ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ച മസാജ് സെന്ററിൽ പൊലീസ് റെയ്ഡ്.രണ്ട് യുവതികൾ അടക്കം 5 പേർ അറസ്റ്റിൽ.മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്.നഗരത്തിലെ ലാവ ബ്യൂട്ടി പാർലറിൽ ആണ് ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

പൊലീസിന് ലഭിച്ച വിവരം ശരിവയ്ക്കുന്നതായിരുന്നു കേന്ദ്രത്തിനുള്ളിലെ ദൃശ്യങ്ങൾ. നൂൽബന്ധമില്ലാത്ത നിലയിലാണ് ജീവനക്കാരികളെയും ഇടപാടുകാരെയും പൊലീസ് പിടികൂടിയത്.മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശിനികളുമാണ് പിടിയിലായത്.സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പിടികൂടി.

ആറുമാസത്തിലധികമായി തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ബ്യൂട്ടിപാർലറിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ഉടമ. ഉടമയുടെ അറിവോടെയാണ് മസാജിങും അനാശാസ്യ പ്രവർത്തനങ്ങളും നടന്നിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ബ്യൂട്ടിപാർലറിന് മാത്രമുള്ള ലൈസൻസിന് മറവിലാണ് അനധികൃതമായി മസാജിങ് സെന്റർ നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.സ്ഥാപന ഉടമക്കെതിരെയും നടപടി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിൽ നിന്ന് മസാജിങ്ങിനായി ഈടാക്കിയ പണവും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.