- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലായിരുന്ന ആന്റോ ജോസഫിനെ വിളിച്ചു വരുത്തി; ആദായ നികുതി അടയ്ക്കുന്നതിൽ അഭിനന്ദനം കിട്ടിയ പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന തീരുന്നില്ല; മോഹൻലാലിന്റെ വിശ്വസ്തൻ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും റെയ്ഡ് തുടരുന്നു; പരിശോധന പൂർത്തിയായത് ഒരു നിർമ്മാതാവിന്റെ വീട്ടിൽ മാത്രം; സിനിമാക്കാർക്ക് പിന്നാലെ ഇൻകം ടാക്സ്
കൊച്ചി: നിരന്തരം സിനിമ എടുക്കുന്ന നിർമ്മാതാക്കളെ കേന്ദ്രീകരിച്ചാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രണ്ടാം ദിവസവും റെയ്ഡ് തുടരുകയാണ്. ഒരു നിർമ്മാതാവിന്റെ വീട്ടിലെ റെയ്ഡ് തീർന്നു. എന്നാൽ നടനും നിർമ്മാതാവുമായ പൃഥിരാജ്, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റൻ സ്റ്റീഫൻ, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ ഇൻക്സംടാക്സ് റെയ്ഡ് തുടരുകയാണ്. ഇതിൽ പൃഥ്വിരാജ് ആദായ നികുതി വകുപ്പിന്റെ അഭിനന്ദനം കിട്ടിയ നടനാണ്. മോഹൻലാലും കൃത്യമായി ആദായ നികുതി അടയ്ക്കുന്നതിന് അംഗീകാരം കിട്ടിയ നടനാണ്. പൃഥ്വിരാജിന്റെ വീട്ടിനൊപ്പം മോഹൻലാലിന്റെ അതിവിശ്വസ്തനായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും റെയ്ഡ് നടന്നു എന്നതാണ് ശ്രദ്ധേയം.
ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്നാട് ടീമുകളാണ് പരിശോധന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. ഇന്ന് വീണ്ടും തുടരുന്നു. ഇന്നലെ പരിശോധന നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നതായാണ് വിവരം, ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. റെയ്ഡ് വിവരം ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല, ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്. ഇന്നലെ ആന്റോ ജോസഫ് ദുബായിലായിരുന്നു. ആന്റോയെ പരിശോധകർ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ഇന്ന് ആന്റോയുടെ സാന്നിധ്യത്തിലാണ് റെയ്ഡ്.
പതിവ് പരിശോധനയാണ് നടക്കുന്നത്. കണക്കുകളിൽ കൃത്രിമം കണ്ടെത്തിയാൽ പിഴ ഈടാക്കും. അതിന് അപ്പുറത്തേക്കുള്ള നടപടികളൊന്നും ഉണ്ടാകില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വിശദ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാകും അന്തിമ നിഗമനങ്ങളിലേക്ക് എത്തുക. കള്ളപ്പണ ഇടപാട് സിനിമയിൽ നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ടാണ് പരിശോധന. അതിനിടെ പ്രതിസന്ധിയിലൂടെ പോകുന്ന സിനിമാ വ്യവസായത്തെ ഇത്തരം റെയ്ഡുകൾ തകർക്കുമെന്ന് പ്രമുഖ സിനിമാ പ്രവർത്തകൻ മറുനാടനോട് പ്രതികരിച്ചു. സ്ഥിരമായി സിനിമ ചെയ്യുന്ന നിർമ്മാതാക്കളെയാണ് ആദായ നികുതി വകുപ്പ നോട്ടമിട്ടതെന്നതും ശ്രദ്ധേയമാണ്.
മുൻനിര നിർമ്മാതാക്കളുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്ക് ശേഷമാണ് റെയ്ഡ്. അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കാനും കഴിഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇടപെടൽ. പല താരങ്ങളും ജി എസ് ടി വെട്ടിപ്പ് നടത്തുന്നുവെന്ന വസ്തുതയുമുണ്ട്. ഇതിനുള്ള തെളിവുകളും നിർമ്മാതാക്കളിൽ നിന്ന് ശേഖരിക്കും. താരങ്ങൾക്ക് പണം നൽകുന്നതും വിലയിരുത്തും. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകൾ നടക്കുന്നുണ്ടെന്ന പരാതിയിലും തെളിവെടുപ്പും ചോദ്യം ചെയ്യലും നടക്കും. ഇതിന് വേണ്ടി കൂടിയാണ് ദുബായിലുള്ള ആന്റോ
ജോസഫിനെ വിളിച്ചു വരുത്തിയത്. മലയാളത്തിൽ കൂടുതൽ സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ആന്റോ.
വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡിന്റെ ആദ്യ ഘട്ടം രാത്രി എട്ടോടെയാണ് അവസാനിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. വിവരം ചോരാതിരിക്കാനും കൃത്യമായ രേഖകൾ കിട്ടാനും കൂടിയാണ് എല്ലാ നിർമ്മാതാക്കളുടെ വീട്ടിലും ഒരേ സമയം റെയ്ഡ് നടത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്