- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈനിൽ റമ്മി കളിച്ചത് മകൻ; കടം ലക്ഷങ്ങൾ കവിഞ്ഞപ്പോൾ ആധി കയറിയത് അമ്മയ്ക്ക്; ഭർത്താവ് ഗൾഫിൽ നിന്ന് എത്തും മുമ്പ് കടം തീർക്കാൻ കണ്ടെത്തിയത് സ്വന്തം അമ്മയേയും അച്ഛനേയും വിഷം കൊടുത്തുകൊല്ലുകയെന്ന ക്രൂര ചിന്ത; ഇന്റർനെറ്റിൽ 'എലിവിഷം' തിരഞ്ഞത് വിനയായി; ഇന്ദുലേഖയെ കുടുക്കിയത് ഡോക്ടർമാർ; ഇതാ മറ്റൊരു കൂടത്തായി കേസ്!
തൃശ്ശൂർ: സ്വത്ത് തട്ടിയെടുക്കാനായി യുവതി സ്വന്തം അമ്മയെ വിഷം നൽകി കൊലപ്പെടുത്തുന്ന മകൾ. അച്ഛനേയും കൊല്ലാൻ പദ്ധതിയിട്ടു. കുന്നംകുളം കിഴൂർ നിവാസികൾ ഇതിനേയും കൂടത്തായി മോഡലായാണ് കാണുന്നത്. ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുക്മിണി(58)യുടേത് അസുഖബാധയെ തുടർന്നുള്ള സാധാരണ മരണമാണെന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. ആർക്കും ഇവരുടെ മരണത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം രുക്മിണിയുടെ മകൾ ഇന്ദുലേഖ(39)യെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ചിത്രം മാറി. അതുകൊലപാതകമായി.
തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ മകൾ അച്ഛനേയും കൊലപ്പെടുത്താൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ വന്നു കഴിഞ്ഞു. മുമ്പ് വിഷം കലർത്തിയ ചായ ഇന്ദുലേഖ പിതാവ് ചന്ദ്രനും നൽകിയിരുന്നു. പാറ്റയെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനിയാണ് ചായയിൽ കലർത്തി നൽകിയത്.
എന്നാൽ രുചിമാറ്റം തോന്നിയ ചന്ദ്രൻ ചായ കുടിച്ചില്ല. രുക്മിണിയെ കൊന്ന കേസിൽ അറസ്റ്റിലായ ഇന്ദുലേഖയെ പൊലീസ് ചോദ്യംചെയ്തുവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഇതോടെയാണ് കൂടത്തായി ജോളിയുടെ മോഡലിൽ കുടുംബ സ്വത്ത് കിട്ടാൻ നടത്തിയ കൊലപാതകമാണ് ഇതെന്നും മനസ്സിലായത്. ഇന്ദുലേഖ തന്ന ചായ രുചിച്ച് നോക്കിയപ്പോൾ കയ്‌പ്പ് രസം തോന്നിയ ചന്ദ്രൻ ഇത് മാറ്റിവെച്ചു. പിന്നീട് കീടനാശിനിയുടെ അവശിഷ്ടം പരിസരത്തുനിന്ന് ചന്ദ്രന് ലഭിക്കുകയും ചെയ്തു. പിന്നീടാണ് രുക്മിണി ആശുപത്രിയിലാകുന്നതും വൈകാതെ മരിക്കുന്നതും.
മരണ ശേഷം പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ തനിക്കുണ്ടായ മുൻ അനുഭവം ചന്ദ്രൻ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് രുക്മിണിയെ ഇന്ദുലേഖ ഭക്ഷണത്തിൽ വിഷം നൽകി കൊന്നതാണെന്ന് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് രുക്മിണി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ദുലേഖയുടെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ഞപ്പിത്തമാണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. രുക്മിണിയുടെ ശാരീരികാവസ്ഥ മോശമായതോടെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രുക്മിമിണിയുടെ ശരീരത്തിൽ വിഷാംശമുള്ളതായി പരിശോധിച്ച ഡോക്ടർക്ക് സൂചന ലഭിച്ചിരുന്നു.
മെഡിക്കൽ കോളേജിലേക്ക് രോഗിയെ വിടുമെന്ന് മകൾ കരുതിയില്ല. ഇതാണ് എല്ലാ കള്ളവും പുറത്താക്കിയത്. ആശുപത്രി അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിലാണ് ശരീരത്തിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബുധനാഴ്ച വീട്ടിലുള്ളവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.
സാമ്പത്തികബാധ്യത തീർക്കുന്നതിന് അമ്മയേയും അച്ഛനേയും കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇന്ദുലേഖയ്ക്ക് എട്ടു ലക്ഷം രൂപ കടമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഇവരെ ഇല്ലാതാക്കിയാൽ പതിനാല് സെന്റ് ഭൂമിയും വീടും സ്വന്തമാക്കാമെന്നാണ് ഇന്ദുലേഖ കരുതിയിരുന്നത്. രുക്മണിക്കും ചന്ദ്രനും രണ്ട് പെൺകുട്ടികളാണുള്ളത്. വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് കൊലപാതകത്തിന് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിദേശത്തായിരുന്ന ഇന്ദുലേഖയുടെ ഭർത്താവിന് ഈ ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ഭർത്താവ് 18-ാം തീയതി നാട്ടിൽ വരാനിരിക്കെ, മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പൊലീസ് കരുതുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ ഇന്ദുലേഖ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇവരുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന്
നിർണായകമായ പലവിവരങ്ങളും ലഭിച്ചു.
എലിവിഷത്തെക്കുറിച്ചും ഇത് കഴിച്ചാൽ എങ്ങനെ മരണം സംഭവിക്കുമെന്നതിനെക്കുറിച്ചും ഇന്ദുലേഖ ഗൂഗിളിൽ തിരഞ്ഞിരുന്നു. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചു. ഛർദി കാരണം രുക്മിണിയെ ആശുപത്രിയിൽ കൊണ്ടുപോയതാണെന്നാണ് മകൾ നാട്ടുകാരോട് പറഞ്ഞത്. ''അവരുടെ വീട്ടിൽ കുഴപ്പങ്ങളൊന്നും കണ്ടിട്ടില്ല. ഇന്ദുലേഖയുടെ കടബാധ്യതയെക്കുറിച്ചും അറിയില്ല. ഇന്ദുലേഖ കുഴപ്പമൊന്നും ഇല്ലാത്ത ആളാണ്. ജോലിക്കൊന്നും പോകുന്നില്ല. അവരുടെ ഭർത്താവ് ഗൾഫിലാണ്. രുക്മിണിയുടെ മരണത്തിൽ നാട്ടുകാർക്കൊന്നും സംശയമുണ്ടായിരുന്നില്ല. പൊലീസ് കണ്ടെത്തിയപ്പോളാണ് ഇതുകൊലപാതകമാണെന്ന് എല്ലാവരും അറിയുന്നത്.''- നാട്ടുകാരൻ പറഞ്ഞു.
എങ്ങനെയാണ് ഇന്ദുലേഖയ്ക്ക് ഇത്രയധികം കടബാധ്യത വന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. റമ്മി കളിക്കുന്ന സ്വഭാവം ഇവർക്കുണ്ടായിരുന്നുവെന്നാണ് സൂചന. ഓൺലൈൻ റമ്മി കളിയിലൂടെ മകൻ ഉണ്ടാക്കിയ കടം ഭർത്താവ് അറിയാതെ വീട്ടനായിരുന്നു ഇന്ദുലേഖയുടെ ശ്രമം. സംഭവത്തിൽ ഇന്ദുലേഖയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. മകൾക്കൊപ്പം 18ന് നെടുമ്പാശേരിയിൽ പോയിരുന്നു. മടങ്ങി വരുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. വീട്ടിൽ തിരിച്ചെത്തി പിറ്റേ ദിവസം ഛർദ്ദിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു.
കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വർഷം മുമ്പാണ് കിഴൂരിൽ താമസമാക്കിയത്. മരണ ശേഷം വീടും സ്ഥലവും മകളുടെ പേരിൽ എഴുതി വെച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലം ബുദ്ധിമുട്ടിലായ മകൾ അമ്മയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുത്ത് വില്പന നടത്താനായാണ് ഈ കൊടും ക്രുരതക്ക് മുതിർന്നത്.
മറുനാടന് മലയാളി ബ്യൂറോ