കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവും നാല് ജില്ലകളിൽ കേസുള്ള പ്രതിയുമായ ഇസ്മായിൽ കണ്ണൂരിൽ പിടിയിലായി. ആർഭാട ജീവിതവും ആഘോഷ ജീവിതവും നയിക്കാനായാണ് ഇയാൾ പ്രധാനമായും മോഷണം നടത്തുന്നത്.

ബ്രാന്റഡ് വസ്ത്രങ്ങൾ ധരിക്കാനും വിലകൂടിയ വാഹനങ്ങൾ സ്വന്തമാക്കാനുമായി മോഷണം പതിവാക്കിയ 25 കാരനാണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. കായംകുളത്ത് നിന്നും കവർന്ന 50 പവൻ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരിക്കൂർ സ്വദേശി ഇസ്മായിൽ വലയിലായത്. നാലു ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ജാമ്യത്തിൽ ഇറങ്ങി അടുത്ത മോഷണതിന് പദ്ധതി ഇടുകയാണ് പതിവ്.

നിരവധി കേസുകളാണ് ഈ ചെറുപ്പക്കാരന്റെ പേരിൽ നിലവിലുള്ളത്. കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു വീട്ടിൽ കയറി 20 പവനും ഒരുലക്ഷം രൂപയും പ്രതി കവർന്നു, പോർച്ചിൽ നിർത്തിയിട്ട എൻഫീൽഡ് ബൈക്കും തട്ടിയെടുത്ത് മുങ്ങിയ ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി ജാമ്യത്തിലറങ്ങിയ ഇസ്മായിൽ നേരെ പോയത് പത്തനംതിട്ടയിലേക്കാണ്.

അവിടെ പെൺസുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ അഞ്ചാം തീയതി കായംകുളത്ത് പൂട്ടിയിട്ട ഒരു വീട് കുത്തിത്തുറന്ന് 50 പവനും രണ്ടരലക്ഷം രൂപയും കവർന്നു. ഈ സ്വർണം വിൽക്കാൻ ശ്രമിക്കുമ്പോഴാണ് രഹസ്യ വിവരത്തെതുടർന്ന് കണ്ണൂർ ടൗൺ സിഐ ബിനു മോഹനും സംഘവും ഇസ്മായിലിനെ പിടികൂടിയത്. ഒടുവിലായി ഇയാൾ മോഷണം നടത്തിയത് കായംകുളത്താണ്. പിടിയിലാവുമ്പോൾ ഇയാളുടെ കയ്യിൽ നിന്നും കുറച്ച് സ്വർണം കണ്ടെടുത്തു.

ബാക്കി പണയമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ചതായി മനസിലായിട്ടുണ്ട്. പ്രതിയെ കായംകുളം പൊലീസിന് കൈമാറും. ആഡംബരമായി ജീവിക്കാനാണ് ബികോം ബിരുദധാരിയായ ഇയാൾ മോഷണം നടത്തുന്നത്. നാല് ജില്ലകളിൽ കേസുകളുണ്ട്. ബ്രാന്റഡ് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന ഇസ്മായിൽ ബുള്ളറ്റിലാണ് സഞ്ചരിക്കുക. സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസം. രാവിലെ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവച്ച് രാത്രി മോഷണത്തിന് ഇറങ്ങും.

ഫോണുകളും സിമ്മുകളും നിരന്തരം മാറ്റുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് പൊലീസ് പറയുന്നു. കാക്കനാടും വിയ്യൂരും കോഴിക്കോടുമൊക്കെ റിമാൻഡ് തടവുകാരനായി കഴിഞ്ഞ ഇസ്മായിൽ ജാമ്യത്തിലിറങ്ങിയാൽ ഉടൻ അടുത്ത മോഷണം ആസൂത്രണം ചെയ്തു അത് നടപ്പിലാക്കുകയാണ് പതിവ്. സ്വന്തം ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടിയിട്ടാണ് ഇയാൾ മോഷണം നടത്താറ്. മോഷണം നടത്തിയ തുകയ്ക്ക് ഇയാൾ ഹൈ ബ്രാൻഡഡ് വസ്തുക്കളും ഹൈടെക് ജീവിതവുമാണ് നയിച്ചുകൊണ്ടിരുന്നത്.