- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ നടുക്കി വീണ്ടും നരബലി: ഗർഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി ഏഴുവയസുകാരിയെ കൊലപ്പെടുത്തി അയൽവാസി; താന്ത്രികന്റെ നിർദ്ദേശപ്രകാരം കൊടും ക്രൂരത ചെയ്തത് ബംഗാൾ സ്വദേശി അലോക് കുമാർ; ബിഹാറിയായ താന്ത്രികനായി തിരച്ചിൽ
കൊൽക്കത്ത: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്ന ഇലന്തൂരിലെ നരബലി കേസ്. ഈ കേസിന് ശേഷം ഇപ്പോൾ രാജ്യത്തെ നടക്കുന്ന മറ്റൊരു നരബലിയുടെ വിവരങ്ങൾ കൂടി പുറത്തുവന്നു. കൊച്ചു കുഞ്ഞിനെ ബലി കൊടുത്തു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. കൊൽക്കത്തയിലെ ടിൽജാല ജില്ലയിലാണ് നരബലി നടന്നത്. ഏഴ് വയസ്സുകാരിയായ പെൺകുട്ടിയെയാണ് അയൽവാസി കൊലപ്പെടുത്തിയത്.
ഗർഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ വേണ്ടിയാണ് അലോക് കുമാർ എന്നയാൾ കുട്ടിയെ ബലികൊടുത്തത്. അതേസമയം ഒരു താന്ത്രികന്റെ നിർദ്ദേശപ്രകാരമാണ് അലോക് കുമാർ ഈ കൊടും ക്രൂരത ചെയ്തത്. സംഭവത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കയാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷത്തിൽ പൊലീസ് അതേ കെട്ടിടത്തിൽ നിന്ന് തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലൈംഗികമായി കുട്ടിയെ ഉപദ്രവിച്ചോ എന്നത് അടക്കമുള്ള വിവരങ്ങൾ ലഭിക്കുന്നതിന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഗുരുതരമായ പരുക്കുകളോട് കൂടിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നിരിക്കുന്നത്.
ഭാര്യയ്ക്ക് മൂന്നുവട്ടം ഗർഭഛിദ്രം സംഭവിച്ചതോടെ അലോക് കുമാർ കടുത്ത നിരാശയിൽ ആയിരുന്നു. ഈ സമയത്താണ് ഇയാൾ ഒരു താന്ത്രികന്റെ അടുത്ത് ചെല്ലുന്നത്. കുഞ്ഞുണ്ടാകാനായി നരബലി നടത്തണമെന്ന താന്ത്രികന്റെ വാക്ക് വിശ്വസിച്ച ഇയാൾ ഏഴു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ബീഹാർ സ്വദേശിയായ അലോക് കുമാർ ഏറെ നാളായി കൊൽക്കത്തയിലാണ് താമസം.
നരബലി നടത്താൻ നിർദ്ദേശിച്ച താന്ത്രികൻ ബീഹാറിൽ നിന്നുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി പൊലീസ് സംഘം ഉടൻ ബീഹാറിലേക്ക് പോകുന്നുമെന്നാണ് പൊലീസ് നൽകുന്ന വിവരങ്ങൾ. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ട് പ്രകോപിതരായ നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി.
മറുനാടന്‍ ഡെസ്‌ക്