- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ഒളിച്ചോട്ടം പുതിയ തലവേദന; മൂലമറ്റത്തെ ഒളിച്ചോട്ടം പരിഹരിച്ചപ്പോൾ അടുത്ത കേസ്; പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്
തൊടുപുഴ:പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്. പുറപ്പുഴ സ്വദേശിയായ 17 കാരനെയും സമീപ വാസിയായ 17 കാരിയെയും കാണാതായതായുള്ള പരാതി ഇന്ന് രാവിലെയാണ് കരിങ്കുന്നം പൊലീസിൽ എത്തുന്നത്.സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ രണ്ട് മിസിംങ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ തന്നെ അന്വേഷണവും ആരംഭിച്ചിരുന്നു.തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലെ സി സി ടി വി ക്യാമറയിൽ നിന്നും ഇവർ ഇരുവരും നടന്നു വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇവരുടെ കൈവശമുള്ള മൊബൈൽ സ്വച്ച് ഓഫ് ആണ്. ആൺകുട്ടിയുടെ കൈവശം 150-ൽ താഴെ രൂപ മാത്രമാണുള്ളതെന്നും പെൺകുട്ടിയുടെ കൈവശം 600 യോളം ഉണ്ടെന്നുമാണ് വീട്ടുകാർ പൊലീസിന് നൽകിയിട്ടുള്ള വിവരം. പെൺകുട്ടിയുടെ മാല മുക്കുപണ്ടമാണ്.കൈയിൽ കാര്യമായി പണം ഇല്ലാത്തതിനാൽ കുട്ടികൾ വൈകുനേരത്തോടെ തിരിച്ചെത്തിയേക്കും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും പൊലീസും.ഇവരെക്കുറിച്ച് ഇനിയും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ദിവസങ്ങൾക്ക് മുമ്പ മൂലമറ്റത്തുനിന്നും കൗമാരക്കാരായ കമിതാക്കളെ കാണാതായിരുന്നു.ഇവരെ കണ്ടെത്താൻ ദിവസങ്ങളായി പൊലീസ് സംഘം ഓട്ടപ്പാച്ചിലിൽ ആയിരുന്നു.ഇന്നലെ ഇവരെ തമിഴ്‌നാട്ടിൽ നിന്നും കണ്ടുകിട്ടിയതോടെയാണ് ഇതിന് അറുതിയായത്. കാഞ്ഞാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 15 കാരനായ കാമുകനെയും 14 കാരിയായ കാമുകിയെയും പോണ്ടിച്ചേരിയിൽ നിന്നും കണ്ടെത്തിയത്. മകളെ കാണാനില്ലന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കാഞ്ഞാർപൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനായ 15 കാരനൊപ്പമാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പൊലീസിന് സൂചന ലഭിച്ചു.
ഇത് മൂന്നാം തവണയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുന്നത്. മൂവാറ്റുപുഴയിൽ വർക്ക് ഷോപ്പിൽ സഹായിയാണ് 15 കാരൻ. മൂന്നുമാസം മുമ്പ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായിരുന്നു.അന്ന് അടിമാലിക്കടുത്ത് ആനച്ചാലിൽ നിന്നും പൊലീസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് മൂവാറ്റുപുഴയ്ക്കടുത്ത് ആയവനയിൽ താമസിക്കുമ്പോഴും പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടിരുന്നു.താമസിയാതെ പൊലീസ് ഇരുവരെയും കണ്ടെത്തി വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടിരുന്നു.
ഒളിച്ചോട്ടം പതിവായതോടെ ഇരുവരുടെയും വീട്ടുകാർ തമ്മിൽ ആലോചിച്ച് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താം എന്ന് ധാരണയായിരുന്നു.ഇത് കമിതാക്കൾക്ക് സ്വകാര്യമായിരുന്നില്ല.തങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം എന്ന നിലപാടിൽ ഇവർ ഉറച്ചുനിൽക്കുന്നതായിട്ടാണ് സൂചന. ഇരുവരെയും കൊണ്ട് പൊലീസ് സംഘം ഇന്നലെ രാത്രി പോണ്ടിച്ചേരിയിൽ നിന്നും കാഞ്ഞാറിന് തിരച്ചിരുന്നു.ഇന്ന് ഉച്ചയോടെയാണ് ഇവരെ കാഞ്ഞാറിൽ എത്തിച്ചത്.ഇരുവരും മുൻനിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞുവിട്ടതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കുട്ടിയെ നോക്കാനുള്ള രക്ഷകർത്താക്കളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കി പെൺകുട്ടിയെ ഏതെങ്കിലും സുരക്ഷിത കേന്ദ്രത്തിലാക്കി കൗൺസിലിങ് നൽകണമെന്ന് കാണിച്ച് കാഞ്ഞാർ പൊലീസ് അപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. ഈ ആവശ്യം ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ സമർപ്പിച്ച് പരിഹാരം തേടണമെന്നും കോടതിക്ക് അതിന് അധികാരമില്ലെന്നും തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അസാന്നിദ്ധ്യത്തിൽ അധിക ചുമതല വഹിക്കുന്ന അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
പൊലീസിന്റെ ആവശ്യപ്രകാരം വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിച്ച പെൺകുട്ടിയെ അതിന് നിർബന്ധിക്കാൻ തനിക്ക് കഴിയില്ലെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിരുന്നു.ഇക്കാര്യത്തിൽ മെഡിക്കൽ ഓഫീസറുടെ നിലപാട് കോടതിയും ശരിവച്ചു. ഇക്കാര്യവും ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്താൻ നിർദ്ദേശിച്ച കോടതി മൂന്നാം തവണയും പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.പെൺകുട്ടിയുടെ 15 വയസ്സുകാരനായ കാമുകനെ നേരത്തെ തന്നെ പൊലീസ് മാതാവിനെ വിളിച്ചു വരുത്തി ഒപ്പം പറഞ്ഞുവിട്ടിരുന്നു.
വെങ്ങല്ലൂരിൽ നിന്നും 16 കാരിയെ കാണാതായതായുള്ള സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതിഥി തൊഴിലാളിയായ സുഹൈലിനൊപ്പമാണ് പെൺകുട്ടി നാടുവിട്ടതെന്ന് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായി. റെയിൽവേ സ്റ്റേഷനുകൾ, ബ്സ് സ്റ്റാന്റുകൾ, എയർപോർട്ടുകൾ ചെക്ക്പോസ്റ്റുകൾ ടോൾപ്ലാസകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.ഇതിനിടയിലാണ് തങ്ങൾപാറയിൽ ഉണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.ഇതുപ്രകാരം നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഈ ഭാഗത്ത് രാത്രിയും തിരച്ചിൽ തുടരുകയാണ്.
മറുനാടന് മലയാളി ലേഖകന്.