- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞുണ്ടായത് വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം; ആത്മഹത്യ ചെയ്യില്ല'; ആദിവാസി യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് സഹോദരൻ; യുവാവിന്റെ മരണം ആൾക്കൂട്ട മർദ്ദനത്തിന് പിന്നാലെ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണം ഉയരുന്നതിനിടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ കോളജ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും.
വയനാട് മേപ്പാടിയിലെ ആദിവാസി യുവാവ് വിശ്വനാഥനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സഹോദരൻ രാഘവനാണ് വിശ്വാഥനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞുണ്ടായത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണമുണ്ട്. സഹോദരനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവൻ ആരോപിച്ചു. മോഷണം നടത്തുന്നയാളല്ല വിശ്വനാഥനെന്നും സഹോദരൻ പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയപ്പോൾ, മോഷണം നടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചതിന് പിന്നാലെയാണ് തുങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൽപറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) ആണു മരിച്ചത്. രണ്ടു ദിവസം മുൻപ് ആൾക്കൂട്ടം മർദിച്ചപ്പോൾ ആശുപത്രിയിൽനിന്ന് ഓടി രക്ഷപ്പെട്ട വിശ്വനാഥന്റെ മൃതദേഹം കഴിഞ്ഞദിവസം രാവിലെ മെഡിക്കൽ കോളജ് പഴയ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്താണു കണ്ടെത്തിയത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ച മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച ബിന്ദു ആൺകുഞ്ഞിനു ജന്മം നൽകി. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥൻ കാത്തുനിന്നത്. വ്യാഴാഴ്ച ഇവിടെയുണ്ടായിരുന്ന ആരുടെയോ മൊബൈൽ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥൻ മോഷ്ടാവാണെന്നും ആരോപിച്ച് ചിലർ ബഹളം വച്ചു. ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു.
എന്നാൽ ആൾക്കൂട്ട മർദനമെന്നതിന് പ്രാഥമിക തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. കഴുത്തിൽ കയർ കുരുങ്ങിയ അടയാളമുണ്ടെന്ന് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനൻ പറഞ്ഞു. വിശ്വനാഥനുമേൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനമേറ്റതിന്റെ പാടുകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് മെഡിക്കൽ കോളേജ് എ.സി.പി.യുടെ വിശദീകരണം. കുടുംബം ഗുരുതരമായ ആരോപണമുന്നയിച്ച സാഹചര്യത്തിൽ സുരക്ഷാ ജീവനക്കാർക്കോ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർക്കോ മരണത്തിൽ പങ്കുണ്ടോ എന്നകാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം വേഗത്തിലാക്കി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. വിശ്വനാഥന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
മറുനാടന് മലയാളി ബ്യൂറോ