കൊൽക്കത്ത: സൈബറിടത്തിലെ സജീവമായ ഭാര്യയെ സംശയം മൂൂത്ത ഭർത്താവ് കഴത്തറുത്തു കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലിയും സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുമുള്ള തർക്കത്തിനിടെയാണ് കൊലപാതകം. പശ്ചിമബംഗാളിലെ ജോയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹരിനാരായൺപുർ സ്വദേശിനിയായ അപർണ(35)യെയാണ് ഭർത്താവ് പരിമാൾ ബൈദ്യ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്‌കൂൾ വിദ്യാർത്ഥിയായ മകൻ വെള്ളിയാഴ്ച ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് അപർണയെ വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ചുകിടക്കുന്നനിലയിൽ അമ്മയുടെ മൃതദേഹം കണ്ട് എട്ടാംക്ലാസുകാരൻ നിലവിളിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഓടിയെത്തിയ അയൽക്കാർ ഉടൻതന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

17 വർഷം മുൻപ് വിവാഹിതരായ ദമ്പതിമാർക്കിടയിൽ അടുത്തിടെയായി വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ വഴക്കിന് അടുത്തിടെ കാരണമായത് ഭാര്യയുടെ സോഷ്യൽ മീഡിയ ഇടപെടലുകളായിരുന്നു. അപർണ ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യുന്നതിനെ ഭർത്താവ് പരിമാൾ എതിർത്തിരുന്നു. ഇൻസ്റ്റഗ്രാം റീൽസ് കാരണം അപർണ നിരവധിപേരുമായി സൗഹൃദം പുലർത്തുന്നതും ഭർത്താവിന്റെ വൈരാഗ്യത്തിന് കാരണമായി. ഈ സൗഹൃദങ്ങളെ സംശയത്തോടെയാണ് ഭർത്താവ് കണ്ടത്. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി റീൽസ് ചെയ്തിരുന്ന അപർണയ്ക്ക് സാമൂഹികമാധ്യമങ്ങളിൽ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. ഈ സുഹൃത്തുക്കളുമായി ഇവർ പതിവായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭർത്താവിന് ഇതൊന്നും ഇഷ്ടമായിരുന്നില്ല. മാത്രമല്ല, അപർണയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും ഭർത്താവ് സംശയിച്ചു. നിരന്തരമായ വഴക്കിനെത്തുടർന്ന് അടുത്തിടെയാണ് അപർണ സ്വന്തം വീട്ടിലേക്ക് പോയത്. തുടർന്ന് വീണ്ടും ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എട്ടാംക്ലാസിൽ പഠിക്കുന്ന മകനും നഴ്സറി വിദ്യാർത്ഥിനിയായ മകളുമാണ് ദമ്പതിമാർക്കുള്ളത്. സംഭവസമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. അമ്മയും അച്ഛനും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായി എട്ടാംക്ലാസുകാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മയെ കൊല്ലുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നതായും വ്യാഴാഴ്ച രാത്രിയും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായും മകൻ പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ പ്രതി പരിമാൾ ബൈദ്യ ഒളിവിൽപോയിരിക്കുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.