- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ നിന്നും ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ഹൈറിച്ച് ഉടമ കെ ഡി പ്രതാപൻ; ഭാര്യ ശ്രീന ഹാജരായില്ല; പ്രതികൾ സഹകരിക്കാമെന്ന് അറിയിച്ചത് അന്വേഷണത്തോട് സഹകരിച്ചു കൂടേ എന്ന് കോടതി ചോദിച്ചതോടെ; 212.45 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചതും പ്രതികളെ പുറത്തെത്തിച്ചു
കൊച്ചി: ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെ.ഡി പ്രതാപൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി. കേസിലെ പ്രതിയായ കമ്പനിയുടെ സിഇഒയും പ്രതാപന്റെ ഭാര്യയുമായ ശ്രീന ഹാജരായില്ല. രാവിലെ പത്ത് മണിയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ പ്രതാപൻ എത്തിയത്. തൃശ്ശൂരിലെ വസതിയിൽ ഇഡി റെയിഡിനെത്തുന്ന വിവരം അറിഞ്ഞാണ് പ്രതാപനും ശ്രീനയും ഒളിവിൽ പോയത്.
കേസ് ഇന്ന് പരിഗണിക്കവെ ഇഡി ഓഫീസിൽ ഹാജരാകാമെന്ന് ഇവർ കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ എൻഫോർസ് മെൻിന്റെ അന്വേഷണത്തോട് സഹകരിച്ചുകൂടെ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. പ്രതാപനെ ഇഡി ചോദ്യം ചെയ്യുകയാണ്.
മണിചെയിൻ മാതൃകയിൽ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേർപ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരൺ കടവത്തും ഒരു കോടി എൺപത്തി മൂന്ന് ലക്ഷം ഐഡികളിൽ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചർ വാങ്ങി ചങ്ങലക്കണ്ണിയിൽ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം.
എച്ച് ആർ ക്രിപ്റ്റോ കൊയിൻ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളർ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിൻ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവിൽ ഒടിടി. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആർബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നൽകുമെന്നായിരുന്നു വാഗ്ദാനം.
നേരത്തെ കേസിൽ ഉൾപ്പെട്ട തൃശൂരിലെ ഹൈ റിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ 212.45 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ബാങ്ക് നിക്ഷേപങ്ങളും, സ്ഥിര നിക്ഷേപങ്ങളുമാണ് മരവിപ്പിച്ചതെന്ന് ഇഡി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. ഹൈറിച്ച് സ്മാർട്ട്ടെക് പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് ഓൺലൈൻ ഷോപ്പെ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനി പ്രമോട്ടർമാർ, അനുബന്ധ കമ്പനികൾ എന്നിവയുടെ നിക്ഷേപങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മരവിപ്പിച്ചത്.
ജനുവരി 23 നും, 24 നും ഹൈറിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ തൃശൂരിലെ കമ്പനി ഓഫീസുകളിലും, രണ്ട് കമ്പനി ഡയറക്ടർമാരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അതുകൂടാതെ, ഹൈറിച്ചിന്റെ സോഫ്റ്റ് വെയറും, റെക്കോഡുകളും പരിപാലിക്കുന്ന ജിപ്ര ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനെ തുടർന്നാണ് ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചത്.
എന്താണ് ഹൈറിച്ച്?
കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഹൈറിച്ച് വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും.
റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലയ്ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്.
നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമ്മാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ