- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപ കാലാവധി കഴിഞ്ഞവർ പണമെടുക്കാൻ എത്തിയപ്പോൾ കൈമലർത്തി ജീവനക്കാർ; കണ്ണൂരിലെ റോയൽ ട്രാവൻകൂർ ഫെഡറേഷന് എതിരെ നിക്ഷേപ തട്ടിപ്പുപരാതി; പ്രതിഷേധവുമായി നിക്ഷേപകർ ഹെഡ് ഓഫീസിന് മുന്നിൽ
കണ്ണൂർ: താവക്കരയിലെ അർബൻ നിധി ലിമിറ്റഡിന് ശേഷം കണ്ണൂരിൽ വീണ്ടും നിക്ഷേപതട്ടിപ്പെന്നു പരാതി. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ ഫെഡറേഷനെന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പ്രതിഷേധവുമായി രണ്ടാം ദിനവും നിക്ഷേപകർ തടിച്ചു കൂടി.
കണ്ണൂർ നഗരത്തിലെ കാൽ ടെക്‌സിലെ ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളിന് മുൻവശമുള്ള ഉമ്പായി ടവറിൽ പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ ഫെഡറേഷനെന്ന സ്ഥാപനത്തിലാണ് നൂറുകണക്കിന് നിക്ഷേപകർ തടിച്ചു കൂടിയത്. സംസ്ഥാനത്തിനകത്തും വിദേശത്തും ശാഖകളുള്ള ഈ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നുറു കണക്കിനാളുകളുടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നു പറയുന്നു.
നിക്ഷേപ കാലാവധി കഴിഞ്ഞവർ കഴിഞ്ഞ ശനിയാഴ്‌ച്ച പണമെടുക്കാനെത്തിയപ്പോഴാണ് ജീവനക്കാർ കൈമലർത്തിയത്. ഇതോടെ തട്ടിപ്പാണെന്നു ആരോപിച്ചു നിക്ഷേപകർ ബഹളമുണ്ടാക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥാപന ഉടമകളായ സഹോദരങ്ങൾ ഒത്തുതീർപ്പിന്റെ ഭാഗമായി തിങ്കളാഴ്‌ച്ച വന്നാൽ പണം നൽകാമെന്നു നിക്ഷേപകർക്കു ഉറപ്പു നൽകുകയായിരുന്നു.
എന്നാൽ തിങ്കളാഴ്‌ച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നിക്ഷേപകർ എത്തിയപ്പോൾ ഉടമകൾ വാക്കു മാറ്റി മുങ്ങുകയായിരുന്നു. ഇതേ തുടർന്ന് നിക്ഷേപകർ ബഹളമുണ്ടാക്കുകയും ഉപരോധ സമരം നടത്തുകയും പിന്നീട് പൊലിസ് സ്റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു. ഇതേ തുടർന്ന് പൊലിസ് ഇടപെടുകയും ഉടമകളോട് പ്രശ്‌നം പരിഹരിക്കുന്നതിനായി ആവശ്യപ്പെടുകയായിരുന്നു.
നിക്ഷേപകരുടെ പരാതി രേഖാമൂലം നൽകിയാൽ കേസെടുക്കുമെന്ന് കണ്ണൂർ ടൗൺ സിഐ ബിനുമോഹൻ അറിയിച്ചു. 2019 ൽ സ്ഥാപന ഉടമകൾക്കെതിരെ സമാനമായ പരാതിയിൽ കേസെടുത്തിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെ എറണാകുളം പറവൂരിലും കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തും റോയൽ ട്രാവൻകൂറിനെതിരെ നിക്ഷേപകർ പിരിച്ചെടുത്ത പണം നൽകിയില്ലെന്ന് ആരോപിച്ചു പ്രതിഷേധിച്ചിരുന്നു.
കർഷകരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് വായ്പ നൽകൽ, ചെറുകിട ചിട്ടികൾ നടത്തൽ, കാർഷിക ഉപകരണങ്ങൾക്കും കാർഷിക പദ്ധതികൾക്കു കർഷകന് വായ്പ നൽകൽ തുടങ്ങിയവയാണ് സ്ഥാപനം നടത്തിവന്നിരുന്നത്. ഭരണകക്ഷിയിലെ കണ്ണൂരിലെ ഒരു പ്രമുഖ നേതാവിന് ഉൾപെടെ ഈ സ്ഥാപനവുമായി ബന്ധമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ