മുംബൈ: കോൺ ഐസ്‌ക്രീമിൽ, മനുഷ്യവിരൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു. ആരുടെ വിരൽ എന്ന ചോദ്യത്തിന് പൊലീസിന് മറുപടി കിട്ടി. യമ്മോ കമ്പനിയുടെ പൂണെ ഫാക്ടറിയിലെ ഒരു ജീവനക്കാരന് അപകടത്തിൽ വിരലിന് മുറിവേറ്റതായാണ് കണ്ടെത്തൽ. ഈ അപകടം നടന്ന അതേദിവസം തന്നെയാണ് വിരൽ കണ്ടെത്തിയ കോൺ ഐസ്‌ക്രീമും പായ്ക് ചെയ്തത്.

സാമ്പിളുകൾ പൊലീസ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. വിരലിന് മുറിവ് പറ്റിയ ജീവനക്കാരന്റെ വിരൽഭാഗമാണോ ഐസ്‌ക്രീമിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഫലം ഒത്തുവന്നാൽ, കമ്പനിക്കെതിരെ പുതിയ കേസെടുക്കും.

ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്‌ക്രീമിൽ നിന്ന് വിരൽ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നൽകിയത്. ഡോക്ടർക്കായി സഹോദരി ഓൺലൈനായി ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ നിന്നാണ് വിരലിന്റെ ഭാഗം ലഭിച്ചത്. മൂന്ന് കോൺ ഐസ്‌ക്രീമാണ് ഓർഡർ ചെയ്തത്. ബട്ടർ സ്‌കോച്ച് ഐസ്‌ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായിൽ എന്തോ അസാധാരണമായി തടഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. പിന്നാലെ മലാഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമ്മാണ കമ്പനിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. സംഭവത്തിൽ ഐസ്‌ക്രീം കമ്പനിയായ യമ്മോയുടെ ലൈസൻസ് എഫ്എസ്എസ്എഐ സസ്പെൻഡ് ചെയ്തു. ഐസ്‌ക്രീം കമ്പനിയിൽ എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തിയ ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.