- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ലക്ഷം നൽകിയാൽ ഇസ്രയേലിൽ വിസിറ്റിങ് വിസയിൽ ജോലി നൽകാമെന്ന് വാഗ്ദാനം; മുന്നും പിന്നും നോക്കാതെ പണം നൽകിയവർ കുടുങ്ങി; പത്രത്തിനൊപ്പം നോട്ടീസ് വിതരണം ചെയ്തു ഇരകളെ പിടിച്ചു; ഇരിട്ടിയിൽ നിന്നും മാത്രം തട്ടിയെടുത്തത് ആറ് കോടിയോളം രൂപ; തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഇസ്രയേലിലുള്ള ഡെയ്‌സി തോമസെന്ന് ആരോപണം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിട്ടിയോട് ചേർന്ന കിളിയന്തറ പ്രദേശത്ത് ഇസ്രയേലിലേക്ക് പോകാൻ എന്ന വ്യാജേന നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഇസ്രയേലിൽ ജീവിക്കുന്ന ഇരിട്ടി സ്വദേശികളാണ് ഇതിനു പിന്നിൽ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി 5-6 ലക്ഷം രൂപ വീതമാണ് ഇവർ വാങ്ങിയത്. മാസങ്ങൾക്ക് മുമ്പ് നിരവധി യുവാക്കളിൽ നിന്നും ഇവർ പണം തട്ടിയെടുത്തു. എന്നാൽ കുറച്ചു മാസങ്ങൾക്കിപ്പുറവും കാര്യമായ നീക്കുപോക്ക് ഇല്ലാത്തത് ആളുകളിൽ സംശയമുളവാക്കി. പിന്നീട് അന്വേഷിച്ചപ്പോൾ ഇവർ ഫോൺ പോലും അറ്റൻഡ് ചെയ്യാതെയായി. അതോടെയാണ് തട്ടിപ്പിന്റെ കഥ ആളുകൾക്ക് മനസ്സിലായത്.
ഇസ്രയേലിലേക്ക് പോകാം എന്ന സ്വപ്നത്താൽ പലരിൽ നിന്നും കടം വാങ്ങിയും വായ്പയ്ക്ക് പണം എടുത്തുമാണ് നിരവധി ആളുകൾ ഇവർക്ക് പണം കൈമാറിയത്. മൂന്നു പേരാണ് ഈ റാക്കറ്റിന് പിന്നിൽ ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കെതിരെ ഇപ്പോൾ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇരിട്ടി കിളിയന്തറ സ്വദേശിനിയായ ഡെയ്‌സി തോമസ് ഇസ്രയേലിൽ നിന്നുകൊണ്ട് നാട്ടിലുള്ള അമ്മായിയച്ഛനെയും പാർട്ണറെയും ഉപയോഗിച്ചുകൊണ്ട് ആളുകളെ ക്യാൻവാസ് ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവ് ജോജി മാത്യു നാട്ടിലുണ്ട്. ഇയാൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ആരോപണം.
നിരവധിപേരിൽ നിന്ന് ഏകദേശം 6 കോടിയോളം രൂപ ഇവർ തട്ടിയെടുത്തു എന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞദിവസം പറ്റിക്കപ്പെട്ടതിൽ ഒരാൾ ഇവരുടെ വീടിന് മുന്നിൽ ചെന്ന് ബഹളം വെച്ചിരുന്നു. പ്രശ്‌നം വഷളായപ്പോൾ ഇതിൽ ചില ആളുകളുടെ അടുത്ത് പണം തിരികെ തരാനായി കുറച്ച് ദിവസത്തെ അവധി ഇവർ ചോദിച്ചിട്ടുണ്ട്. എന്നാൽ വലിയ തുക മുടക്കിയ ചില ആളുകളുടെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും ആയില്ല. ഇവർ പൊലീസിൽ കേസുകൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഡെയ്‌സിയെയും ഭർത്താവിനെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിനായി ഡെയ്‌സി
ഇസ്രയേലിലേക്ക് പോകാൻ ആളുകളെ പറഞ്ഞു പറ്റിച്ചു തട്ടിപ്പ് നടത്തിയതിൽ ഡെയ്‌സി എന്ന യുവതിയാണ് മാസ്റ്റർ ബ്രെയിൻ. ഇവർ ഇസ്രയേലിൽ ഇരുന്നുകൊണ്ട് ആളുകളെ ഫോണിൽ ബന്ധപ്പെട്ട് ഇസ്രയേലിലേക്ക് കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് കാര്യങ്ങൾ ഓപ്പറേറ്റ് ചെയ്തത്. ഇവരോടൊപ്പം കാര്യങ്ങൾ പ്ലാൻ ചെയ്യുവാനും ആളുകളെ വിളിക്കുവാനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കൃത്യമായ പ്ലാനിങ് ഓടുകൂടിയാണ് കാര്യങ്ങൾ നടത്തിയത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഇസ്രയേലിലേക്ക് പോകാൻ ആറുലക്ഷം മാത്രം മുടക്കിയാൽ മതി എന്നുള്ള രീതിയിൽ ഡെയ്‌സിയുടെ പിതാവ് നാട്ടിലെ പത്രങ്ങളോടൊപ്പം നോട്ടീസും വിതരണം ചെയ്തു. ഈ നോട്ടീസ് കണ്ടും ഡെയ്‌സിയുടെ ഫോൺവിളിയിലൂടെയുള്ള വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്ന സംസാര രീതിയും സാധാരണക്കാരായ ആളുകൾ ഇവരുടെ ചതിവലയിൽ വീഴുവാൻ കാരണമായി. പണം കൊടുക്കുവാൻ തയ്യാറായ ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങിയതാകട്ടെ ഡെയ്‌സിയുടെ അമ്മായിയച്ഛനും. പണം വാങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിലേക്ക് കൊണ്ടുപോയതോടെയാണ് സംശയം ഉളവായത്.
എന്നാൽ ഇസ്രയേലിലേക്ക് പോകുവാൻ വിസിറ്റിങ് വിസ നൽകാം എന്നു പറഞ്ഞാണ് ഇവർ ആളുകളെ വഞ്ചിച്ചത്. പക്ഷേ ഇസ്രയേലിലെ നിയമപ്രകാരം വിസിറ്റിങ് വിസയിൽ ആളുകൾ ചെന്നാൽ അവിടെ ജോലി എടുക്കാൻ കഴിയുകയില്ല. ടൂറിസ്റ്റുകൾക്ക് മാത്രമാണ് അവിടെ വിസിറ്റിങ് വിസയിൽ ചെല്ലുവാൻ കഴിയുന്നത്. ഇത് മനസ്സിലാക്കാതെയാണ് പലയാളുകളും ഇവർക്ക് പണം കൈമാറിയിട്ടുള്ളത്. പ്രശ്‌നം വഷളായപ്പോൾ ചില ആളുകൾക്ക് നൽകിയ പണത്തിൽ കുറച്ചു തുകയെങ്കിലും തിരികെ നൽകി പ്രശ്‌നം പുറത്തറിയാതെ ഒത്തുതീർക്കാനുള്ള ശ്രമവും നടന്നു. എന്നാൽ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ ഇവർ വാങ്ങിയതിനാൽ എല്ലാവർക്കും ഉള്ള പണം തിരികെ നൽകാൻ കഴിഞ്ഞില്ല. ഇത് പ്രശ്‌നം വഷളാക്കി.
ഡെയ്‌സിയുടെ ഭർതൃപിതാവ് നേരിട്ട് പണം വാങ്ങാൻ എത്തി പണം വാങ്ങി എന്നാണ് മുഖം വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരാൾ മറുനാടൻ മലയാളിയുടെ അടുത്ത് പറഞ്ഞത്. എന്നാൽ ഇപ്പോൾ ആളുകൾ പ്രശ്‌നമുണ്ടാക്കിയ ശേഷം ഡെയ്‌സിയുടെ അമ്മായിയപ്പൻ ആളുകൾക്ക് മുഖം കൊടുക്കാതെ മുങ്ങി നടക്കുകയാണ്. ഇയാൾ ഇപ്പോഴും കിളിയന്തറയിൽ താമസമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇയാളുടെ പേരിൽ ഉണ്ട് എങ്കിലും ഇത് മുഴുവൻ ഇപ്പോൾ ഭാര്യയുടെ പേരിൽ എഴുതി വെച്ചിരിക്കുകയാണ്. കേസ് വന്നു കഴിഞ്ഞാൽ താൻ പാപ്പരായി എന്ന് പറയാനാണ് ഇയാൾ ഇത്തരത്തിൽ ചെയ്തത് എന്ന് വഞ്ചിക്കപ്പെട്ട ഒരാൾ പറയുന്നു.
ഡെയ്‌സിയും ഭർത്താവും പിതാവും കൂടെ ഒരു പാർട്ണറും തട്ടിപ്പിന് പിന്നിൽ ഉണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പരിചയമുള്ള ആളുകളെയും പോരാത്തതിന് നാട്ടുകാരെയും ഉൾപ്പെടെ ഇവർ ഇസ്രയേലിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് പണം വാങ്ങിയിട്ടുണ്ട്. ഇസ്രയേലി കൊണ്ടുപോകാം എന്ന് പറഞ്ഞ് നോട്ടീസ് വിതരണം ചെയ്തത് ഡെയ്‌സിടെ പിതാവ് തന്നെയാണ്. ഇവരെ കേസിൽ പ്രതി ചേർക്കണോ എന്നുള്ള ആലോചനയിലാണ് ഇപ്പോൾ പൊലീസ്. ഏതായാലും പ്രശ്‌നം ഗുരുതരമായതിനാൽ ഡെയ്‌സിയെയും ഭർത്താവിനെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം പൊലീസ് നടത്തും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്