ടിയിലെ കള്ളത്തരം പുറത്തുകൊണ്ടുവരാനും അന്വേഷണത്തിലൂടെ സാധിച്ചു. കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാറും കമ്പനിയുടെയും ഉടമകളുടെയും പേരിൽ സ്വത്തുക്കളില്ലെന്ന് കണിമംഗലം വില്ലേജ് ഓഫീസർമാരും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
2019-മുതൽ മറ്റൊരാളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന കമ്പനി ഓൺ ലൈൻ പ്ളാറ്റ് ഫോമിലുള്ള ബൈനറി സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നതെന്നും കേരളത്തിലുള്ള എഴുത്തിയെട്ടണ്ണം ഉൾപ്പെടെ ഇന്ത്യയിൽ 680 ഷോപ്പുകളാണുള്ളതെന്നും റിപ്പോർട്ടിലുണ്ട്.
കമ്പിനിയുടെ വെബ് സൈറ്റിൽ ഇതുവരെയുള്ള ഡാറ്റകൾ പകർത്തിയതായും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും മറ്റു ഡ്യൂട്ടികളും അന്വേഷണത്തിന് കാലതാമസമുണ്ടാക്കിയതായും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.
വിവിധ ബാങ്കുകളിൽ നിന്നും ശേഖരിച്ച സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ സഹിതമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചതായും വാഹന വിവരങ്ങൾ അറിയുന്നതിന് റീജ്യനൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ടതായും വിവരിക്കുന്നുണ്ട്.
അതേ സമയം കോടതി ഉത്തരവുകളും സർക്കാരിന്റെ നടപടികളും മറച്ചുവെച്ചും തെറ്റായി വ്യാഖ്യാനിച്ചും പണം ലഭിക്കുമെന്ന വാഗ്ദാനവുമായി നിക്ഷേപകരെ സമീപിക്കുന്ന കമ്പനി ഉടമകളുടെ പൊള്ളത്തരം തിരിച്ചറിയാത്തതാണ് പണം നഷ്ടപ്പെട്ടതിന്റെ പരാതികളുമായി കൂടുതൽ ആളുകൾ എത്താത്തതിന്റെ പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.