- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്ക്; അന്വേഷണം സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ അടക്കമുള്ള മൂവർ സംഘത്തിലേക്ക്; സ്ഥാപനത്തിൽ രാഷ്ട്രീയ ബെനാമികളുണ്ടോ എന്നും അന്വേഷിക്കും
തൃശൂർ: സാമ്പത്തിക തട്ടിപ്പുകൾ പതിവായ കേരളത്തിൽ അനുദിനമാണ് ഓരോ തട്ടിപ്പുകൾ പുറത്തുവരുന്നത്. ഹൈറിച്ച് തട്ടിപ്പുകളെ വെല്ലുന്ന സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിൽ തെളിയുന്നത്. നിക്ഷപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഒടുവിൽ പുറത്തുവന്ന കണ്ടെത്തൽ.
പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അന്വേഷണം സൊസൈറ്റി ചെയർമാൻ അടക്കം മൂവർ സംഘത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി രാജ്യ വ്യാപകമായി 34 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. തട്ടിപ്പിൽ സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ, സിനിമാ നിർമ്മാതാവ് അജിത് വിനായക, വഡോദ്ര സ്വദേശി യതിൻ ഗുപ്ത എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തനപരിധിയുള്ള സഹകരണസംഘമാണ് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി. ഈ സൊസൈറ്റികേന്ദ്രീകരിച്ചു കോടിക്കണക്കിന് രൂപയുടെ ദുരൂഹ ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് സ്ഥാപനത്തിന്റെ 120ൽ ഏറെ ഓഫിസുകളിൽ പരിശോധന നടത്തിയത്.
4 വർഷത്തിനിടെ 3800 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായും 1100 കോടി രൂപ കൊൽക്കത്തയിലെ ചില കടലാസ് കമ്പനികൾക്ക് നൽകിയതായും കണ്ടെത്തി. പ്രമോട്ടർമാരുടെ സ്വന്തം കമ്പനികൾക്കും വൻതുക നൽകി. ഈ വായ്പകളിൽ തീരെ തിരിച്ചടവുണ്ടായിട്ടില്ല. തൃശൂർ സ്വദേശിയായ പ്രമോട്ടർ സോജന്റെ കമ്പനിക്ക് 250 കോടി രൂപയും ഗുജറാത്ത് വഡോദര സ്വദേശിയായ രതിൻ ഗുപ്തയുടെ കമ്പനിക്ക് 800 കോടി രൂപയും വായ്പ നൽകി.
രതിൻ ഗുപ്ത 2 സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കി. അജിത് വിനായക് എന്നയാൾക്ക് 250 കോടി രൂപയാണു സൊസൈറ്റിയിൽനിന്നു നൽകിയത്. ഇയാൾ 70 കോടി രൂപ സിനിമ നിർമ്മാണത്തിനും 80 കോടി രൂപ ആഫ്രിക്കയിലേക്കു വാഹനങ്ങൾ കയറ്റുമതി ചെയ്യാനും 40 കോടി രൂപ സ്വത്തുക്കൾ വാങ്ങാനും ചെലവിട്ടതിന്റെ രേഖകൾ കണ്ടെത്തി. 50 കോടിയോളം രൂപ ഇയാൾ ഉയർന്ന പലിശയ്ക്കു വായ്പ നൽകി. രതിൻ ഗുപ്തയ്ക്കും അജിത് വിനായകിനും കേരള രാഷ്ട്രീയത്തിലെ ചില പ്രധാന നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
സൊസൈറ്റിയിൽ ബെനാമി ഇടപാടുകൾ ഉണ്ടോ എന്നാണു പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. കേരളത്തിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണു വൻ തുകകളുടെ കൈമാറ്റം നടന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. 3800 കോടി രൂപ നിക്ഷേപത്തിൽ അധികവും കേരളത്തിൽനിന്നാണ്. ഏജന്റുമാർക്ക് 2% കമ്മിഷനും നിക്ഷേപകർക്ക് 12.5% വരെ പലിശയും വാഗ്ദാനം ചെയ്താണു നിക്ഷേപം സ്വീകരിച്ചത്. 10 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതോടെ നിക്ഷേപകരും കടുത്ത ആശങ്കയിലാണ്.
മറുനാടന് മലയാളി ബ്യൂറോ