ഇടുക്കി: കാഞ്ചിയാറിലെ അദ്ധ്യാപികയായ അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയത് എങ്ങനെയെന്ന കാര്യത്തിൽ പൊലീസിന് വ്യക്തത കൈവന്നു. പ്രതി വിജേഷ് നൽകിയ മൊഴിയും പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റു സാധ്യതകളും പരിശോധിച്ചാണ് അന്വേഷണ സംഘം ഇക്കാര്യത്തിൽ ഒരു നിഗമനത്തിൽ എത്തിയത്. തികച്ചു അപ്രതീക്ഷിത നീക്കത്തോടെയാണ് അനുമോളെ ഭർത്താവ് കീഴ്‌പ്പെടുത്തിയത്.

ഹാളിലെ കസേരയിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അനുമോളെ പിന്നിലൂടെയെത്തി വിജേഷ് ഷാൾ കഴുത്തിൽ മുറുക്കിയത്. പിടഞ്ഞപ്പോൾ ബാലൻസ് തെറ്റി ഇരുവരും നിലംപതിച്ചു. എന്നിട്ടും ഷാളിൽ നിന്നും പിടിവിട്ടില്ല. തുടർന്ന് വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു. ഇവിടെ വച്ച് എക്കിൾ എടുത്തപ്പോൾ വെള്ളം നൽകി ശമിപ്പിക്കാനായി ശ്രമം. ഇതിന് ശേഷം ഷാൾ കുറച്ചുകൂടി ശക്തിയിൽ മിറുക്കി. മരണം ഉറപ്പിക്കാൻ കൈയിലെ ഞരമ്പ് മുറിച്ചു. തുടർന്ന് മൃതദ്ദേഹം കട്ടിലിനടിയൽ തള്ളി. പിന്നെ മകൾക്കൊപ്പം ഒന്നും സംഭവിക്കാത്ത് ഭാവത്തിൽ കിടന്നുങ്ങി.

പുലർച്ചെ മകൾ ഉണരുന്നതിന് മുമ്പെ എഴുന്നേറ്റ് മൃതദ്ദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ ഊരിയെടുത്തു. പിന്നീട് പുതപ്പിൽ പൊതിഞ്ഞ് വീണ്ടും കട്ടിലിനടിയിൽ തള്ളി. ഭാര്യ അനുമോളെ കൊലപ്പെടുത്തിയ രാത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഭർത്താവ് തെളിവെടുപ്പു വേളയിൽ പൊലീസിനോട് വിവരിച്ചത് ഇങ്ങനെയാണ്. കൃത്യത്തിന് ശേഷം താൻ ആത്മഹത്യയ്ക്കൊരുങ്ങിയെന്നും തന്റെ കൈയിൽ മുറിവ് സൃഷ്ടിച്ചെന്നും മറ്റും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ വിജേഷിന്റെ ഈ വാദം തെറ്റാണെന്നാണ് പൊലീസിന് മനസ്സിലായ കാര്യം.

കൈയിൽ നേരിയ മുറിവ് കാണുന്നുണ്ടെങ്കിലും ഇത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നാണ് പൊലീസ് ഭാഷ്യം. മദ്യലഹരിയിലായിരുന്ന താൻ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് ജീവിക്കാമെന്ന പറഞ്ഞെന്നും ഈയവസരത്തിൽ അനുമോൾ അനുകൂലിക്കാൻ തയ്യാറായില്ലെന്നും ഇതെത്തുടർന്നാണ് വകവരുത്താൻ തീരുമാനിച്ചതെന്നും വിജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. വിജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായി അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 11 ന് രാവിലെ ഇരുവരും വനിതാസെല്ലിൽ എത്തി, കാര്യങ്ങൾ സംസാരിച്ച് പിരിഞ്ഞിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ അനുമോൾ തറവാട്ട് വീട്ടിലേക്കും വിജേഷ് തന്റെ സ്വന്തം വീട്ടിലേക്കും പോയി.

തുടർന്ന് ഒരാഴ്ച അനുമോൾ തറവാട്ടിൽ വീട്ടിൽ നിന്നാണ് സ്‌കൂളിൽ എത്തിയിരുന്നത്. ശനിയാഴ്ച സ്‌കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ വെള്ളിയാഴ്ച വൈകിട്ട് അനുമോൾ താമസിച്ചാണ് സ്‌കൂളിൽ നിന്നും ഇറങ്ങിയത്. അതിനാൽ കാഞ്ചിയാർ പേഴുംകണ്ടത്തുള്ള വീട്ടിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ വിജേഷും ഉണ്ടായിരുന്നു. സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ അനുമോൾ പിറ്റേന്ന് നടക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ പരിപാടികൾ എഴുതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു.ഇതിനിടയിലാണ് സംസാരത്തിനിടെ പ്രകോപിതനായി വിജേഷ് അനുമോളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്.

കൃത്യത്തിന് ശേഷം തന്റെ വീട്ടിലേയ്ക്കും അനുമോളുടെ വീട്ടിലേയ്ക്കും വിളിച്ച് ഭാര്യ എങ്ങോട്ടോ ഇറങ്ങിപ്പോയി എന്ന് വരുത്താനും ഇയാളുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായി. തുടർന്ന് ഇയാൾ അനുവിനെ കാണാനില്ല എന്ന് കാണിച്ച് കട്ടപ്പന പൊലീസ്ൽ പരാതിയും നൽകുകിയിരുന്നു. പിന്നീട് ഭാര്യയുടെ മോതിരവും ചെയിനും ലബക്കടയിലെ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തി ,പണം കൈയ്ക്കലാക്കി.ഇതിനിടയിൽ ബീവറേജസിൽ വച്ച് അനുമോളുടെ മൊബൈൽ കെട്ടിട നിർമ്മാണ തൊഴിലാളിക്ക് 5000 രൂപയ്ക്ക് വിജേഷ് വിറ്റിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച സന്ധ്യയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അനുമോളുടെ മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്.വിവരം പുറത്തുവന്നതോടെ ഇയാൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒളിവിൽക്കഴിഞ്ഞ വിജേഷ് ഇന്നലെ രാവിലെ തിരച്ച് കുമളിൽ എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ തിരച്ചിലിൽ റോസാപ്പൂകണ്ടത്തുനിന്നംും വിജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.വിജേഷിനെ ഇന്ന് രാവിലെ ലബക്കടയിലെ ധനകാര്യസ്ഥാപനത്തിലും വീട്ടിലുമെത്തിച്ച് തെളിവെടുത്തു.തെളിവെടുപ്പിനിടിടെ അയൽക്കാർ വിജേഷിനുനേരെ രോക്ഷ പ്രകടനവുമായി എത്തിയിരുന്നു.

അനുമോളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും രക്തം പറ്റിയ തുണികളും ഇയാൾ വീടിന് സമീപത്ത് കൂട്ടിയിട്ട് കത്തിച്ചിരുന്നു.ഈ സ്ഥലവും വിജേ്ഷ് പൊലീസിനെ കാണിച്ചു. കാഞ്ചിയാർ പള്ളിക്കവല നഴ്‌സറി സ്‌കൂൾ അദ്ധ്യാപികയാണ് അനുമോൾ എന്ന പി ജെ വത്സമ്മ. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ-ഫിലോമിന ദമ്പതികളുടെ മകളാണ്. മാർച്ച് 18 മുതൽ അനുമോളെ കാണാതായെന്ന് കാണിച്ച് ബിജേഷ് 19 ന് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന നടത്തിയ തിരച്ചിലിൽ 21 ന് വൈകീട്ട് ആറരയോടെ പേഴുംകണ്ടത്തെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിന് അടിയിൽ നിന്നും അനുമോളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അനുമോൾ കൊല്ലപ്പെട്ടെന്ന് കരുതുന്ന മാർച്ച് 17 ന് ശേഷവും വിജേഷ് വീട്ടിലുണ്ടായിരുന്നു. 19 ന് വീട്ടിലെത്തിയ അനുമോളുടെ ബന്ധുക്കളെ ഇയാൾ വീട്ടിൽ കയറ്റാതെ തന്ത്രപൂർവം തിരിച്ചയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ അന്നുമുതലാണ് ബിജേഷിനെ കാണാതാകുന്നത്. അഞ്ചുവയസ്സുള്ള ഇവരുടെ കുട്ടിയെ തറവാട്ടുവീട്ടിൽ കൊണ്ടു ചെന്നാക്കിയിട്ടാണ് പ്രതി മുങ്ങിയത്. അനുമോൾ ആരുടെയോ കൂടെ പോയെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്.