- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രീ വീണ ജോർജിനെ പോലും ഡി ആർ ഫാൻസിന് പുല്ലുവില; തലസ്ഥാനത്തെ എസ് എ ടി ആശുപത്രിയിലെ വമ്പൻ തട്ടിപ്പിൽ റിപ്പോർട്ട് പൂഴ്ത്തിവച്ച് കള്ളന്മാരെ രക്ഷിക്കാൻ നീക്കം! പിന്നിൽ ഡി ആർ അനിലിന്റെ ശിങ്കിടികളോ? സസ്പെൻഷനിലായ ലേ സെക്രട്ടറിയെ ആരുമറിയാതെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാക്കാൻ നീക്കം
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ കണ്ടെത്തിയ സാമ്പത്തിക-നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡി എം ഇ പൂഴ്ത്തിവെയ്ക്കുന്നതായി ആരോപണം. ഇതിനു പിന്നിൽ തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുണ്ടായിരുന്ന ഡി ആർ അനിലിന്റെ ശിങ്കിടികളാണ് (ഡി ആർ ഫാൻസ്) എന്ന ആരോപണവുമുണ്ട്. തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ എല്ലാ പ്രശ്നമുണ്ടാക്കുന്നത് ഡി ആർ ഫാൻസ് എന്ന് അറിയപ്പെടുന്ന സിപിഎമ്മുകാരാണ് എന്നാണ് ആക്ഷേപം.
എസ്എടി ആശുപത്രിയിലെ ലേ സെക്രട്ടറി മൃദുലകുമാരിയെ മന്ത്രി വീണ ജോർജ് നോരിട്ടെത്തി സസ്പെന്റ് ചെയ്തത് കഴിഞ്ഞ വർഷമായിരുന്നു. ഉറ്റ ബന്ധുക്കളായ ഏഴു പേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തര നടപടി ഉണ്ടായത്. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകൾ നശിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. എസ്എടി ആശുപത്രിയിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിയമനങ്ങളെല്ലാം നടന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു. തിരുവനന്തപുരം കോർപറേഷൻ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണനിഴലിലായ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പങ്കിനെപ്പറ്റിയും ആക്ഷേപമുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവു പ്രകാരം ഡയറക്ടറേറ്റിലെ സീനിയർ അഡ്മിനിസ്ര്ടേറ്റീവ് ഓഫീസർ ജയ ഡി വിയുടെ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളാണ് മൃദുല കുമാരിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കണ്ടെത്തിയത്.
എന്നാൽ ലേ സെക്രട്ടറിക്ക് ജോലി തെറിച്ചെങ്കിലും കൂട്ടു കച്ചവടം നടത്തിയ മറ്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ സുഖവാസത്തിലാണ്. ഇതിനു പിന്നിൽ ഡി ആർ ഫാൻസുകാരാണ് എന്ന ആരോപണമാണ് നിലനിൽക്കുന്നത്. ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടിൽ നിന്നും ലേ സെക്രട്ടറി ഉൾപ്പടെയുള്ള ചില ഉദ്യോഗസ്ഥർ ബാങ്ക് സ്റ്റേറ്റ്മെന്റിൽ കൃത്രിമം കാണിച്ച് നിയമ വിരുദ്ധമായി വൻ തുകകൾ ബോണസ് ഇനത്തിൽ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകിയ ഇനത്തിൽ ലക്ഷങ്ങളുടെ അഴിമതിയാണ് ഇക്കൂട്ടർ നടത്തിയിരിക്കുന്നത്. താൽക്കാലിക ജീവനക്കാരുടെ പ്രതിദിന ശമ്പളം 750 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇതിനു വിരുദ്ധമായി 950 രൂപയാണ് ജീവനക്കാർക്ക് നൽകി വരുന്നത്. കൂടാതെ താൽക്കാലിക ജീവനക്കാരുടെ പെൻഷൻ പ്രായം 65 ആക്കി ഉത്തരവിറക്കുകയും, ആശുപത്രി ഫണ്ടിൽ നിന്നും ഇൻസെന്റീവിനു അർഹതയില്ലാത്ത ലേ സെക്രട്ടറി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് തുടങ്ങിയവർ വൻ തുകകൾ ഈ ഇനത്തിൽ വാങ്ങിക്കൊടുത്തു. ഇത്തരത്തിൽ ഞെട്ടിക്കുന്ന തട്ടിപ്പുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
ഈ റിപ്പോർട്ടിന്മേൽ ബന്ധപ്പെട്ടവർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നിലവിലെ ആരോപണം. ചട്ടങ്ങൾ പാലിക്കാതെ നടത്തിയ പർച്ചേഴ്സിനെക്കുറിച്ചും, ബാങ്ക് ഇടപാട് നടത്തിയ പ്രധാന ഫയലുകളും ഡി എം ഇ ഇതുവരെയും സർക്കാരിനു കൈമാറിയിട്ടില്ല. ഇത് കൈമാറിയാലെ സർക്കാരിന് വിജിലൻസ് അന്വേഷണത്തിനു ഉത്തരവിടാൻ സാധിക്കുകയുള്ളു. ഇത് അട്ടിമറിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
അതേസമയം സസ്പെൻഷനിലായ ലേ സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി നിയമിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. മറ്റ് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ (സെക്ഷൻ ക്ലർക്ക് വി കലമോൾ, ശിവകുമാർ) ഉൾപ്പടെയുള്ളവർ സർവ്വീസിൽ തുടരുന്നുമുണ്ട്. ഇവരെ സംരക്ഷിക്കുന്നത് ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണെന്നുമാണ് വിവരം.