കൊച്ചി: 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകളെ അടപലടം പൂട്ടാൻ ഇഡിയുടെ നീക്കം. റെയ്ഡ് എത്തുന്നതിന് മുമ്പ് കാറിൽ രക്ഷപെട്ട കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയാണ് അന്വേഷണ ഏജൻസികൾ കൈക്കൊള്ളുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹൈറിച്ച് ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പിയുടെ മറവിൽ നടന്ന തട്ടിപ്പിൽ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി.

ഹൈറിച്ച് കമ്പനി നടത്തിയത് വൻ തട്ടിപ്പാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നാണ് ഇ.ഡി. പറയുന്നത്. ഇതടക്കം ഇവരുടെ തട്ടിപ്പുകളെ കുറിച്ചു വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.

അതേസമയം, ഇ.ഡി. കേസിൽ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിൽ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒളിവിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് ഇഡി വ്യക്തമാക്കി. ഇവർക്കെതിരേ മുൻപും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും.

ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ 'ഹൈറിച്ച്' കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി. വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥർ എത്തുംമുമ്പ് അറസ്റ്റ് ഭയന്ന് കമ്പനി എം.ഡി. പ്രതാപൻ ദാസനും സിഇഒ.യും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താൻ നിർദ്ദേശം നൽകാൻ പൊലീസിനോട് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകൾ, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്. പലചരക്ക് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരു ഇടപാടുകാരന്റെ പേരിൽത്തന്നെ അമ്പതോളം ഐ.ഡി.കൾ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്.

എന്താണ് ഹൈറിച്ച്?

കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഹൈറിച്ച് വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും.

റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലയ്‌ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്.

നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമ്മാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്.

സ്വത്തുക്കൾ ജപ്തി ചെയ്തു

ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ ജപ്തി ചെയ്ത് കളക്ടർ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. ബഡ്സ് ആക്റ്റിന് വിരുദ്ധമായി അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം നൽകാതെ വഞ്ചനാക്കുറ്റം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ജപ്തി.

നിക്ഷേപ തട്ടിപ്പിന് എതിരായ പരാതികളിൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ചേർപ്പ് പൊലീസെടുത്ത കേസിലാണ് നടപടി. മാനേജിങ് ഡയറക്ടർമാരായ കോലാട്ട് പ്രതാപൻ, ഭാര്യ കാട്ടൂക്കാരൻ ശ്രീധരൻ ശ്രീന എന്നിവരും മറ്റുജീവനക്കാരും, നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിലും നിക്ഷേപം സ്വീകരിക്കുന്നതിന് എതിരെ ആയിരുന്നു പരാതി.

ജിഎസ്ടി വെട്ടിപ്പും

126 കോടിയുടെ നികുതിവെട്ടിപ്പാണ് ഹൈറിച്ച് നടത്തിയതെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ജി.എസ്.ടി. പിടികൂടുന്ന ഏറ്റവും വലിയ നികുതിവെട്ടിപ്പാണിത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പൻ നികുതിവെട്ടിപ്പ് നടത്തിയത്. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനം മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനെ മറയ്ക്കാൻ ഡിജിറ്റൽ സ്‌പേസ്-ഉത്പന്ന വിൽപ്പനകൾ നടത്തിയിരുന്നു.

ഇതിലെ ഉത്പന്നവിൽപ്പനകൾക്ക് ജി.എസ്.ടി. അടച്ചില്ലെന്നതാണ് കുറ്റം. ഒരാൾ രണ്ടോ മൂന്നോ പേരെ ഇതിലേക്ക് ചേർക്കുമ്പോൾ ആദ്യത്തെ ആൾക്ക് പണം തിരിച്ചുകിട്ടുന്ന മണിചെയിൻ രീതിയിലായിരുന്നു പിടിക്കപ്പെടുന്നത്. സംസ്ഥാന ജി.എസ്.ടി.യുടെ കാസർകോട് ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓൺലൈൻ പരസ്യങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് നിർണ്ണായകമായത്.