തിരുവനന്തപുരം:ജെസ്‌ന തിരോധാന കേസിൽ തുമ്പൊന്നും കിട്ടാതെ സിബിഐ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകിയതോടെ സത്യമറിയണമെന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ജെസ്‌ന കയ്യെത്തും ദൂരത്ത് വന്നതാണെന്നും അപ്പോഴാണ് ലോക്ഡൗൺ തടസ്സമായതെന്നും മുൻ ഡിജിപി ടോമിൻ തച്ചങ്കരി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ, കേസിൽ പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് മുൻ ക്രൈം ബ്രാഞ്ച് എസ്‌പി. കെ.ജി. സൈമൺ പറഞ്ഞു.

കേസ് അവസാനിപ്പിച്ചത് താൽക്കാലികമായാണെന്നും സിബിഐ. അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തെ കുറിച്ച് സിബിഐക്ക് ആക്ഷേപമില്ല. സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സമൂഹത്തിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതുപോലുള്ള കാര്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2018 മാർച്ച് 22-ന് വെച്ചൂച്ചിറ മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌നയെയാണ് പിന്നീട് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ജെസ്‌ന എവിടെയാണെന്നോ എങ്ങോട്ടാണ് പോയതെന്നോ കണ്ടെത്താനായില്ല. 2021-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേസ് സിബിഐ. ഏറ്റെടുത്തപ്പോൾ ഏവരും പ്രതീക്ഷയിലായിരുന്നു. പക്ഷേ, രണ്ടരവർഷത്തോളംനീണ്ട സിബിഐ. അന്വേഷണത്തിലും ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായില്ല.

തച്ചങ്കരി പറഞ്ഞത്

ജെസ്ന തിരോധാനക്കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് സാങ്കേതിക നടപടി മാത്രമെന്ന് ടോമിൻ ജെ തച്ചങ്കരി. ജെസ്ന ഒരു മരീചികയൊന്നുമല്ല. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കിൽ സിബിഐക്ക് തുടർന്നും അന്വേഷിക്കാൻ സാധിക്കുമെന്നും മുൻ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരി പറഞ്ഞു.

പ്രപഞ്ചത്തിൽ എവിടെ അവർ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. രാജ്യത്തെ ഏറ്റവും മികച്ച ഏജൻസിയാണ് സിബിഐ. സിബിഐയിൽ പൂർണ വിശ്വാസമുണ്ട്. ക്ലോഷർ റിപ്പോർട്ട് നൽകിയത് സാങ്കേതികം മാത്രമാണ്. കുറേക്കാലം അന്വേഷിച്ചിട്ടും കൃത്യമായ ലീഡ് ലഭിച്ചില്ലെങ്കിൽ ക്ലോഷർ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇതിൽ നിരാശരാകേണ്ട കാര്യമില്ല. കേസ് പൂർണമായി അടഞ്ഞു എന്നു കരുതേണ്ടതില്ലെന്നും തച്ചങ്കരി പറഞ്ഞു.

കയ്യെത്തും ദൂരത്തു ജെസ്ന എത്തിയെന്നു കരുതിയിരുന്ന ഒരു സമയമുണ്ട്. അപ്പോഴാണ് കോവിഡ് വന്നത്. കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. ആ സമയത്താണ് കുടുംബം കോടതിയിൽ പോയതും കേസ് സിബിഐക്ക് കൊടുക്കുകയും ചെയ്തത്.

ജെസ്ന തിരോധാനത്തിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. ആരും മനപ്പൂർവം കുറ്റങ്ങൾ ചെയ്തിട്ടില്ല. നൂറുകണക്കിന് കേസുകൾ ലോക്കൽ പൊലീസിന് അന്വേഷിക്കാനുണ്ട്. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല. ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വർഷം കഴിഞ്ഞാണ് യഥാർത്ഥ ചിത്രം കിട്ടിയതെന്ന് ടോമിൻ തച്ചങ്കരി അഭിപ്രായപ്പെട്ടു.