തൊടുപുഴ: ഇഞ്ചിനാനിയിൽ, പ്രഭാത സവാരിക്കിടെ അയൽക്കാരനെ ആക്രമിക്കാൻ അമ്മയും ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്ങൾക്ക് ക്വട്ടേഷൻ നൽകിയത് കാൽ തല്ലിയൊടിക്കാനെന്നും ഇതിനായി ആവശ്യപ്പെട്ടത് 50000 രൂപ ആയിരുന്നെന്നും മിൽഖ പേശി ഇത് 30000 രൂപയിൽ എത്തിക്കുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ലിവർ ടൂൾ സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.

ഇഞ്ചിനാനി സ്വദേശി ഓമനക്കുട്ടനെ(44)യാണ് പ്രഭാതസവാരിക്കിടെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തിയ ഗുണ്ടാസംഘം ആക്രമിച്ചത്. ആക്രമണം ആസൂത്രണം ചെയ്തത് അയൽവാസിയായ മിൽഖയും മകൾ അനീറ്റയും ചേർന്നാണെന്നാണ് പിടിയിലായ ഗുണ്ടാസംഘത്തിലെ അംഗങ്ങൾ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

കൃത്യം നടത്താൻ തങ്ങൾ ആവശ്യപ്പെട്ടത് 50000 രൂപയായിരുന്നെന്നും മിൽഖ പരാധീനതകൾ നിരത്തിയപ്പോൾ തങ്ങൾ റേറ്റ് കുറയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നെന്നുമാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്.

കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും ചേരാനല്ലൂർ സ്വദേശിയുമായ സന്ദീപിനെയും സുഹൃത്തിനെയുമാണ് കേസിൽ തൊടുപുഴ സിഐ വിസി വിഷ്ണുകുമാറും ഡിവൈഎസ്‌പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും ടി രാജേഷും ചേർന്ന് ചേരാനെല്ലൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. മൽപ്പിടുത്തത്തിലൂടെയാണ് ഇവരെ പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ക്വട്ടേഷൻ നൽകിയത് ഒമനക്കുട്ടന്റെ അയൽവാസിയായ മിൽഖയും മകൾ അനീറ്റയും ചേർന്നാണെന്നാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. റമ്പാൻ എന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപായ്ക്കാണ് ആക്രമണത്തിന് കരാർ ഉറപ്പിച്ചതെന്നാണ് ഇപ്പോൾ പൊലീസ് സ്ഥരീകരിച്ചിട്ടുള്ളത്.

അയൽവാസി ഓമനക്കുട്ടനും മിൽഖയുമായി അതിർത്തി തർക്കം നില നിന്നിരുന്നു. ഒച്ചപ്പാട് ഉണ്ടായ ഘട്ടത്തിൽ തനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടെന്ന തരത്തിൽ മിൽഖ പ്രതികരിച്ചിരുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.രണ്ട് ദിവസം മുമ്പ് അനീറ്റയുടെ ഫോൺ തൊടുപുഴ ഡിവൈഎസ്‌പി പിടിച്ചെടുത്ത് ,പരിശോധിച്ചിരുന്നു.ഫോണിലെ കോൾ ഹിസ്റ്ററിയിൽ നിന്നും ലഭിച്ച സുപ്രധാന വിവരങ്ങളാണ് അന്വേഷണം ക്വട്ടേഷൻ സംഘത്തിലേയ്ക്ക് അന്വേഷണം എത്താൻ കാരണമായത്.

ഓമനക്കുട്ടൻ പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷൻ സംഘത്തെ മിൽഖ ഫോണിൽ വിളിച്ചറിയിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.അമ്മയും മകളും ഇഞ്ചിയാനിയിൽ നിന്നും മുങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു. അക്രമികൾ ഉപയോഗിച്ച സ്‌ക്കൂട്ടർ ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അനീഷിന്റെയും വിനീഷിന്റെയും സഹായത്തോടെ തൊടുപുഴയിൽ നിന്നെത്തിയ പൊലീസ് സംഘം കണ്ടെടുത്തിരുന്നു.

വാഹനത്തിന്റെ ഡിക്കിയിൽ അക്രമത്തിന് ഉപയോഗിച്ച മുളക് പൊടിയുടെ ബാക്കി ഭാഗവും കണ്ടെടുത്തു.ആക്രമണത്തിനിടെ ഓമനക്കുട്ടൻ സന്ദീപിന്റെ കൈയിൽ കടിച്ച് മുറിവേൽപ്പിച്ചിരുന്നു.പൊലീസ് പരിശോധനയിൽ ഇയാളുടെ കൈവിരലിൽ മുറിവ് കണ്ടെത്തി.ഇത് കുറ്റകൃത്യത്തിൽ സന്ദീപിന്റെ പങ്ക് ഉറപ്പിക്കുന്ന പ്രധാന തെളിവായി.ഇവർ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

അറസ്റ്റിലായ സന്ദിപിനെയും കൂട്ടാളിയെയും പൊലീസ് സംഘം ഇഞ്ചിയാനിക്കലിൽ എത്തിച്ച് തെളിവെടുത്തു. മിൽഖയെയും മകളെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറയിച്ചു.

മിൽഖ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഗൾഫിലുള്ള നാലാമത്തെ ഭർത്താവ് ഓമനക്കുട്ടനെ ആക്രമിച്ച ഗുണ്ടാസംഘത്തെ ബന്ധപ്പെട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾ ലഭിച്ചാൽ ആക്രമണകേസിൽ പൊലീസ് ഇയാളെയും പ്രതി ചേർക്കുമെന്നാണ് അറിയുന്നത്.മിൽക്കയുടെയും മകളുടെയും ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.