അടിമാലി: അമിത കൂലി നൽകാതിരുന്നതിന്റെ പേരിൽ അടിമാലിയിൽ വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തിയ ഐഎൻടിയുസി ചുമട്ടു തൊഴിലാളികൾ അറസ്റ്റിൽ. വ്യാപാര സ്ഥാപനത്തിലെ അതിഥി തൊഴിലാളികളെ യൂണിയൻ തൊഴിലാളികൾ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. അഞ്ച് ഗ്ലാസിറക്കാൻ 5000 രൂപ നൽകാതിരുന്നതാണ് പ്രകോപനം.

സ്ഥാപനത്തിൽ ഗ്ലാസ് ഇറക്കിയ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളി യുവാക്കളെ ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ ആറ് ഐ.എൻ.റ്റി.യു.സി യൂണിയൻ തൊഴിലാളികളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു

ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അടിമാലി ടൗണിലെ ചുമട്ടുതൊഴിലാളികളായ അടിമാലി നടുക്കുടിയിൽ അൻസാർ (37), കുഞ്ചിത്തണ്ണി പാറയിൽ അനിൽ (35), ഇരുമ്പുപാലം ചില്ലിത്തോട് മൂലേത്തൊട്ടിയിൽ റഹിം (47), കൂമ്പൻപാറ മംഗലപ്പാറ മൈതീൻ (55), കൂമ്പൻപാറ നടക്കുടി അഷ്റഫ് (39), ഇരുമ്പുപാലം കുന്നശേരി പരീത് (55) എന്നിവരെയാണ് അടിമാലി സി ഐ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആറുപേരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ തന്നെ ഇവരെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശികളായ പ്രതീപ് മഹത, നാരദ് ബർമൻ, സുഖ്ലാൽ സിന്ഡഹ എന്നിവരെയാണ് ഇവർ മർദ്ദിച്ചത്.

അഞ്ച് ഗ്ലാകുകൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിന് അയ്യായിരം രൂപ ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും അർഹതപ്പെട്ട കൂലിയായ 700യ്ക്കു പകരം 1500 രൂപവരെ നൽകാമെന്ന് കടയുടമ അറിയിച്ചിട്ടും സമ്മതിക്കാതെ ഇവർ മടങ്ങിപ്പോയി. ഒടുവിൽ ലോഡുമായി വന്ന വാഹനം മടക്കി അയക്കാൻ കടയുടമയുടെ മകനും മൂന്ന് തൊഴിലാളികളും ഗ്ലാസുകൾ ഇറക്കുന്നതു കണ്ട് പാഞ്ഞെത്തിയ ആറംഗ സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ജോയി എന്റർപ്രൈസസ് സ്ഥാപന ഉടമ മാത്യു തോമസ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി വൈകിയ പശ്ചാത്തലത്തിൽ വ്യാപാരികൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അറസ്റ്റ് നടന്നത്.