കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തികതട്ടിപ്പിൽ കണ്ണൂരിലെ നിരവധി നിക്ഷേപകരും കുടുങ്ങി. കോടികളാണ് കണ്ണൂർ ജില്ലയിൽ നിന്നും നഷ്ടമായത്. ഇതേ തുടർന്ന് തളിപറമ്പ് പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. 2020-21ൽ പിൻകോഡ് അടിസ്ഥാനത്തിൽ കേരളത്തിലെങ്ങും സൂപ്പർമാർക്കറ്റ് തുടങ്ങുന്നുവെന്ന ഹൈറിച്ചിന്റെ സോഷ്യൽമീഡിയാ പരസ്യത്തിൽ ആകൃഷ്ടരായി പൂവ്വത്ത് മുപ്പതുപേർ ചേർന്ന് 26-ലക്ഷം മുടക്കിയാണ് സൂപ്പർമാർക്കറ്റ് തുടങ്ങിയത്. ഇതിനായി 3,15,000 രൂപ ഹൈറിച്ച് ഓൺ ലൈൻ പ്ളാറ്റ് ഫോമിനായി അടച്ചിരുന്നു.

കോർപറേറ്റ് പർച്ചേസിങിലൂടെ എല്ലാകമ്പനിയുടെയും ഉൽപന്നങ്ങൾ ചുരുങ്ങിയ വിലയ്ക്കു നൽകാമെന്നു കമ്പനി വിശ്വസിപ്പിച്ചിരുന്നു. അഥവാ സംരംഭം മുൻപോട്ടു പോയില്ലെങ്കിൽ മുടക്ക് മുതൽ തിരികെ നൽകാമെന്നും കരാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഹൈറിച്ച് വാഗ്ദാനവും എഗ്രിമെന്റും പാലിക്കാതിരുന്നതിനാൽ പൂവ്വത്തെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടേണ്ട സ്ഥിതിവന്നപ്പോൾ ഹൈറിച്ച് അധികൃതരുമായി ബന്ധപ്പെട്ടു. ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് പറഞ്ഞെങ്കിലും, മൂന്ന് ലക്ഷം രൂപ മാത്രം നൽകി വഞ്ചിച്ചുവെന്നാണ് പരാതി.

സൂപ്പർമാർക്കറ്റ് നടത്തിപ്പുകാരനായ പ്രമോട്ടർ സാജൻ ജോസാണ് തളിപറമ്പ് പൊലിസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ചു പരാതി നൽകിയത്. കണ്ണൂർ ജില്ലയിൽ നിന്നും സാധാരണക്കാരുടെത് ഉൾപ്പെടെ കോടികളാണ് ഹൈറിച്ച് അടിച്ചു കൊണ്ടുപോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തികതട്ടിപ്പായ .ഹൈ റിച്ച് മണി ചെയിൻ തട്ടിപ്പിൽ കുടുങ്ങി ലക്ഷങ്ങളുടെ കടബാധ്യതയിലായി ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുകയാണ് കതിരൂർ പ്രദേശത്തുള്ള നൂറുക്കണക്കിന് ആളുകൾ. വീടും വസ്തുവും പണയപ്പെടുത്തിയും , കെട്ട് താലിയടക്കം വിറ്റുമാണ് മോഹവലയത്തിൽ കുടുങ്ങി യാതൊരു രേഖയുമില്ലാതെ തട്ടിപ്പ് കാർക്ക് പണം കൈമാറിയത്.

പെൺകുട്ടികളുടെ വിവാഹത്തിനായ് കരുതി വെച്ച സമ്പാദ്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് നുള്ളി പെറുക്കി വെച്ചത് എല്ലാം തട്ടിപ്പുകാർ കൊണ്ട് പോയി. കതിരൂർ എന്ന ചെറിയ പ്രദേശത്ത് നിന്ന് മാത്രം 43 കോടിയലധികം രൂപ തട്ടിപ്പ് സംഘം കൈകലാക്കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുത്തു ഹൈറിച്ചിൽ അടച്ച പാൽവിൽപ്പനക്കാർ മുതൽ ലോട്ടറിതൊഴിലാളികൾ വരെയുണ്ട്. ഇവരുടെ പണവും പോയിക്കിട്ടി. മറുവശത്ത് ചെറിയ തുക മാത്രം നിക്ഷേപിച്ച് മറ്റുള്ളവരെ വലവിരിച്ച് പിടിച്ച് ലക്ഷങ്ങൾ സമ്പാദിച്ചവരുമുണ്ട്. ഇവരിൽ പലരും വിദേശത്തും മറ്റുമായി മുങ്ങിയിരിക്കുകയാണ്.