- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജാഫർ ഭീമന്റവിട ചില്ലറക്കാരനല്ല; കണ്ണൂരിലെ എൻഐഎ അറസ്റ്റ് അതിനിർണ്ണായകം
കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ എൻഐഎ തിരഞ്ഞ ഒരാൾ കണ്ണൂരിൽ പിടിയിലാകുമ്പോൾ പുറത്തു വരുന്നത് നിർണ്ണായക വിവരങ്ങൾ. ജാഫർ ഭീമന്റവിടയാണ് പിടിയിലായത്. ഇയാളെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ പിഎഫ്ഐയുടെ ആയുധ പരിശീലകനാണെന്നു എൻഐഎ പറയുന്നു. ദീർഘ നാളായി ജാഫർ ഒളിവിലായിരുന്നു. പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. കേസിൽ 59-ാം പ്രതിയാണ്.
2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്നും ഇയാൾക്കെതിരായ ആരോപണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ജാഫർ തീവ്ര സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്നു എൻഐഎ വ്യക്തമാക്കി. കൈവെട്ട് കേസിൽ കണ്ണൂരിൽ നിന്നും സവാദ് അറസ്റ്റിലായത് ആഴ്ചകൾക്ക് മുമ്പാണ്. സാവദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ജാഫറിനെ കുറിച്ചുള്ള വിവരം കിട്ടിയതെന്നും സൂചനയുണ്ട്.
ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ജാഫർ ഭീമന്റവിട. പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകൾക്ക് ആയുധപരിശീലനം നൽകിയിരുന്നത് ജാഫറാണെന്നാണ് എൻഐഎ കണ്ടെത്തൽ. എൻഐഎ സംഘവും കേരള പൊലീസിലെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ജാഫർ പിടിയിലായത്.
2047നകം കേരളത്തിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിലും വിവിധ വ്യക്തികളെ കേന്ദ്രീകരിച്ചും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടെന്ന കേസിലാണ് ഭീമന്റവിട ജാഫറിനെ എൻഐഎ പിടികൂടിയത്. കേസിൽ അറസ്റ്റിലാകുന്ന 59ാമത്തെ വ്യക്തിയാണ് ജാഫർ. ആകെ 60 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
വിവിധ സമുദായങ്ങളിലെ അംഗങ്ങളെയും നേതാക്കളെയും വധിക്കാൻ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പിഎഫ്ഐ ഹിറ്റ് സ്ക്വാഡുകൾ രൂപീകരിച്ചു പരിശീലനം നൽകി എന്നതിനു തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ അന്വേഷണമാണ് നിർണ്ണായകമായത്. സവാദിൽ നിന്നും വ്യക്തമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മാട്ടൂൽ സൗത്തിൽ താമസിച്ചിരുന്ന 38കാരൻ ജാഫർ അഷ്റഫാണ് ജാഫർ ഭീമന്റവിട. ഇയാളെ വിശദ ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എൻഐഎ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ജാഫറിന്റെ കേസിലെ ബന്ധത്തെ കുറിച്ച് എൻഐഎ ഇനിയും വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതീവ രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ്.
കണ്ണൂർ റൂറലിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിർണ്ണായക നീക്കം ഉണ്ടായത്. ആഴ്ചകൾക്ക് മുമ്പ് കണ്ണൂരിൽ നിന്നും കൈവിട്ട് കേസിലെ പ്രതിയേയും നാടകീയമായി കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ആറുമണിക്ക് മറ്റൊരു നിർണ്ണായക അറസ്റ്റും കണ്ണൂരിൽ നിന്നും എൻഐഎ നടത്തുന്നത്. 68 പ്രതികൾ കേസിലുണ്ടെന്നാണ് എൻഐഎയുടെ ഇപ്പോഴത്തെ നിഗമനം. കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുകാർ ഒളിത്താവളം സൃഷ്ടിക്കുന്നത് എങ്ങനെയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്. കൈവെട്ട് കേസിലെ പ്രതി സവാദും ദീർഘകാലം ഒളിവിൽ താമസിച്ചത് കണ്ണൂരിലാണ്.
പാലക്കാട്ടെ കൊലക്കേസിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ പല ഭാഗത്തുള്ളവരെ ഏകോപിപ്പിച്ച ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിരുന്നു. എൻഐഎ അന്വേഷണത്തിൽ ഈ ഗൂഢാലോചന തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ അറസ്റ്റ്. ഈ പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ളവർ പാലക്കാട്ടെ കൊലപാതകത്തിൽ പല തരത്തിൽ പങ്കാളിയായെന്നാണ് എൻഐഎ കണ്ടെത്തൽ.