- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
1639 കോടി രൂപ തട്ടിപ്പായിട്ടും പണം പോയവർ പരാതിയുമായി രംഗത്തു വരുന്നില്ല!
തൃശൂർ: തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ തട്ടിപ്പിൽ കൂടുതൽ ഇടപെടൽ നടത്താൻ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും. നിക്ഷേപകരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് ഇഡി. പണം പോയവർ നിരവധി പേർ ഉണ്ടെങ്കിലും ആരും പരാതിയുമായി എത്തുന്നില്ല. ഇതോടെ കമ്പനിയിൽ എത്തിയ പണം നേരാംവണ്ണം അധ്വാനിച്ചുണ്ടാക്കിയതല്ലെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടാണ് നിക്ഷേപകരുടെ വിവരങ്ങൾ കൂടി പരിശോധിക്കാൻ ഇഡി ഒരുങ്ങുന്നത്.
കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാർ രംഗത്ത് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. പണം തിരിച്ച് നൽകി കേസുകൾ ഒത്തുതീർപ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി വ്യക്തമാക്കുന്നു. ഒരു കോടിയിലധികം നിക്ഷേപകരിൽ നിന്നാണ് 1693 കോടി രൂപ മണി ചെയിൻ മാതൃകയിൽ ഹൈറിച്ച് കമ്പനി ഉടമകൾ കൈക്കലാക്കിയത്. 2 ഡോളറിന്റെ ഹൈറിച്ച് കോയിൻ എടുത്താൽ 10 ഡോളർ ആക്കി മടക്കി നൽകുമെന്നായിരുന്നു വാഗ്ദാനം.
കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണ് ലക്ഷങ്ങൾ നിക്ഷേപിച്ചവർ സംസ്ഥാനത്തും വിദേശത്തുമുണ്ട്. എന്നാൽ തട്ടിപ്പ് പുറത്ത് വന്നിട്ടും കമ്പനി ഉടമകൾ മുങ്ങിയിട്ടും പരാതിക്കാർ കാര്യമായി മുന്നോട്ട് വന്നിട്ടില്ല. ഇഡി അന്വേഷണം തുടങ്ങിയതിന് പിറകെ തൃശ്ശൂർ പുതുക്കാട് മാത്രമാണ് പുതിയ ഒരു പരാതി വന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വൻതുക നിക്ഷേപിച്ചവരുടെ വിവരങ്ങൾ തേടുന്നത്. എന്തുകൊണ്ട് പരാതിക്കാർ രംഗത്ത് വരുന്നില്ലെന്നാണ് പരിശോധിക്കുക. ഇതിന് പിന്നിൽ മറ്റാരുടെ എങ്കിലും ഇടപെടൽ ഉണ്ടോയെന്നു ഇഡി പരിശോധിക്കുന്നുണ്ട്.
നിലവിൽ പുതുക്കാട്, എറണാകുളം സൗത്ത്, സുൽത്താൻ ബത്തേരി കേസുകളിൽ മാത്രമാണ് ഇഡിക്ക് ഇസിഐആർ ഇട്ട് അന്വേഷിക്കാൻ കഴിയുന്ന ഐപിസി 420 വകുപ്പുകളുള്ള കേസുള്ളത്. മറ്റ് കേസുകളിൽ നിസാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ഇഡി അന്വേഷണം തുടങ്ങിയതോടെ പുതിയ നിക്ഷേപകർ ഹൈറിച്ചിൽ എത്തുന്നില്ല. പുതിയ അംഗങ്ങൾ ചേർന്നാൽ മാത്രമാണ് മുൻ അംഗങ്ങൾക്ക് ലാഭവിഹിതം നൽകാൻ കഴിയുക.
ഈ സഹാചര്യത്തിൽ അന്വേഷണം അട്ടിമറിക്കാൻ പ്രതികൾ നീക്കം തുടങ്ങി. ചേർപ്പ് സ്റ്റേഷനിലെ കേസ് റദ്ദാക്കാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമെന്നാണ് ഇഡി വിശദീകരിക്കുന്നത്. നിസാര വകുപ്പുകളുള്ള മറ്റ് കേസുകളും പണം നൽകി ഒത്തുതീർപ്പാക്കാനും നീക്കമുണ്ട്.. ഇത് ഇഡി അന്വേഷണത്തിനും തടസ്സമാകും. സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപകരെ വിശ്വാസത്തിലെടുക്കാൻ ഒളിവിലുള്ള പ്രതികൾ ശ്രമം നടത്തുന്നതായി വ്യക്തമാക്കുന്ന ഇഡി പ്രതികൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്.
അതേസമയം ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ 3141 കോടി രൂപ ഇതുവരെ നിക്ഷേപമായി സ്വീകരിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. നിയമസഭയിൽ എറണാകുളം എംഎൽഎ ടി ജെ വിനോദിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ പൊതുജനങ്ങളിൽ നിന്നായി 3141,33,91,800 രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈറിച്ച് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ ഡി പ്രതാപനും, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയ്ക്കുമായി ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീമിൽ നിയമ പ്രകാരമുള്ള ലംഘനങ്ങൾ കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്ത് സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ട് കെട്ടുകയും ചെയ്തിട്ടുണ്ട്. കേസിൽ അന്തർ സംസ്ഥാന പണമിടപാട് നടന്നതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും എന്നാൽ അന്താരാഷ്ട്ര ഇടപാടുകൾക്ക് തെളിവുകൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കൂടാതെ കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് പ്രതികൾ നടത്തിയിരിക്കുന്നതെന്നും അന്വേഷണത്തിൽ 1,157 കോടി രൂപ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചതായി സ്ഥിരീകരിച്ചുവെന്നും ഇഡി അധികൃതർ അറിയിച്ചു. പ്രതാപനെതിരെ സംസ്ഥാനത്ത് ഉടനീളം 19 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഇഡി പിഎംഎൽഎ കോടതിക്ക് മുൻപായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2011 ൽ തൃശ്ശൂരിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹൈറിച്ച് എന്ന സ്ഥാപനം തുടങ്ങുന്നതിനു മുൻപ് പ്രതാപൻ തൃശ്ശൂരിൽ ഗ്രീൻകോ സെക്യൂരിറ്റീസ് എന്ന പേരിൽ മറ്റൊരു മണി ചെയിൻ സ്ഥാപനം നടത്തിയിരുന്നുവെന്നും ഇതിന്മേൽ 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ചേർപ്പ് പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.
ഈ കേസുകളിൽ ജയിലിലായ പ്രതാപൻ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് ഹൈറിച്ച് ആരംഭിക്കുന്നത്. നിലവിൽ ഹൈറിച്ചിനെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റ് സ്റ്റേഷനുകളിലും നിരവധി പരാതികൾ എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. ഓൺലൈൻ ഷോപ്പി വഴിയും, എച്ച്ആർ ഒടിടി, എച്ച്ആർ കോയിൻ എന്നിവയുമായി ബന്ധപ്പെട്ട് 1693 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസിന്റെ ആദ്യ കണ്ടെത്തൽ.