- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുക ലക്ഷ്യം; അഞ്ച് പ്രതികളിൽ നാലുപേരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തും; നടപടി, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത്
ഹൈദരാബാദ്: ഹൈദരാബാദിൽ 17-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനായി നീക്കം. പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളിൽ നാലുപേരെ മുതിർന്നവരായി പരിഗണിച്ച് കേസിൽ വിചാരണ പൂർത്തിയാക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദ്ദേശം നൽകി. കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്താണ് ബോർഡ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളേയും മുതിർന്നവരായി പരിഗണിക്കാനുള്ള ആവശ്യവുമായി പൊലീസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. പ്രായപൂർത്തിയായില്ലെന്ന പരിഗണനയിൽ പ്രതികൾക്ക് താരതമ്യേന ചെറിയ ശിക്ഷയേ ലഭിക്കുകയുള്ളൂവെന്നും ബാലനീതി നിയമപ്രകാരം പ്രതികൾക്ക് മൂന്ന് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയില്ലെന്നും പൊലീസ് ഉന്നയിച്ചിരുന്നു.
ആറ് പേരടങ്ങിയ സംഘമാണ് 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തത് എന്നാണ് കേസ്. ഇതിൽ ഒരു പ്രതിക്ക് 18 വയസ് പൂർത്തിയായിരുന്നു. മറ്റ് അഞ്ച് പ്രതികളിൽ ഒരാളുടെ മേൽ ഹീനമല്ലാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്ന കാരണത്താലാണ് അയാളെ മുതിർന്ന പ്രതിയായി പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും ബലാത്സംഗം ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
മെയ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂബിലി ബിൽ പാലസിലെ ഒരു പബിൽ പകൽസമയത്ത് നടന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ പ്രതികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതികൾ പബിൽ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. പ്രതികൾ ഉന്നത രാഷ്ട്രീയബന്ധം പുലർത്തിയിരുന്നവരായതിനാൽ തന്നെ ദേശീയ ശ്രദ്ധ നേടിയിരുന്നു. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധ സമരം നടന്നിരുന്നു.
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസിലെ മുതിർന്ന നേതാവിന്റെ മകനും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.