- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസ്‌ന അന്ന് തമിഴ്നാട്ടിൽ ഉണ്ടായിരുന്നുവെന്ന് തച്ചങ്കരി
കൊച്ചി: ജെസ്‌നയെ കണ്ടെത്താനാകുമെന്ന് ഒരിക്കൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവി ടോമിൻ തച്ചങ്കരി. മുക്കുട്ടുതറയിൽ നിന്നും കാണാതായ പെൺകുട്ടി തമിഴ്‌നാട്ടിലുണ്ടെന്നതിന് സൂചനകൾ കിട്ടിയിരുന്നു. കുമിളി-തേനി വഴിയാണ് അന്വേഷണം പോകേണ്ടിയിരുന്നത്. എന്നാൽ കോവിഡ് എത്തിയതോടെ എല്ലാ കണക്കുകൂട്ടലും തെറ്റി. തെളിവുകൾ നഷ്ടമായി. ഇതിനിടെ സിബിഐ എത്തി. അവരോട് എല്ലാം പറഞ്ഞു. പക്ഷേ ജെസ്‌നയെ കണ്ടെത്താനായില്ല-ടോമിൻ തച്ചങ്കരി പറഞ്ഞു. ജെസ്‌നയെ സിബിഐ കണ്ടെത്തുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും തച്ചങ്കേരി പറഞ്ഞു
സിബിഐ കോടതിയിൽ നൽകിയത് ക്ലോഷർ റിപ്പോർട്ടാണ്. അത് സാങ്കേതികത്വം മാത്രമാണ്. തെളിവുകൾക്ക് പിന്നാലെ പോകുമ്പോൾ ഒരു ശ്രേണി മുറിഞ്ഞാൽ കേസ് നഷ്ടമാകും. അതാണ് ജെസ്‌ന കേസിൽ ക്രൈംബ്രാഞ്ചിന് സംഭവിച്ചത്. കേസ് തെളിയിക്കാൻ ഭാഗ്യവും അനിവാര്യതയാണ്. അത് ഈ കേസിൽ ഇല്ലാതെ പോയി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയാണ് സിബിഐ. അവർക്ക് ഈ കേസ് തെളിയിക്കാനുള്ള കഴിവുണ്ട്. അവർ അത് ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം-മുൻ ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു. പൊലീസ് സേനയുടെ ഏറ്റവും ഉയർന്ന പദവിയിൽ ഇരുന്ന് വിരമിച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ പൊലീസ് സേനയെ കുറ്റപ്പെടുത്തുന്നുമില്ല. ആരും മനപ്പൂർവ്വം വീഴ്ചയുണ്ടാക്കിയെന്ന് കരുതുന്നുമില്ല-തച്ചങ്കരി പറഞ്ഞു.
ജെസ്‌ന കേസിൽ സിബിഐയോട് അറിയാവുന്ന വിവരങ്ങളെല്ലാം കൈമാറിയിരുന്നു. അതെല്ലാം അവരും അന്വേഷിച്ചു കാണും. സിബിഐയേയും കുറ്റം പറയാനില്ല. മതപരിവർത്തനവുമായി ബന്ധപ്പെട്ട് തെളിവില്ലെന്നാണ് സിബിഐ പറയുന്നത്. നടന്നിട്ടുണ്ടോ ഇല്ലയോ എന്നു അവർ പറയുന്നില്ല. തനിക്കും അക്കാര്യം വിശദീകരിക്കാൻ കഴിയില്ലെന്നും പൊലീസിനേയും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഒന്നും താൻ പറയില്ലെന്നും തച്ചങ്കരി വിശദീകരിച്ചു. ജെസ്‌ന ജീവനോടെ ഉണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഉറപ്പിച്ചിരുന്നുവെന്ന സൂചനയാണ് തച്ചങ്കരിയും നൽകുന്നത്.
അതിനിടെ തിരോധാനക്കേസിൽ എന്തെങ്കിലും സൂചന കിട്ടുമ്പോൾ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളതെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് അറിയിച്ചു.കേസ് സിബിഐ. അവസാനിപ്പിക്കുകയും ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'സിബിഐ. ഇപ്പോഴും കേസ് നിരീക്ഷിക്കുന്നുണ്ട്. അതിൽ എന്തെങ്കിലും സൂചന കിട്ടുമ്പോൾ തുടരന്വേഷണം ഉണ്ടാകുമെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. നല്ല രീതിയിലുള്ള അന്വേഷണമാണ് സിബിഐ. കാഴ്ചവെച്ചത്. സിബിഐ.യുടെ ഇപ്പോഴത്തെ എസ്‌പി തങ്ങളെ വിളിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയുമൊക്കെ ചെയ്യാറുണ്ട്', ജെയിംസ് പറഞ്ഞു.
'ആദ്യകാലങ്ങളിൽ ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ട്. ജസ്നയെ കാണാനില്ലെന്ന് പരാതി കൊടുത്ത് ഏഴുദിവസം കഴിഞ്ഞാണ് അവർ അന്വേഷിക്കാൻ വന്നത്. ഇതിനിടെ വഴിതിരിച്ചുവിടാൻ ചിലർ ശ്രമിച്ചപ്പോൾ ഞങ്ങൾ പറയുന്ന വഴിക്ക് അന്വേഷിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഓരോ ഊഹാപോഹങ്ങളുടെ വഴിയെ അവർ പോയപ്പോൾ സമയം പോയി. ആദ്യ രണ്ടാഴ്ച വിലപ്പെട്ട സമയം നഷ്ടമായി. അതുകൊണ്ടാണ് ജസ്നയെ കിട്ടാതെപ്പോയത്', അദ്ദേഹം കൂട്ടിച്ചേർത്തു. കൈംബ്രാഞ്ച് അന്വേഷണം നടന്നപ്പോൾ ജസ്നയെ കുറിച്ച് നിർണായക വിവരം ലഭിച്ചെന്നും കോവിഡായതുകൊണ്ടാണ് അവിടേക്ക് എത്താൻ കഴിയാത്തതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞെങ്കിലും പിന്നീടൊന്നും ഉണ്ടായില്ലെന്നും ജസ്നയുടെ പിതാവ് പറഞ്ഞു.
'ജസ്നയെ കുറിച്ച് വിവരം കിട്ടിയെന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും പറഞ്ഞില്ല. കോവിഡായിരുന്നെങ്കിലും ഒരാളെ കണ്ടുവെന്ന സൂചന കിട്ടിക്കഴിഞ്ഞാൽ തുടരന്വേഷണം നടത്താമല്ലോ. അതിനുള്ള സൗകര്യങ്ങളൊക്കെ ഇപ്പോൾ കേരള പൊലീസിനുണ്ടല്ലോ. പെൻഷൻ ആകുന്നതിന് തലേദിവസം ഇങ്ങനെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. നമുക്ക് കിട്ടേണ്ടത് ജസ്നയെയാണ്', അദ്ദേഹം വ്യക്തമാക്കി.