- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇഡിക്ക് പിഴച്ചത് എല്ലാം പൊലീസിനെ മുൻകൂട്ടി അറിയിച്ചിടത്ത്
തൃശൂർ: 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽപ്പെട്ട ഹൈ റിച്ച് കമ്പനിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ വെട്ടിച്ചു മുഖ്യപ്രതികൾ കടന്നതിൽ കേന്ദ്ര ഏജൻസിക്ക് നാണക്കേടായി. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണു ഡ്രൈവർക്കൊപ്പം കാറിൽ പോയത്. വിവര ചോർച്ച ഇഡി അന്വേഷിക്കുന്നുണ്ട്.
കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പു നടത്തിയെന്നും ക്രിപ്റ്റോ കറൻസി ഇടപാടുകളടക്കം വാഗ്ദാനം ചെയ്തു പണം തട്ടിയെന്നുമാണു കണ്ടെത്തൽ. ഇഡി പിടികൂടാനെത്തും മുൻപേ തൃശൂർ റൂറൽ പൊലീസ് തന്നെ ദമ്പതികൾക്ക് രക്ഷപ്പെടാൻ വിവരം ചോർത്തി നൽകിയെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.
സായുധസേനയ്ക്കൊപ്പമെത്തിയ ഇ.ഡി സംഘത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലൂടെ ഇവർ അതിവേഗം കടന്നു. തങ്ങൾ എത്തുന്നതിനു മുൻപു തന്നെ റെയ്ഡ് വിവരമറിഞ്ഞ് ഇവർ രക്ഷപ്പെട്ടെന്നാണു ഇ.ഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് അന്വേഷണം. ഇഡി എത്തുന്നത് അറസ്റ്റു ചെയ്യാനാണെന്നും ജയിലിൽ പോകേണ്ടി വരുമെന്നും ഹൈ റിച്ച് ഉടമകൾ തിരിച്ചറിഞ്ഞിരുന്നു. നേരത്തെ ജി എസ് ടി വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും പ്രതാപനെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഇഡിയും അന്വേഷണം നടത്തിയത് കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിൽ ഇഡി എത്തി. ഈ സാഹചര്യത്തിലായിരുന്നു തൃശൂർ ഓപ്പറേഷൻ. പൊലീസും ഇവർക്കെതിരെ കേസെടുത്തിരുന്നു. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പിൽ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്ട് കോംപിറ്റന്റ് അഥോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിരുന്നു.
കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമായിരുന്നു രാവിലെ പത്തോടെ ഇ.ഡി റെയ്ഡിനെത്തിയത്. അതീവ രഹസ്യമായാണു റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നതു തിരിച്ചടിയായി. പ്രതികളെ കണ്ടെത്താൻ പൊലീസിന്റെ സഹായത്തോടെ ഇ.ഡി വലവിരിച്ചിട്ടുണ്ട്. കണ്ണൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഇവർ മാറിയെന്നാണ് സൂചന. കണ്ണൂരിലെ ചില രാഷ്ട്രീയ നേതാക്കളുമായി ഇവർക്ക് ബന്ധമുണ്ട്. കണ്ണൂർ-കാസർകോഡ് മേഖല കേന്ദ്രീകരിച്ചും ഇവർ തട്ടിപ്പുകൾ നടത്തി. ഇവിടെ ഉന്നതരായ രാഷ്ട്രീയ സുഹൃത്തുക്കൾ ഇവർക്കുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി 1630 കോടി രൂപയാണെന്നു ചേർപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും 100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്ന വിവരമാണ് ഇ.ഡി അന്വേഷിക്കുന്നത്. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നു. ഇതോടെ ഇഡിക്ക് കേസെടുക്കാവുന്ന സാഹചര്യവും വന്നു. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കാസർകോട് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതാപനെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. എംഎൽഎം രീതിയിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. കാസർകോട് രഹസ്യാന്വേഷണ വിഭാഗം സീനിയർ ഇന്റലിജൻസ് ഓഫീസർ രമേശൻ കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജി.എസ്.ടി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ഭാര്യയും കമ്പനി സിഇഒയുമായി ശ്രീന കെ പ്രതാപനെയും തൃശൂരിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ രണ്ട് തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് മേൽ 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പിന്നീട് ജാമ്യം കിട്ടി.
കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഇവരുടെ പ്രധാന വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കുമെന്നാണ് ഇവർ പറഞ്ഞിരുന്നത്. റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്.
ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലയ്ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചിരുന്നു. നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമ്മാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്.