ന്യൂയോർക്ക്: അമേരിക്കയിൽ, ഇന്ത്യൻ വംശജരായ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും അവരുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മസാച്യുസെറ്റ്‌സിലെ ആഡംബര ബംഗ്ലാവിലാണ് മൂവരെയും കണ്ടെത്തിയത്. രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18കാരിയായ മകൾ അരിയാന എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുടുംബപ്രശ്‌നമാണ് കാരണമെന്നും, പുറത്തുനിന്നുള്ളവർക്ക് പങ്കില്ലെന്നുമാണ് പ്രാഥമിക നിഗമനമെന്ന് നോർഫോക്ക് ജില്ല അറ്റോർണി മൈക്കിൾ മോറിസേ പറഞ്ഞു. യുഎസിൽ എഡ് ടെക് വ്യവസായത്തിൽ പേരുകേട്ടവരാണ് ഇന്ത്യൻ വംശജരായ കമാൽ കുടുംബം. എഡ്യുനോവ എന്ന പേരിൽ എഡ്യുക്കേഷൻ സിസ്റ്റംസ് കമ്പനി നടത്തിയിരുന്നെങ്കിലും, ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ലക്ഷാധിപതികൾ പാപ്പരായോ?

2016 ലാണ് രാകേഷ് കമാൽ ഭാര്യക്കൊപ്പം എഡ് ടെക് കമ്പനി തുടങ്ങിയത്. ബോസ്റ്റണിലും സ്റ്റാൻഫഡിലുമൊക്കെ പഠിച്ച രാകേഷ് കമാലിന് വിദ്യാഭ്യാസ കൺസൾട്ടേഷനിൽ വിപുലമായ കരിയർ ഉണ്ടായിരുന്നു. മിഡിൽ സ്‌കൂളിലും, ഹൈസ്‌കൂളിലും, കോളേജിലും വിദ്യാർത്ഥികളുടെ ഗ്രേഡുകൾ മെച്ചപ്പെടുത്താനായി രൂപകൽപ്പന ചെയ്തതായിരുന്നു എഡ്യുനോവ.

തുടക്കത്തിൽ കമ്പനി ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. 2019 ൽ കമാൽ കുടുംബം 19,000 ചതുരശ്ര അടി വിസ്തീർണമുള്ള 11 കിടപ്പുമുറികളുള്ള ബംഗ്ലാവ് 40 ലക്ഷം ഡോളറിന് വാങ്ങിയത് തന്നെ വിജയത്തിന്റെ സൂചനയായിരുന്നു. എന്നാൽ, 2021 ഡിസംബറിൽ കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. ഇതോടെ, കമാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. റിക്കും, ടീനയും എന്നാണ് സുഹൃത്തുക്കൾക്കിടയിൽ ഇരുവരും അറിയപ്പെട്ടത്.

കടം കയറിയതോടെ ആഡംബര ബംഗ്ലാവ് ഒരുവർഷം മുമ്പ് മസാച്യുസെറ്റ്‌സ് കേന്ദ്രമായ വിൽസൺഡേൽ അസോസിയേറ്റ്‌സിന് 30 ലക്ഷം ഡോളറിന് വിറ്റു. 54.5 ലക്ഷം ഡോളർ വിപണി വിലയുള്ളപ്പോഴായിരുന്നു അത്. ടീന കമാൽ ഹാർവാഡ് സർവകലാശാലയിലും ഡൽഹി സർവകലാശാലയിലുമാണ് വിദ്യാഭ്യാസം ചെയ്തത്. കഴിഞ്ഞ വർഷം ടീനയും പാപ്പർ ഹർജി നൽകിയതോടെ ഇവരുടെ കടക്കെണിയുടെ ആഴം വ്യക്തമായിരുന്നു.

വ്യാഴാഴ്ച സംഭവിച്ചത്

കമാൽ കുടുംബത്തിന്റെ ബന്ധുവാണ് വൈകിട്ട് 7.24 ഓടെ പൊലീസിനെ വിളിച്ചത്. ദിവസങ്ങളായി കുടുംബത്തെ കുറിച്ച് വിവരം ഇല്ലാതിരുന്നതുകൊണ്ടാണ് അന്വേഷിച്ചെത്തിയത്. സംഭവ സമയത്ത് ആഡംബര വസതിയിൽ മൂന്നുപേരും മാത്രമേ ഉണ്ടായിരുന്നുള്ളു. പൊലീസ് എത്തിയപ്പോൾ വീടിനുള്ളിലാണ് രാകേഷിന്റെയും ടീനയുടെയും അരിയാനയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയോ കൊലപാതകമോ എന്ന് മെഡിക്കൽ എക്‌സാമിനറുടെ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകുകയുള്ളു. രാകേഷിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് തോക്ക് കണ്ടെത്തി.

അരിയാന കോളേജ് വിദ്യാർത്ഥിനി

18 കാരി അരിയാന മിഡിൽബറി കോളേജിൽ വിദ്യാർത്ഥിനിയായിരുന്നു. വെർമണ്ടിലെ ഈ കോളേജിൽ ന്യൂറോ സയൻസ് പഠിക്കുകയായിരുന്നു പെൺകുട്ടി. വളരെ മിടുക്കിയായ പെൺകുട്ടി ആയിരുന്നുവെന്ന് അരിയാനയുടെ സ്‌കൂൾ മിൽട്ടൺ അക്കാദമി പ്രസ്താവനയിൽ പറഞ്ഞു