ആര്‍ പീയൂഷ്‌

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ലേണിങ് ആപ്പായ സൈലം ലേണിങ് ആപ്പിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ ആദായനികുതി റെയ്ഡ്. വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നതെന്നാണ് ഇന്‍കം ടാക്സ് അധികൃതര്‍ നിന്നും അറിയിച്ചത്.

കോടികളുടെ നികുതി വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ചാരിറ്റിയുടെ മറവിലും തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പണം നേരിട്ട് നല്‍കാന്‍ പാടില്ല. അക്കൗണ്ട് വഴിയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നല്‍കിയതിലും ക്രമക്കേടുകള്‍ ഉണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെ മുതല്‍ കേഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടന്നത്. ഉച്ചയ്ക്ക് ശേഷം എറണാകുളം പാലാരിവട്ടത്തെ ബ്രാഞ്ചിലും പരിശോധന നടന്നു. ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. അതിനാല്‍ തന്നെ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

അതേ സമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ സൈലം ഉടമകളില്‍ ഒരാള്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള പക പോക്കലാണ് റെയ്ഡിന് പിന്നിലെന്നാണ് ഉടമകളുടെ പ്രതികരണം.