- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോസ്ലിയുടെ ശരീരഭാഗങ്ങൾ ഷാഫിയും ഭഗവൽസിങ്ങും കഴിച്ചു! കരളും ഹൃദയവും കിഡ്നിയും കണ്ടെത്താനാകില്ലെന്ന സൂചനകൾ ലൈലയുടെ മൊഴിയിൽ; ഇലന്തൂരിൽ വന്ന പോയ ആ സേട്ടിലേക്ക് അന്വേഷണമെത്തുമോ? പാരമ്പര്യ വൈദ്യനെ കൊന്ന് കാമുകനൊപ്പം നാടുവിടാനുള്ള ഭാര്യയുടെ ആലോചനയ്ക്കിടെ എല്ലാം പൊളിഞ്ഞു; സത്യം സത്യം പോലെ സിപിഎം നേതാവ് പറയുമോ?
പത്തനംതിട്ട: കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങൾ കിട്ടാൻ സാധ്യത കുറവ്. രണ്ടു സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവൽസിങ്ങിനെയായിരുന്നു. ഇതിനൊപ്പം മറ്റു രണ്ടു പേരെ കൂടി മനസ്സില്ഡ കണ്ടു വച്ചിരുന്നു. ഇതിനിടെയാണ് നരബലിയിലെ കള്ളം പൊലീസ് കണ്ടെത്തിയത്. ഭഗവൽ സിങിനെ കൊലപ്പെടുത്തിയശേഷം ഷാഫിയും സിങ്ങിന്റെ ഭാര്യ ലൈലയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. പത്തനംതിട്ട ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിൽ നരബലി മാത്രമല്ല നരഭോജനവും നടന്നു. കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളാണ് കഴിച്ചത്. പ്രതികളുടെ കസ്റ്റഡിക്കായി പൊലീസ് നൽകിയ അപേക്ഷ ഇന്നു പരിഗണിക്കും. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും.
നരബലിക്കൊപ്പം മറ്റ് കച്ചവട താൽപ്പര്യങ്ങളുണ്ടോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ അന്തരികാവയവങ്ങൾ ഭക്ഷിച്ചുവെന്നത് മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റൊരാൾക്കു വേണ്ടി നരബലി നടത്താനുള്ള സാധ്യതയുമുണ്ട്. ഭഗവൽ സിങിന്റെ വീട്ടിൽ വന്നു പോയിരുന്ന സേട്ടിനെ കുറിച്ച് പലരും പറയുന്നു. ഈ സേട്ടിനെ കണ്ടെത്തുന്ന തരത്തിലേക്കും അന്വേഷണം നീളണമെന്ന വിലയിരുത്തലുണ്ട്. ഭഗവൽ സിങിന്റെ വീട്ടിൽ അടുത്തിട വന്നു പോയവരെ എല്ലാം കണ്ടെത്താനും ശ്രമിക്കും. വമ്പൻ റാക്കറ്റ് ഇതിന് പിന്നിലുണ്ടാകുമെന്ന സംശയം പൊലീസും തള്ളിക്കളയുന്നില്ല. നരബരിക്കും നരഭോജനത്തിനും അപ്പുറത്തേക്ക് കേസ് കടക്കാനുള്ള സാധ്യതയുമുണ്ട്. ഏതായാലും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നിർണ്ണായകമാകും. ഷാഫി കൊടുംക്രിമിനലാണ്. ഷാഫി സത്യം പറയുമെന്ന പ്രതീക്ഷ പൊലീസിനില്ല. എന്നാൽ സിപിഎം നേതാവായ ഭഗവൽ സിങ് ആത്മസംഘർഷത്തിലാണ്. അതുകൊണ്ട് സത്യമെല്ലാം ഭഗവൽ സിങ് വെളിപ്പെടുത്തുമെന്നാണ് പൊലീസ് പ്രതീക്ഷ.
രണ്ടര മാസം മുൻപ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങൾ ഷാഫിയും ഭഗവൽസിങ്ങും കഴിച്ചതായി ലൈല ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ആയുർവേദ മരുന്നുകൾ തയാറാക്കാനായുള്ള മരത്തടികൾക്കു മുകളിൽ വച്ച് ഒരേ വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു.കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്ലി (49), കൊച്ചി എളംകുളത്തു താമസിച്ചിരുന്ന തമിഴ്നാട് ധർമപുരി സ്വദേശി പത്മ (50) എന്നിവരാണു കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ കൊച്ചി ഗാന്ധിനഗറിൽ താമസിക്കുന്ന മുഹമ്മദ് ഷാഫി (52), ഇലന്തൂർ കടകംപള്ളിൽ വീട്ടിൽ കെ.വി. ഭഗവൽ സിങ് (68), ഭാര്യ ലൈല (59) എന്നിവരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പത്മയെ കൊലപ്പെടുത്തുന്നതിനു 2 ദിവസം മുൻപ് മൊബൈൽ ഫോൺ നശിപ്പിച്ച ഷാഫിയെ ബുദ്ധിമാനായ കുറ്റവാളിയെന്നാണു പൊലീസ് വിശേഷിപ്പിക്കുന്നത്. ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ലഭിച്ച മുഹമ്മദ് ഷാഫി, ഭാര്യയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചു ഫേസ്ബുക്കിൽ ശ്രീദേവി എന്ന പേരിൽ അക്കൗണ്ട് ഉണ്ടാക്കിയത് 2019ലാണ്. ഇതുവഴി ഭഗവൽ സിങ്ങുമായി പരിചയത്തിലായി. പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാൽ സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും നേടാമെന്നു വിശ്വസിപ്പിച്ചു. ലൈംഗിക മനോവൈകൃതമുള്ള ഷാഫിയാണ് ഇരട്ട നരബലിയുടെ സൂത്രധാരനെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
2020ൽ പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ ഇയാൾക്കെതിരെ നേരത്തേ 8 കേസുകളുണ്ട്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായി മനുഷ്യക്കുരുതിക്കു വേണ്ടിയാണു കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. സമാനമായ രീതിയിൽ കൂടുതൽ പേരെ കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യതകളും പൊലീസ് സംശയിക്കുന്നുണ്ട്. സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം, അന്വേഷണം വഴിതിരിക്കാൻ പ്രതികൾ മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങളും കൂട്ടിക്കലർത്തിയിട്ടുണ്ടോ എന്നു പൊലീസിനു സംശയം. ഇക്കാര്യവും അന്വേഷണത്തിൽ പരിശോധിക്കും.
സ്ത്രീകളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മനോവൈകല്യത്തിന് അടിമയായ ഷാഫി, അതിനു വേണ്ടി ആസൂത്രണം ചെയ്തതാണ് ഇരട്ട നരബലി. 2019 മുതൽ തുടർച്ചയായി ശ്രീദേവിയെന്ന നിലയിൽ ഷാഫിയും ഭഗവൽ സിങ്ങും വഴി ഫേസ്ബുക്കിൽ ആശയവിനിമയം നടന്നിരുന്നു. സാമ്പത്തിക അഭിവൃദ്ധി നേടാനുള്ള വഴികളെക്കുറിച്ചുള്ള വിശദമായ സംഭാഷണങ്ങൾ പൊലീസ് ശേഖരിച്ച ഈ ചാറ്റുകളിലുണ്ട്. പാപത്തിന്റെയും ശാപത്തിന്റെയും പടുകുഴിയിലാണ് ഇരുവരുമെന്ന് ഓരോ സംഭാഷണത്തിലും 'ശ്രീദേവി' ഓർമിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമുണ്ടാക്കാനും നഷ്ടമായ ഐശ്വര്യം തിരിച്ചു പിടിക്കാനും അദ്ഭുതകരമായ സിദ്ധികളുള്ള ദിവ്യനെ പരിചയപ്പെടുത്താമെന്നു വാഗ്ദാനം നൽകുന്നുമുണ്ട്.
തുടർന്നു റഷീദ് എന്ന സിദ്ധനായി ചമഞ്ഞ് നേരിട്ടു വന്നു വീട്ടുകാരുടെ വിശ്വാസവും നേടി. നരബലിയാണ് പ്രശ്നപരിഹാരമെന്നു വരുത്തിത്തീർത്തു. പലവട്ടം വീട്ടിൽ താമസിച്ചു. ചോദ്യം ചെയ്യലിനിടയിലാണു ഷാഫിയും ശ്രീദേവിയും ഒരാളാണെന്നു ഭഗവൽ സിങ് ലൈല ദമ്പതികൾ തിരിച്ചറിഞ്ഞത്. സ്ത്രീകളുടെ ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ മുറിവുകളുണ്ടാക്കിയാണു ഷാഫി ആനന്ദം കണ്ടെത്തിയിരുന്നത്. ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്ലിയുടെയും പത്മയുടെയും ശരീരത്തിൽ സമാനമായ രീതിയിലാണു ഷാഫി മുറിവുകളുണ്ടാക്കിയത്. കൊലപാതകം നടന്നതു വൈകിട്ട് 5നു ശേഷമായിരുന്നുവെന്നും അർധരാത്രിക്കു ശേഷമാണു കുഴിയിലിട്ടു മൂടിയതെന്നും തെളിച്ചിട്ടുണ്ട്.
രക്തം തളിച്ചാലാണ് സമ്പത്തും ഐശ്വര്യവും ഉണ്ടാകുന്നതെന്നാണ് ഷാഫി ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. കൊല്ലപ്പെട്ട സ്ത്രീകളുടെ രക്തം നിറച്ച പാത്രങ്ങൾ വീടിനു മുന്നിലുള്ള തറയിലും മറ്റും കൊണ്ടു വച്ചിരുന്നു. കേരളത്തിലെ ഞെട്ടിക്കുന്ന നരബലിയുടെ ചുരുളഴിഞ്ഞത് നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നെന്ന് പൊലീസ് പറയുന്നു. കൊടും കുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നത് വളരെ പ്രയാസമായിരുന്നു. എന്നാൽ അന്വേഷണ തന്ത്രങ്ങളും തെളിവുകളുടേയും അടിസ്ഥാനത്തിൽ പുറത്തുകൊണ്ടു വരികയായിരുന്നുവെന്ന് കൊച്ചി ഡിസിപി ശശിധരൻ പറഞ്ഞു.
'ചില സമയത്ത് ഒരു കേസിന്റെ വിവരങ്ങൾ കേൾക്കുമ്പോൾ തന്നെ അതിൽ ഒരു ദുരൂഹത ഉണ്ടെന്ന തോന്നലുണ്ടാകും. ഈ കേസിലും അത് സംഭവിച്ചു. ആദ്യഘട്ടത്തിൽ ഷാഫി എല്ലാ കാര്യങ്ങളും എതിർത്തിരുന്നു. പിന്നീട് അയാൾ കുറ്റം സമ്മതിച്ചു. കടവന്ത്രയിൽ നിന്ന് തിരുവല്ല വരേയുള്ള പ്രദേശം അരിച്ചുപെറുക്കി സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ സംഘം എടുക്കുകയും അതിൽ കൃത്യമായ പരിശോധന നടത്തിയപ്പോഴായിരുന്നു ഒരു മങ്ങിയ ചിത്രം ലഭിക്കുന്നത്. അതിൽ നിന്ന് വികസിച്ചായിരുന്നു കേസ് ഇപ്പോൾ ഇവിടെ വരെ എത്തിയത്. വാഹത്തിൽ ഇവർ കയറുന്ന ദൃശ്യമായിരുന്നു ആദ്യം ലഭിക്കുന്നത്.
ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷമാണ് ഇവർ ഷാഫിക്ക് കൈമാറിയത്. പിന്നെയും പണം നൽകിയിട്ടുണ്ട്. എന്നാൽ ഇതിലുള്ള അന്വേഷണം നടക്കുന്നുണ്ട്. കത്തികളും വെട്ടുകത്തിയുമാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആയുധങ്ങളുടെ കാര്യത്തിൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. ഇവർക്ക് സാമ്പത്തിക ബാധ്യതകളുണ്ട് എന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഷാഫിയുടെ പേരിൽ എട്ടുകേസുകൾ കൂടിയുണ്ട്. ഈ വീട്ടിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തിയിട്ടുണ്ട്. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം പരിശോധിക്കും. കൃത്യമായ ഉത്തരങ്ങൾക്ക് വേണ്ടി ഇനിയും അന്വേഷണം ആവശ്യമുണ്ട്. വ്യക്തമായ ഉത്തരങ്ങൾ നൽകുമെന്ന് ഡിസിപി ശശിധരൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ