- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് ഉടമകൾ തട്ടിയെടുത്തത് 1157 കോടി
തൃശൂർ: മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകൾ 1157 കോടി രൂപ കൈവശപ്പെടുത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. എച്ച്. ആർ കോയിൻ എന്ന പേരിൽ ഒരു ക്രിപ്റ്റോ കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി പുറത്തിറക്കിയ കണക്കുകൾ പറയുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇ.ഡി വ്യക്തമാക്കി.
ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്റെയും ശ്രീന പ്രതാപന്റെയും വീടുകളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.അഞ്ചു കമ്പനികൾ വഴിയാണ് 1157 കോടി രൂപ തട്ടിയെടുത്തത്. ക്രിപ്റ്റോ ഇടപാടുകൾ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇവർ നടത്തിയത്. അഞ്ചു കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്.
പ്രതാപനും ഭാര്യ ശ്രീനയും ഹൈറിച്ച് കൂപ്പൺ വഴിയും നിക്ഷേപകരുമായി ഇടപാടുകൾ നടത്തിയിരുന്നു.ഇ.ഡിയുടെ റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമകളായ കെ.ഡി. പ്രതാപനും ശ്രീനയും ഇപ്പോഴും ഒളിവിലാണ്. ഇവർക്കെതിരെ കള്ളപ്പണ ഇടപാടിന് പി.എംഎൽഎ പ്രകാരം കേസെടുത്തിട്ടുണ്ട്.
അതേസമയം തട്ടിച്ച ശതകോടികളിൽ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഹൈറിച്ച് ഉടമകൾ, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണട്. ഇടപാടുകൾക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ഇവരുടെ കേന്ദ്രങ്ങളിലും കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുന്നുണ്ട്. ഹൈ റിച്ച് ഉടമകളെ കണ്ടെത്താൻ പൊലീസ് മതിയായ സഹായം നൽകുന്നില്ലെന്ന വിലയിരുത്തലും കേന്ദ്ര ഏജൻസിക്കുണ്ട്. ഈ സാഹചര്യത്തിൽ എൻഐഎ അടക്കമുള്ളവരുടെ സഹായം തേടും. വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകും.
ഓൺലൈൻ മാർക്കറ്റിങ്, മണിചെയിൻ ഇടപാടുകൾക്കു പുറമെ ഹൈ റിച്ച് ഉടമകൾ കോടികൾ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇഡി അന്വേഷണം തുടരുന്നത്. കഴിഞ്ഞ വർഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടി തുടങ്ങിയത്. സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയാണ് ഹൈറിച്ച് ഉടമകൾ വാങ്ങിയത്. പുത്തൻപടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളിൽ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.
ഇതിനു പിന്നാലെയാണ് എച്ച്ആർ ക്രിപ്റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആർ ക്രിപ്റ്റോയുടെ മൂല്യം രണ്ട് ഡോളറാണ്. 160 ഇന്ത്യൻ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിനു പേരിൽ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയിൽ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകൾക്കാണെന്നും വിലയിരുത്തലുണ്ട്. 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്.
എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചിട്ടുണ്ട്. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പിയുടെ മറവിൽ നടന്ന തട്ടിപ്പിൽ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് കമ്പനി നടത്തിയത് വൻ തട്ടിപ്പാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നാണ് ഇ.ഡി. പറയുന്നത്.