- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
കട്ടപ്പന : കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിന് ശേഷം മുങ്ങിയ ഭർത്താവ് ബിജേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇയാൾ അതിർത്തി കടന്നിരിക്കാമെന്നാണ് സൂചന. കുമളി അതിർത്തിയിൽ നിന്നും ഇയാളുടെ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയെ കണ്ടെത്തിയെങ്കിൽ മാത്രമേ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു.
അനുമോളെ( വത്സമ്മ)(27) കഴിഞ്ഞ ഞായറാഴ്ചയാണ് കാണാനില്ലെന്ന് കാട്ടി ഭർത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. സംശയത്തെ തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്റെ പിൻവാതിൽ തുറന്ന് നടത്തിയ തെരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കുറച്ച് കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇനിയും ഒരുമിച്ച് ജീവിക്കാൻ കഴിയല്ലെന്ന് വത്സമ്മ മാതാപിതാക്കളെയും അടുത്ത സൗഹൃദമുള്ള വത്സമ്മയുടെ പിതൃസഹോദരിയേയും അറിയിച്ചിരുന്നു.മസ്‌കറ്റിലുള്ള പിതൃ സഹോദരി സലോമിക്കാണ് യുവതി അവസാനമായി വാട്ട്‌സ് ആപ്പ് സന്ദേശമയച്ചത്. വെള്ളിയാഴ്‌ച്ച രാത്രിയിലാണ് സലോമിക്ക് ശബ്ദ സന്ദേശമെത്തിയത്. ബിജേഷ് പ്രശ്‌നമുണ്ടാക്കുകയാണെന്നും തനിക്ക് ഇനിയും ബിജേഷിനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.' ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ.ഞാൻ മടുത്തു അമ്മേ, എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം...കൊല്ലപ്പെട്ട വത്സമ്മ പിതൃ സഹോദരിക്ക് അവസാനമായി അയച്ച ശബ്ദ സന്ദേശമിങ്ങെനെ.... എന്നാൽ മറ്റ് ബന്ധുക്കൾ അടക്കം യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഫോൺ പിന്നീട് സ്വീച്ച് ഓഫായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു യുവതിയെ കാണാനില്ലെന്ന ഭർത്താവ് ബിജേഷിന്റെ നുണക്കഥ. വത്സമ്മയെ വകവരുത്തിയ ശേഷം ബിജേഷ് നടത്തിയത് ആസൂത്രിതമായ നീക്കങ്ങളാണ്. ആദ്യം തന്നെ ഭാര്യയുടെ വീട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതിയുടെ തന്ത്രപരമായ നീക്കം. കെട്ടിപ്പടുത്ത നുണകഥകൾ ഓരോന്നായി തകരുവാൻ തുടങ്ങിയതോടെ സ്വന്തം കുട്ടിയെ തറവാട് വീട്ടിലാക്കിയ ശേഷം പ്രതി മുങ്ങി. പിന്തുടർന്നെത്താതെയിരിക്കുവാൻ പോയ വഴിയിൽ ഇയാൾ മൊബൈൽ ഫോൺ തമിഴ്‌നാട് അതിർത്തിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
ശനിയാഴ്‌ച്ച രാവിലെ ബിജേഷിനോട് കാര്യം തിരക്കിയെങ്കിലും വത്സമ്മ നേരത്തേ സ്‌കൂളിലേയ്ക്ക് പോയിയെന്നാണ് മറുപടി നൽകിയത്. ഇതിനിടെയും മാതാപിതാക്കൾ യുവതിയെ ഫോണിൽ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. തന്റെ ഭാര്യ മറ്റാരുടെയോ ഒപ്പം ഒളിച്ചോടി പോയിരിക്കാമെന്ന് വരെ ബിജേഷ് ബന്ധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വിവരം അന്വേഷിക്കാൻ ഞായറാഴ്‌ച്ച വത്സമ്മയുടെ മാതാപിതാക്കളും സഹോദരനും പേഴുംകണ്ടത്ത് വീട്ടിൽ എത്തിയിരുന്നു.
എന്നാൽ ഇവരെ മുറിക്കുള്ളിൽ കയറ്റാതെ ബിജേഷ് തന്ത്രപരമായി ഒഴിവാക്കി. തുടർന്ന് ഇവർക്കൊപ്പം കട്ടപ്പന പൊലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണുന്നില്ലെന്ന് പരാതിയും നൽകി. ഇതിന് പിന്നാലെ അഞ്ചുവയസ്സുകാരി മകളെയുമായി ബിജേഷ് വെങ്ങാലൂർ കടയിലുള്ള തറവാട്ടിലേയ്ക്കും പോയി. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്‌ച്ചയും താൻ കെട്ടിപ്പടുത്ത നുണക്കഥകൾ തകരാതിരിക്കുവാൻ ബിജേഷ് പ്രത്യേകം ശ്രദ്ധിച്ചു.
വിശ്വാസ്യത നേടുന്നതിനായി വത്സമ്മ വീടു വിട്ടിറങ്ങിയപ്പോൾ പണം കൊണ്ടുപോയെന്നും ഇയാൾ മറ്റ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. പരാതി നൽകിയിട്ടും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതെ വന്നതോടെ മാതാപിതാക്കൾ ചൊവ്വാഴ്‌ച്ച വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. ഇതിനിടെ ബിജേഷിനെ കാണാതായതോടെയാണ് യുവതിയുടെ ബന്ധുക്കൾക്ക് സംശയമായത്.തുടർന്ന് ഈ സംശയം തീർക്കാനായി പേഴുംകണ്ടത്തെ വീട്ടിലെത്തി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ജീർണ്ണിച്ച മൃതദേഹം കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയത്
മറുനാടന് മലയാളി ലേഖകന്.