- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസി ജോർജ്ജിനില്ലാത്ത കൊമ്പ് ജലീലിന് ഉണ്ടോ എന്ന് വൈകാതെ അറിയാം; ഇരുവകുപ്പുകളിലുമായി പരമാവധി 8 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ തവനൂർ എംഎൽഎയ്ക്കെതിരെ; സഭാ സമ്മേളനം കഴിഞ്ഞാൽ പൊലീസിന് അറസ്റ്റ് ഒഴിവാക്കാനാകില്ല; ജലീൽ അഴിക്കുള്ളിലാകുമോ?
പത്തനംതിട്ട: നിയമസഭാ സമ്മേളനം നടക്കുമ്പോൾ എംഎൽഎ അറസ്റ്റു ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. അതുകൊണ്ട് തന്നെ സഭാ സമ്മേളനം ജലീലിന് ആശ്വാസമാണ്. കശ്മീർ വിഷയത്തിൽ വിവാദപരാമർശം നടത്തിയ മുന്മന്ത്രി കെ.ടി.ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്‌ഐആർ വരുമ്പോൾ അറസ്റ്റ് സ്വാഭാവികമാണ്.
ഭരണഘടനയെ അപമാനിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി പരാമർശം നടത്തുകയും ചെയ്‌തെന്ന നിലയിൽ ഐപിസി 153 (ബി), നാഷനൽ ഓണർ ആക്ട് സെക്ഷൻ 2 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവകുപ്പുകളിലുമായി പരമാവധി 8 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. അതുകൊണ്ട് തന്നെ കേസിൽ ജാമ്യമില്ല. പൂഞ്ഞാർ എംഎൽഎയായിരുന്ന പിസി ജോർജിനെ രണ്ടു തവണയാണ് അറസ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ ജലീലിനേയും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ട്. എന്നാൽ അതിന് സർക്കാർ തുനിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽവരുന്ന കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽരാജ്യമായ പാക്കിസ്ഥാൻ ബല പ്രയോഗത്തിലൂടെ കയ്യടക്കിവച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും തെറ്റായും പ്രകോപനപരമായും വിശേഷിപ്പിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഭരണഘടനയെയും സർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ, തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാസാഹിപ്പിക്കും വിധമുള്ള പ്രസ്താവനയിറക്കിയെന്നും ഇതുവഴി ദേശീയതയെയും രാജ്യത്തിന്റെ അഖണ്ഡതയെയും വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
എംഎൽഎ സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് ജലീലിനെതിരെ കീഴ്‌വായ്പൂര് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഴുമറ്റൂർ സ്വദേശി അരുൺ മോഹൻ നൽകിയ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി നിർദ്ദേശം നൽകിയതിനെത്തുടർന്നായിരുന്നു നടപടി. പൊലീസ് പരാതി കൊടുത്തിട്ടും കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയിലേക്ക് പരാതിക്കാരൻ പോയത്. ആർഎസ്എസ് നേതാവാണ് അരുൺ മോഹൻ. കോടതി ഇടപെടൽ കാരണമാണ് ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
സ്വാഭാവികമായും ഇത്തരമൊരു വകുപ്പ് ചുമത്തിയാൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പിൽ ഹാജരാക്കേണ്ടി വരും. ഇയാൾ പ്രശ്‌നമാകും എന്ന കെകെ ശൈലജ ടീച്ചറുടെ നിയമസഭയിലെ 'ആത്മഗത്തോട്' ജലീലിന്റെ പ്രതികരണവും രസകരമായിരുന്നു. ഇന്ന് നിയമസഭയിൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 %-ഇതായിരുന്നു ജലീലിന്റെ പോസ്റ്റ്. ഇതിൽ പല അർത്ഥങ്ങളുമുണ്ട്. എന്നാൽ സ്വർണ്ണ കടത്തിൽ ജലീലിനും എല്ലാം അറിയാം. അതുകൊണ്ട് തന്നെ കേരളാ പൊലീസ് ജലീലിനെ അറസ്റ്റു ചെയ്താൽ എന്തുണ്ടാകുമെന്ന് ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ സർക്കാർ കരുതൽ എടുക്കും.
ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജലീലിന് ജാമ്യം എടുക്കേണ്ടി വരും. നിയമസഭാ സമ്മേളനം ഇപ്പോൾ നടക്കുന്നുണ്ട്. അതു കഴിഞ്ഞാൽ അറസ്റ്റ് ചെയ്യാത്തതിലെ വിവാദം പുതിയ തലത്തിലെത്തും. ഇതെല്ലാം കണക്കിലെടുത്ത് ജലീൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കും. എന്നാൽ മുൻകൂർ ജാമ്യം കോടതി നിഷേധിച്ചാൽ അതും പ്രതിസന്ധിയായി മാറും.
മറുനാടന് മലയാളി ബ്യൂറോ